ഫലസ്തീൻ അനുകൂല സംഘടനക്ക് ഉപരോധം ഏർപ്പെടുത്തി യു.എസ്
World News
ഫലസ്തീൻ അനുകൂല സംഘടനക്ക് ഉപരോധം ഏർപ്പെടുത്തി യു.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th October 2024, 10:26 am

വാഷിങ്ടൺ: ഫലസ്തീൻ അനുകൂല സംഘടനയായ ഫലസ്തീനിയൻ പ്രിസണർ സോളിഡാരിറ്റി നെറ്റ്‌വർക്ക് സമിഡൗണിനെതിരെ ഉപരോധം ഏർപ്പെടുത്തി യു.എസ്. ഈ ചാരിറ്റി സംഘടനയുമായി ബന്ധം പുലർത്തുന്ന ആളുകൾക്ക് മേൽ ക്രിമിനൽ കുറ്റം ചുമത്തുമെന്നും യു.എസ് പറഞ്ഞു.

സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ ഫലസ്തീൻ തടവുകാരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രവർത്തിക്കുന്ന സംഘാടകരുടെയും പ്രവർത്തകരുടെയും ഒരു അന്താരാഷ്ട്ര ശൃംഖല എന്നാണ് സമിഡൗൺ സ്വയം വിശേഷിപ്പിക്കുന്നത്. യു.എസ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ട്രഷറിയുടെ ഓഫീസ് ഓഫ് ഫോറിൻ അസറ്റ് കൺട്രോൾ (ഒ.എഫ് .എ.സി ) ചൊവ്വാഴ്ച പുറത്തിറക്കിയ പത്രികയിൽ ഈ സംഘടനയെ ഒരു തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുകയും ചെയ്തു.

ബ്ലാക്ക്‌ലിസ്റ്റ് ചെയ്ത പോപ്പുലർ ഫ്രണ്ട് ഫോർ ലിബറേഷൻ ഓഫ് ഫലസ്‌തീൻ്റെ (പി.എഫ്.എൽ .പി) അന്താരാഷ്ട്ര ധനസമാഹരണക്കാരനായി സമിഡൗൺ പ്രവർത്തിച്ചതായി ഒ.എഫ്.എ.സി ആരോപിച്ചു. ഇസ്രഈലിനെ അംഗീകരിക്കാത്ത മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പ്രസ്ഥാനമായാണ് പി.എഫ്.എൽ.പിയെ വിശേഷിപ്പിക്കുന്നത്.

യൂറോപ്പിലും വടക്കേ അമേരിക്കയിലും ധനസമാഹരണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി പി.എഫ്.എൽ.പി സാമിഡൗൺ സ്ഥാപിച്ചു എന്നാണ് ഒ.എഫ്.എ.സി പറയുന്നത്. ഇസ്രഈൽ -ഹമാസ് സംഘർഷത്തിൽ പി.എഫ്.എൽ.പി സജീവമാണെന്നും ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ പങ്കെടുത്തിട്ടുണ്ടെന്നും ഓഫീസ് ഓഫ് ഫോറിൻ അസറ്റ് കൺട്രോൾ പറയുന്നു.

സമിഡൗൺ പോലുള്ള സംഘടനകൾ, ആവശ്യമുള്ളവർക്ക് മാനുഷിക പിന്തുണ നൽകുമെന്ന് അവകാശപ്പെടുന്ന ചാരിറ്റബിൾ സംഘടനകളായി അഭിനയിക്കുകയാണെന്നും എന്നാൽ വാസ്തവത്തിൽ അവർ തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നതിന് ആവശ്യമായ സഹായങ്ങൾക്കായി ഫണ്ട് വകമാറ്റുകയാണെന്നും ട്രഷറി ഫോർ ടെററിസം ആൻഡ് ഫിനാൻഷ്യൽ ഇൻ്റലിജൻസ് ആക്ടിങ് അണ്ടർ സെക്രട്ടറി ബ്രാഡ്‌ലി ടി. സ്മിത്ത് ആരോപിച്ചു.

‘അമേരിക്കയും കാനഡയും ഞങ്ങളുടെ സമാന ചിന്താഗതിക്കാരായ പങ്കാളികളും ചേർന്ന്, പി.എഫ്. എൽ.പി , ഹമാസ് തുടങ്ങിയ സംഘടനകൾക്ക് ധനസഹായം നൽകാൻ ശ്രമിക്കുന്നവരെ തടസപ്പെടുത്തുക തന്നെ ചെയ്യും ,’ ബ്രാഡ്‌ലി ടി. സ്മിത്ത് പറഞ്ഞു.

അതേ സമയം ഗസയില്‍ ഇസ്രഈല്‍ സൈന്യം ഒരു വര്‍ഷമായി തുടരുന്ന ആക്രമണത്തില്‍ ഇസ്രഈലിനെ സഹായിക്കുന്ന രാജ്യങ്ങളും വംശഹത്യയില്‍ പങ്കാളികളാകുന്നതായി യു.എന്‍ വിദഗ്ധർ വിമർശിച്ചു. ഗസയില്‍ ഇസ്രഈല്‍ വംശഹത്യ നടത്തുന്നുവെന്ന് ആരോപിച്ച് ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ സമര്‍പ്പിച്ച കേസില്‍ കോടതി പറഞ്ഞ നിര്‍ദേശങ്ങള്‍ എല്ലാ രാജ്യങ്ങളും പാലിക്കണമെന്നും യു.എന്‍ ഇന്‍ഡിപെന്‍ഡന്റ് ഇന്റര്‍നാഷണല്‍ കമ്മീഷന്‍ ഓഫ് എന്‍ക്വയറി പുറത്തിറക്കിയ പുതിയ ലീഗല്‍ പൊസിഷന്‍ പേപ്പറില്‍ മുന്നറിയിപ്പ് നൽകി.

ഒരു വശത്ത് അമേരിക്ക ഐക്യരാഷ്ട്ര സംഘടനയില്‍ വീറ്റോ അധികാരം ഉപയോഗിച്ച് ഇസ്രഈലിന് നയതന്ത്ര പരിരക്ഷ ഉറപ്പ് വരുത്തുമ്പോള്‍ മറ്റൊരു വശത്ത് ഗസയില്‍ ആളുകളെ കൊല്ലാന്‍ നിര്‍ലോഭമായി ഇസ്രഈലിന് ആയുധ കൈമാറ്റം നടത്തുകയാണെന്നും കമ്മീഷന്‍ കുറ്റപ്പെടുത്തി.

Content Highlight: US sanctions pro-Palestine solidarity group