ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യത്തെ പിന്തുണക്കില്ല: ഇന്ത്യയെ തള്ളിയും പാക്കിസ്ഥാനെ അനുകൂലിച്ചും യു.എസ്
Daily News
ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യത്തെ പിന്തുണക്കില്ല: ഇന്ത്യയെ തള്ളിയും പാക്കിസ്ഥാനെ അനുകൂലിച്ചും യു.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 13th September 2016, 11:08 am

പാക്കിസ്ഥാന്റെ പ്രാദേശിക ഐക്യത്തെ പിന്തുണയ്ക്കുകയെന്നതാണ് സര്‍ക്കാര്‍ നയം. അതിനാല്‍ത്തന്നെ ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കില്ലെന്നും ജോണ്‍ കിര്‍ബി വ്യക്തമാക്കി


വാഷിങ്ടണ്‍: സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ബലൂചിസ്ഥാനില്‍ നടക്കുന്ന പ്രക്ഷോഭങ്ങളെ പിന്തുണയ്ക്കില്ലെന്നു യുഎസ്.

പാകിസ്താന്റെ ഐക്യവും സമഗ്രതയെയും ബഹുമാനിക്കുന്നതായും ബലൂചിസ്ഥാന്‍ സ്വാതന്ത്ര്യവാദത്തെ പിന്തുണക്കുന്നില്ലെന്നും അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ജോണ്‍ കിര്‍ബി വാര്‍ത്താസമ്മേളനത്തിനിടെയാണ് അറിയിച്ചത്.

പാക്കിസ്ഥാന്റെ പ്രാദേശിക ഐക്യത്തെ പിന്തുണയ്ക്കുകയെന്നതാണ് സര്‍ക്കാര്‍ നയം. അതിനാല്‍ത്തന്നെ ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കില്ലെന്നും ജോണ്‍ കിര്‍ബി വ്യക്തമാക്കി.

ബലൂചിസ്ഥാന്‍ വിഷയത്തില്‍ യു.എസിന്റെ നിലപാട് ആരാഞ്ഞ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള മറുപടിയായിട്ടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബലൂചിസ്ഥാന്‍ വിഷയത്തിന്റെ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നു. യു.എസ് ആര്‍ക്കൊപ്പമാണു നില്‍ക്കുകയെന്നും കിര്‍ബി ചോദിച്ചു.

ഇന്ത്യ എഴുപതാം സ്വാതന്ത്രദിനാഘോഷം നടത്തുന്ന വേളയിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ബലൂചിസ്ഥാന്‍, ഗില്‍ഗിത്, പാക് അധീന കശ്മീര്‍ എന്നിവിടങ്ങളിലെ ജനങ്ങള്‍ തന്നെയും ഭാരത്തിലെ ജനങ്ങളെയും വിശ്വസിക്കുന്നുവെന്ന് തന്റെ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയത്. ഈ പ്രസംഗം ഏറെ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.

തുടര്‍ന്ന്  തങ്ങളുടെ ആശങ്കകള്‍ പങ്കുവെച്ചതിന് ബലൂച് സമര നേതാക്കള്‍ മോദിക്ക് നന്ദി അറിയിക്കുകയും ചെയ്തിരുന്നു. നരേന്ദ്ര മോദിക്ക് നന്ദിയറിയിച്ച് ഓസ്‌ട്രേലിയയിലെ മെല്‍ബണിലും ദക്ഷിണ കൊറിയയിലെ ബുസാനിലും ബലൂചിസ്ഥാന്‍ വിമോചനവാദികളുടെ പ്രകടനവും നടന്നിരുന്നു.

അതേസമയം ബലൂചിസ്ഥാനില്‍ പാക് പട്ടാളം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്നായിരുന്നു അഫ്ഗാനിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി പ്രതികരിച്ചത്. അഫ്ഗാനിസ്ഥാനെതിരെയും ഇന്ത്യയ്‌ക്കെതിരെയും പാക് അധികൃതര്‍ നിരന്തരം പ്രസ്താവനയിറക്കാറുണ്ട്.

എന്നാല്‍ ഇത് ആദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി പാകിസ്ഥാനെ കുറിച്ച് പറയുന്നതെന്നും ഹമീദ് കര്‍സായി പറഞ്ഞിരുന്നു.