World News
പ്രൊപ്പഗണ്ടയും സെൻസർഷിപ്പും; തെറ്റായവിവരങ്ങൾ പ്രചരിപ്പിക്കാൻ ചൈന കോടികൾ മുടക്കുന്നുവെന്ന് യു.എസ്
വാഷിങ്ടൺ: ആഗോളതലത്തിൽ പേരുണ്ടാക്കിയെടുക്കാൻ ചൈന പ്രതിവർഷം കോടിക്കണക്കിന് ഡോളർ ചെലവഴിക്കുന്നുവെന്ന ആരോപണവുമായി യു.എസ്.
‘പ്രൊപ്പഗാണ്ട പ്രചരിപ്പിക്കുവാനും സെൻസർഷിപ്പ് നടപ്പാക്കാനും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുവാനും ഒരു ആഗോള ഇൻഫർമേഷൻ സിസ്റ്റം നിർമിക്കുന്നതിന് ചൈന കോടികളുടെ നിക്ഷേപം നടത്തിയിട്ടുണ്ട്,’ യു.എസ് ദേശീയ വക്താവ് പ്രസ്താവനയിൽ പറഞ്ഞു.
ഇത് സംബന്ധിച്ച റിപ്പോർട്ട് ഗ്ലോബൽ എൻഗേജ്മെന്റ് സെന്റർ പ്രസിദ്ധീകരിച്ചതിന് പിന്നാലെയായിരുന്നു യു.എസിന്റെ പ്രസ്താവന.
അന്താരാഷ്ട്ര ഇൻഫർമേഷൻ മേഖലയെ വഞ്ചനാമാർഗങ്ങൾ ഉപയോഗിച്ച് സ്വാധീനിക്കുന്നുവെന്നും തങ്ങളുടെ നേട്ടത്തിനായി അന്താരാഷ്ട്ര ഇൻഫർമേഷൻ മേഖലയെ വളച്ചൊടിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
‘പരിശോധന നടത്തിയിട്ടില്ലെങ്കിൽ, ചൈനയുടെ ശ്രമങ്ങൾ ആഗോള ഇൻഫർമേഷൻ വ്യവസ്ഥയെ മാറ്റിമറിക്കും. രാഷ്ട്രങ്ങൾ തമ്മിൽ വിടവുകൾ ഉണ്ടാവുകയും പക്ഷഭേദങ്ങൾ ഉണ്ടാവുകയും ചെയ്യും. ചൈനയുടെ താല്പര്യങ്ങൾക്ക് വിധേയമായി രാഷ്ട്രങ്ങൾ സാമ്പത്തിക, സുരക്ഷാ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിലേക്ക് അത് നയിക്കും,’ റിപ്പോർട്ടിൽ പറയുന്നു.
ചൈനീസ് സർക്കാരിന്റെ ചൈന സെൻട്രൽ ടെലിവിഷൻ (സി.സി.ടി.വി) 1,700 വിദേശ സ്ഥാപനങ്ങൾക്കും മാധ്യമ ഗ്രൂപ്പുകൾക്കും സൗജന്യ വീഡിയോ ഫുട്ടേജുകളും ന്യൂസ് സ്ക്രിപ്റ്റുകളും അയച്ചിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഷിൻജിയാങ്, തായ് വാൻ, ദക്ഷിണ ചൈന കടൽ എന്നീ വിഷയങ്ങളിൽ യൂട്യൂബിലും എക്‌സിലും ചൈന ക്യാമ്പയിനുകൾ നടത്തിവരുന്നുണ്ട്. ചൈനയുടെ ദേശീയ മാധ്യമങ്ങൾ ലോകത്തെ പരമ്പരാഗത, ഓൺലൈൻ മാധ്യമങ്ങളുമായി എഡിറ്റോറിയൽ പങ്കാളിത്തത്തിൽ എത്തുകയും ചിലപ്പോൾ വാർത്താ ഔട്ലെറ്റുകളുടെ നിയന്ത്രണം വിലകൊടുത്ത് വാങ്ങുകയും ചെയ്യുന്നുണ്ട് എന്നും അൽജസീറ റിപ്പോർട്ട് ചെയ്തു.
സ്വയംഭരണ പ്രദേശമായ തായ് വാൻ തങ്ങളുടേതാണെന്ന അവകാശവാദം ചൈന ഉന്നയിച്ചതിന് പിന്നാലെ ചൈനീസ് മാധ്യമ യുദ്ധത്തിൽ തായ് വാൻ നിറഞ്ഞു നിൽക്കുന്നുണ്ട്.
ഉക്രൈൻ യുദ്ധം ആരംഭിച്ചത് മുതൽ റഷ്യയുടെ വിവരണമാണ് ചൈന തായ് വാനിൽ പ്രചരിപ്പിക്കുന്നതെന്ന് തായ് വാൻ വിദേശകാര്യ മന്ത്രി ജോസഫ് വു പറഞ്ഞു.
‘യുദ്ധം ആരംഭിച്ചത് യു.എസോ നാറ്റോയോ ആണെന്നും യു.എസ് ഉക്രൈനെ സഹായിക്കുന്നില്ലെന്നുമുള്ള റഷ്യൻ വിവരണമാണ് തായ് വാനിൽ ചൈന പ്രചരിപ്പിക്കുന്നത്. ഉക്രൈനും റഷ്യയും തമ്മിലുള്ള സമാധാനം യു.എസ് ആഗ്രഹിക്കുന്നില്ലെന്നും അതിനാലാണ് ഉക്രൈന് ആയുധങ്ങൾ നൽകുന്നതെന്നുമാണ് പറയുന്നത്,’ വു പറഞ്ഞു.
കഴിഞ്ഞ വർഷം തായ് വാൻ ജനതക്കിടയിൽ നടത്തിയ സർവേയിൽ യു.എസിനോടുള്ള വിശ്വാസം 10% കുറഞ്ഞതായി കണ്ടെത്തിയെന്നും വു പറഞ്ഞു.
പത്ത് ലക്ഷത്തോളം ഉയിഗുർ മുസ്‌ലിങ്ങളെ റി-എജുക്കേഷൻ ക്യാമ്പുകളിൽ പാർപ്പിച്ച് മനുഷ്യത്വ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന് ഐക്യ രാക്ഷ്ട്ര സഭ ആരോപിച്ച ഷിൻജിയാങ് മേഖലയിലും നയതന്ത്ര ഉദ്യോഗസ്ഥരെയും മാധ്യമപ്രവർത്തകരെയും കൊണ്ടുവന്ന് ലോക വീക്ഷണം മാറ്റിയെടുക്കാനും ചൈന ലക്ഷ്യമിടുന്നതായി അൽജസീറ റിപ്പോർട്ട് ചെയ്തു.
സെപ്റ്റംബറിൽ ഫ്രാൻസ്, മലേഷ്യ, ഫിലിപ്പീൻസ്, സൗദി അറേബ്യ തുടങ്ങി പന്ത്രണ്ടോളം രാജ്യങ്ങളിൽ നിന്നുള്ള 22 മാധ്യമപ്രവർത്തകർ ഈ മേഖലയിൽ ഒരാഴ്ചത്തെ സന്ദർശനത്തിന് എത്തിയിരുന്നു.
ഷിൻജിയാങ്ങിലെ സമാധാനവും ജനങ്ങളുടെ സന്തോഷവും കണ്ട് മാധ്യമ പ്രവർത്തകർ അത്ഭുതപെട്ടുവെന്ന് ചാനലിനോട് പറഞ്ഞതായി സി.സി.ടി.വി വീഡിയോ റിപ്പോർട്ട് നൽകിയിരുന്നു.
ഡൂൾന്യൂസിന്റെ വാട്സ്ആപ്പ് ചാനൽ പിന്തുടരുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക
Content Highlight: US says Beijing spending billions to spread disinformation and shape opinion in favour of China