| Saturday, 31st August 2024, 5:37 pm

ഇറാഖിലെ സംയുക്ത സൈനിക റെയ്ഡില്‍ 15 ഐ.എസ്.ഐ.എല്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു: യു.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: ഇറാഖിലെ സംയുക്ത സൈനിക റെയ്ഡില്‍ 15 ഐ.എസ്.ഐ.എല്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി അമേരിക്ക. ഇറാഖി സുരക്ഷാ സേനയുമായി ചേര്‍ന്ന് നടത്തിയ റെയ്ഡില്‍ ഐ.എസ്.ഐ.എല്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്ന് യു.എസ് മിലിട്ടറി പറഞ്ഞു. വ്യാഴാഴ്ച നടന്ന റെയ്ഡില്‍ ഏഴ് യു.എസ് സൈനികര്‍ക്ക് പരിക്കേറ്റതായും അമേരിക്കന്‍ സേന അറിയിച്ചു.

അഞ്ച് യു.എസ് സൈനികര്‍ക്ക് റെയ്ഡിനിടെയും രണ്ട് പേര്‍ക്ക് അതിനുശേഷമുണ്ടായ ഒരു വീഴ്ചയിലുമാണ് പരിക്ക് പറ്റിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സെന്റ്കോം പറയുന്നതനുസരിച്ച്, ഇറാഖ് പൗരന്മാരെ റെയ്ഡ് ഒരു രീതിയിലും ബാധിച്ചിട്ടില്ല. റെയ്ഡില്‍ നാശനഷ്ടങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നും സെന്റ്കോം പറയുന്നു. അമേരിക്കയും ഇറാഖും ചേര്‍ന്ന് രാജ്യത്തെ സംയുക്ത സുരക്ഷാ ദൗത്യത്തെ സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുന്നതിനിടെയാണ് റെയ്ഡ് നടന്നത്.

സംയുക്ത റെയ്ഡില്‍ സൈനികര്‍ ഗ്രനൈഡ് അടക്കമുള്ള സ്ഫോടകവസ്തുക്കളും ആയുധങ്ങളും ഉപയോഗിച്ചതായി സെന്റ്കോം പറഞ്ഞു. ഐ.എസ്.ഐ.എല്‍ ക്യാമ്പുകളെ ലക്ഷ്യംവെച്ച് വ്യോമാക്രമണം നടത്തുകയായിരുന്നുവെന്ന് ഇറാഖ് സൈന്യവും പ്രതികരിച്ചു.

കൊല്ലപ്പെട്ടവരില്‍ ഐ.എസ്.ഐ.എല്ലിന്റെ പ്രധാന നേതാക്കള്‍ ഉണ്ടായിരുന്നെന്നും ആക്രമണത്തിന് ശേഷം സംഭവസ്ഥലത്ത് നിന്ന് പ്രധാനപ്പെട്ട രേഖകളും ഉപകരണങ്ങളും കണ്ടെത്തിയതായും ഇറാഖ് സൈന്യം പറഞ്ഞു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇറാഖില്‍ ഏകദേശം 2,500 യു.എസ് സൈനികര്‍ നിലയുറച്ചിട്ടുണ്ട്. ഇവര്‍ ഇറാഖി സേനയുമായി ചേര്‍ന്നാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. ഐ.എസിനെതിരായ പ്രതിരോധ സഖ്യത്തിന്റെ ഭാഗമായി 900 യു.എസ് സൈനികരെ സിറിയയിലും വിന്യസിച്ചിട്ടുണ്ട്.

അതേസമയം ഒക്ടോബര്‍ ഏഴിന് ഫലസ്തീന്‍ സായുധ സംഘടനായ ഹമാസ് തെക്കന്‍ ഇസ്രഈലില്‍ ആക്രമണം നടത്തിയതിന് പിന്നാലെ പശ്ചിമേഷ്യയിലെ സമാധാന അന്തരീക്ഷം വഷളായിരുന്നു. ഗസയിലെ ഫലസ്തീനികള്‍ക്കെതിരെ ഇപ്പോഴും ഇസ്രഈല്‍ അതിക്രമം തുടരുകയാണ്. ഈ സാഹചര്യത്തില്‍ ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ച ഇറാനെതിരെയും മറ്റു സായുധ സംഘങ്ങള്‍ക്കെതിരെയും ഇസ്രഈല്‍ ആക്രമണം നടന്നിരുന്നു.

ഈ ആക്രമണങ്ങള്‍ ഇറാഖിലെയും സിറിയയിലെയും സംയുക്ത സേനയെ കാര്യമായി ബാധിക്കുകയും ചെയ്തു. ഓഗസ്റ്റ് ആദ്യവാരത്തില്‍ ഇറാഖിലെ സൈനിക താവളത്തിന് നേരെ നടന്ന ആക്രമണത്തില്‍ അഞ്ച് യു.എസ് സൈനികര്‍ക്ക് പരിക്കേറ്റിരുന്നു. ഇരു രാജ്യങ്ങളിലെയും യു.എസ് സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാനിലെ സായുധ സേനകളും ആക്രമണം നടത്തിയിരുന്നു.

Content Highlight: US says 15 ISIL operatives killed in joint military raid in Iraq

Latest Stories

We use cookies to give you the best possible experience. Learn more