തങ്ങള്‍ക്കെതിരായ അമേരിക്കന്‍ ഉപരോധം സാമ്പത്തിക യുദ്ധമായിത്തന്നെ കണക്കാക്കും: നിലപാടു കടുപ്പിച്ച് റഷ്യ
world
തങ്ങള്‍ക്കെതിരായ അമേരിക്കന്‍ ഉപരോധം സാമ്പത്തിക യുദ്ധമായിത്തന്നെ കണക്കാക്കും: നിലപാടു കടുപ്പിച്ച് റഷ്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th August 2018, 5:14 pm

മോസ്‌കോ: തങ്ങള്‍ക്കുമേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുമെന്ന അമേരിക്കയുടെ ഭീഷണിക്കെതിരെ ആഞ്ഞടിച്ച് റഷ്യ. ഉപരോധത്തിനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോയാല്‍ അത് “സാമ്പത്തിക യുദ്ധപ്രഖ്യാപനമായി കണക്കാക്കുമെന്നാണ് റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്‌വെദെവിന്റെ പ്രസ്താവന. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള പോര് കടുത്തിരിക്കുകയാണ്.

നെര്‍വ് ഏജന്റായ നൊവിചോക്ക് എന്ന രാസായുധം റഷ്യ പ്രയോഗിച്ചുവെന്ന ബ്രിട്ടന്റെ ആരോപണം മുന്‍നിര്‍ത്തിയാണ് അമേരിക്കയുടെ റഷ്യന്‍ ഉപരോധം. ഉപരോധത്തെക്കുറിച്ചുള്ള പ്രസ്താവന പുറത്തുവന്നതിനു പിന്നാലെയാണ് റഷ്യന്‍ പ്രധാനമന്ത്രിയുടെ പ്രതികരണം.

തെക്കന്‍ ഇംഗ്ലണ്ടിലെ നഗരത്തില്‍ കഴിഞ്ഞ മാര്‍ച്ചിലാണ് രാസായുധാക്രമണം ഉണ്ടായതെന്നാണ് ആരോപണം. ആക്രമണത്തില്‍ തങ്ങള്‍ക്കു പങ്കില്ലെന്ന് റഷ്യ പറഞ്ഞിരുന്നെങ്കിലും വലിയ നയതന്ത്ര പ്രതിസന്ധികള്‍ക്കാണ് ഇത് വഴിവച്ചിരുന്നത്. ഉപരോധത്തിന്റെ വാര്‍ത്തകള്‍ പുറത്തുവന്നതോടെ റഷ്യന്‍ ഓഹരി വിപണിയില്‍ ഇടിവുണ്ടാക്കിയിരുന്നു. റൂബിളിന്റെ മൂല്യവും കുത്തനെ ഇടിഞ്ഞിരുന്നു.

 

Also Read: കവിത പിന്‍വലിച്ചു; അമേരിക്കയിലും “മീശ” മോഡല്‍

 

“ഭാവിയില്‍ നടന്നേക്കാവുന്ന ഉപരോധങ്ങളെക്കുറിച്ച് കൂടുതലൊന്നും പറയാന്‍ ഞാനാഗ്രഹിക്കുന്നില്ല. പക്ഷേ, ധനവിനിമയത്തിലും ബാങ്കിംഗിലും ഏര്‍പ്പെടുന്നതിലും ചില പ്രത്യേക കറന്‍സികള്‍ ഉപയോഗിക്കുന്നതിലും വിലക്കേര്‍പ്പെടുത്താനാണ് നീക്കമെങ്കില്‍, അത് സാമ്പത്തിക യുദ്ധപ്രഖ്യാപനമായി കണക്കാക്കേണ്ടി വരും.” മെദ്‌വെദെവ് പറഞ്ഞതായി ഇന്റര്‍ഫാക്‌സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

“ഈ യുദ്ധത്തോട് ഞങ്ങള്‍ പ്രതികരിക്കുക തന്നെ ചെയ്യും. സാമ്പത്തികമായും, രാഷ്ട്രീയപരമായും, ആവശ്യമെങ്കില്‍ മറ്റു മാര്‍ഗ്ഗങ്ങളിലൂടെയും. നമ്മുടെ അമേരിക്കന്‍ സുഹൃത്തുക്കള്‍ അതു മനസ്സിലാക്കേണ്ടതുണ്ട്.” അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

രാജ്യസുരക്ഷയെ ബാധിക്കുന്ന അമേരിക്കന്‍ സാങ്കേതികവിദ്യകള്‍ റഷ്യയിലേക്ക് കയറ്റുമതി ചെയ്യുന്നതിനാണ് ആദ്യഘട്ടത്തില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്. രണ്ടാഴ്ചയ്ക്കകം ഉപരോധത്തിന്റെ ആദ്യഘട്ടം നിലവില്‍ വരുമെന്നായിരുന്നു അമേരിക്കയുടെ പ്രഖ്യാപനം.

ഈ ആദ്യഘട്ട ഉപരോധത്തോടെത്തന്നെ നൂറുകണക്കിന് മില്യണ്‍ ഡോളറിന്റെ നഷ്ടമാണ് റഷ്യയ്ക്ക് കയറ്റുമതിയില്‍ വരിക.