| Sunday, 4th February 2024, 8:10 am

യെമനിലെ 13 കേന്ദ്രങ്ങളിൽ വീണ്ടും യു.എസ്, യു.കെ ആക്രമണം; 'ഹൂത്തികൾക്കുള്ള വ്യക്തമായ സന്ദേശം'

ഡൂള്‍ന്യൂസ് ഡെസ്‌ക്

സനാ: യു.എസും യു.കെയും യെമനിലെ 13 കേന്ദ്രങ്ങളിലായി 36 പ്രാവശ്യം വ്യോമാക്രമണം നടത്തിയെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ.

ഓസ്റ്റിൻ പുറത്തുവിട്ട പ്രസ്താവനയിൽ ഓസ്ട്രേലിയ, ബഹ്‌റൈൻ, കാനഡ, ഡെന്മാർക്ക്, നെതർലാൻഡ്സ്, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള പിന്തുണയും ആക്രമണത്തിന് ലഭിച്ചതായി പറയുന്നു. യെമനിൽ നടത്തിയ ആക്രമണം അന്താരാഷ്ട്ര സമവായത്തെയാണ് പ്രതിഫലിപ്പിക്കുന്നത് എന്നാണ് യു.എസിന്റെ വാദം.

കൂട്ടമായ നടപടി ഹൂത്തികൾക്ക് വ്യക്തമായ സന്ദേശം നൽകുമെന്നും അന്താരാഷ്ട്ര കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ ഇനിയും പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും ഓസ്റ്റിൻ പറഞ്ഞു.

ലോകത്തെ ഏറ്റവും നിർണായകമായ ജലപാതയിൽ യാത്ര സുഗമമാക്കാൻ ജീവൻ ത്യജിക്കാനും മടിക്കില്ലെന്ന് ഓസ്റ്റിൻ കൂട്ടിച്ചേർത്തു.

ഹൂത്തികളുടെ ആയുധ സംഭരണ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട ഇടങ്ങളിലാണ് ആക്രമണം നടത്തിയതെന്നും ഓസ്റ്റിൻ പറഞ്ഞു.

അതേസമയം യെമനിലെ ബോംബാക്രമണത്തിൽ യു.എസിനെയും യു.കെയെയും അപലപിച്ചുകൊണ്ട് യൂറോപ്യൻ യൂണിയനിലെ ഐറിഷ് എം.പി മിക് വാലസ് രംഗത്ത് വന്നു. മറ്റ് സംസ്കാരങ്ങളോടും അന്താരാഷ്ട്ര നിയമങ്ങളോടും ഇരു രാജ്യങ്ങൾക്കും യാതൊരു ബഹുമാനവുമില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

എന്തൊക്കെ സംഭവിച്ചാലും യെമനിലെ ജനങ്ങൾ ഫലസ്തീനികൾക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗസയിലെ ആക്രമണം അവസാനിപ്പിക്കുന്നത് വരെ സയണിസ്റ്റ് ഭരണകൂടത്തിനെതിരായ ആക്രമണം തുടരുമെന്ന് ഹൂത്തിയുടെ രാഷ്ട്രീയ ബ്യൂറോ അംഗമായ മുഹമ്മദ്‌ അൽ ബുഖയ്ത്തി സാമൂഹ്യ മാധ്യമങ്ങളിൽ അറിയിച്ചു.

Content Highlight: US says Yemen strikes send ‘message’ to Houthis

Latest Stories

We use cookies to give you the best possible experience. Learn more