| Friday, 20th October 2023, 6:58 pm

ചൈനയുടെ ആണവായുധ ശേഖരം ദ്രുതഗതിയിൽ വർധിക്കുന്നു: യു.എസ് റിപ്പോർട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടൺ: പ്രതീക്ഷിച്ചതിലും വേഗത്തിലാണ് ചൈനയുടെ ആണവായുധ ശേഖരം വർധിക്കുന്നതെന്ന് യു.എസ്. മെയ്‌ മാസം വരെയുള്ള കണക്കുകൾ പ്രകാരം പ്രവർത്തനക്ഷമമായ 500ലധികം ആണവായുധങ്ങൾ ചൈനയുടെ കൈവശമുണ്ടെന്നും അത് ഉയർത്തുവാനുള്ള പാതയിലാണെന്നും യു.എസ് പ്രതിരോധ കേന്ദ്രമായ പെന്റഗൺ പുറത്തുവിട്ട വാർഷിക റിപ്പോർട്ടിൽ പറയുന്നു.

2030ഓടെ 1000 ആണവായുധങ്ങൾ ചൈന കൈവശപ്പെടുത്തുമെന്നും രാജ്യത്തിന്റെ ആധുനികവത്കരണം ഇതേ വർഷം പൂർത്തിയാകുമെന്ന് ഉറപ്പാക്കാൻ എല്ലാ സാധ്യതകളും വികസിപ്പിക്കുന്നത് ചൈന തുടരുമെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, 1410 ആണവായുധങ്ങൾ കൈവശമുള്ള അമേരിക്കയുടെയും 1550 ആണവായുധങ്ങൾ കൈവശമുള്ള റഷ്യയുടെയും പിന്നിലാണ് ചൈന.

2049ന് മുമ്പ് ലോകോത്തര സൈനിക ശക്തിയാകണമെന്ന ലക്ഷ്യത്തിന്റെ ഭാഗമായി പുതിയ ആയുധങ്ങൾ വികസിപ്പിക്കുന്നതിലും സൈനിക പരിശീലനം മെച്ചപ്പെട്ടതാക്കുകയും ചെയ്യുകയാണ് നിലവിൽ ചൈന.

ആണവായുധ ശേഖരത്തോടൊപ്പം, ഭൂഗണ്ഡങ്ങൾക്കപ്പുറം വിക്ഷേപിക്കാവുന്ന ബലിസ്റ്റിക് മിസൈലുകൾ വികസിപ്പിക്കുന്നതിലും ചൈന പ്രവർത്തിക്കുന്നുണ്ട്. യു.എസ്, ഹവായ്, അലാസ്ക എന്നിവിടങ്ങളിലെ ലക്ഷ്യസ്ഥാനങ്ങളെ ഭീഷണിപ്പെടുത്താനാണെന്നും ആരോപണമുണ്ട്.

ചൈനയുടെ വികസനം അടിച്ചമർത്താനും തായ്‌വാൻ ചൈനയുമായി ഏകോപിപ്പിക്കുന്നത് തടയാനും യു.എസിന്റെ ആഗോള കുത്തക നിലനിർത്താനും യു.എസ് ശ്രമിക്കുന്നുണ്ടെന്ന വിശ്വാസമാണ് ചൈനയെ പ്രതിരോധ മേഖലയിലെ ആധുനികവത്കരണത്തിന് പ്രേരിപ്പിച്ചതെന്നും പെന്റഗണിന്റെ റിപ്പോർട്ടിൽ പറയുന്നു.

ഉക്രൈനിലെ റഷ്യൻ യുദ്ധത്തിൽ നിന്ന് ചൈന പാഠങ്ങൾ ഉൾക്കൊള്ളുകയാണെന്നും റഷ്യക്ക് നേരിടേണ്ടി വന്ന ഉപരോധങ്ങളിൽ നിന്നാകാം സാമ്പത്തിക മേഖലയിലും പ്രതിരോധ മേഖലയിലും സ്വയംപര്യാപ്തത നേടുവാൻ ചൈനയെ പ്രേരിപ്പിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

Content Highlight: US says China has significantly expanded its nuclear arsenal

We use cookies to give you the best possible experience. Learn more