തീരുമാനമാകാതെ യു.എന്‍ രക്ഷാസമിതി യോഗം: യു.എസ് റഷ്യ പ്രമേയങ്ങള്‍ പരാജയപ്പെട്ടു
World News
തീരുമാനമാകാതെ യു.എന്‍ രക്ഷാസമിതി യോഗം: യു.എസ് റഷ്യ പ്രമേയങ്ങള്‍ പരാജയപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th October 2023, 11:55 am

ന്യൂയോര്‍ക്ക്: ഇസ്രഈല്‍-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യു.എസും റഷ്യയും അവതരിപ്പിച്ച കരട് പ്രമേയങ്ങള്‍ യു.എന്നില്‍ പരാജയപ്പെട്ടു. അമേരിക്കയുടെ പ്രമേയം ചൈനയും റഷ്യയും വീറ്റോ ചെയ്തപ്പോള്‍ റഷ്യയുടെ പ്രമേയത്തിന് വേണ്ടത്ര പിന്തുണ ലഭിച്ചില്ല. ഒക്ടോബര്‍ ഏഴിന് ശേഷം യു.എന്‍ കൗണ്‍സിലില്‍ പരാജയപ്പെടുന്ന മൂന്നാമത്തെ പ്രമേയമാണിത്.

ഗസ മുനമ്പിലേക്ക് മാനുഷിക സഹായങ്ങള്‍ എത്തിക്കാന്‍ യുദ്ധത്തിന് താല്‍കാലിക വിരാമം ആവശ്യപ്പെട്ടാണ് യു.എസ് പ്രമേയം. അന്താരാഷ്ട്ര നിയമത്തിനകത്തു നിന്നുകൊണ്ട് എല്ലാ രാജ്യങ്ങള്‍ക്കും പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന് കരടിന്റെ തുടക്കത്തില്‍ യു.എസ് പറഞ്ഞു. പ്രമേയത്തില്‍ യു.എസ് വെടി നിര്‍ത്തലിന് വേണ്ടി ആവശ്യപ്പെട്ടിട്ടില്ല.

പത്ത് രാജ്യങ്ങള്‍ യു.എസ് പ്രമേയത്തെ പിന്‍ന്തുണച്ചപ്പോള്‍ യു.എ.ഇ എതിര്‍ത്തു. റഷ്യയും ചൈനയും വീറ്റോ അധികാരം പ്രയോഗിച്ചപ്പോള്‍ ബ്രസീലും മൊസാബിക്യൂവും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

ഇസ്രഈല്‍ ഗസയില്‍ നടത്തുന്ന ആക്രമണങ്ങളില്‍ യു.എന്‍ രക്ഷാ കൗണ്‍സില്‍ തീരുമാനങ്ങള്‍ ഏതെങ്കിലും തരത്തില്‍ സ്വാധീനം ചെലുത്തണമെന്ന് അമേരിക്ക ആഗ്രഹുന്നില്ലെന്ന് റഷ്യന്‍ പ്രതിനിധി വാസ്‌ലി നെബന്‍സിയ പറഞ്ഞു.

അങ്ങേയറ്റം രാഷ്ട്രീയ വത്കരിക്കപ്പെട്ട ഈ രേഖയുടെ ലക്ഷ്യം സിവിലിയന്‍മാരെ രക്ഷിക്കുകയല്ല മറിച്ച് ഈ മേഖലയിലെ യു.എസിന്റെ രാഷ്ട്രീയ നിലപാട് ഉയര്‍ത്തലാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രമേയത്തിന് മുകളിലുള്ള വീറ്റോ നിരാശാജനകമാണെന്ന് വോട്ടെടുപ്പിന് ശേഷം യു.എനിലെ യു.എസ് അബാസിഡര്‍ ലിന്‍ഡ ഗ്രീന്‍ ഫീല്‍ഡ് പറഞ്ഞു. ഇന്നത്തെ വോട്ടെടുപ്പ് തിരിച്ചടിയാണെങ്കിലും തങ്ങള്‍ പിന്തിരിയില്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

റഷ്യയുടെ നിന്ദ്യവും നിരുത്തരവാദിത്വപരവുയ പെരുമാറ്റത്തെ പ്രോത്സാഹിപ്പിക്കരുതെന്നും കൗണ്‍സില്‍ അംഗങ്ങളേട് അവര്‍ ആവശ്യപ്പെട്ടു.

ഉടനടിയുള്ള വെടി നിര്‍ത്തല്‍ ആവശ്യപ്പെട്ടാണ് റഷ്യ പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തില്‍ സിവിലിയന്‍മാര്‍ക്കെതിരായ എല്ലാ അക്രമങ്ങളെയും ശത്രുതയെയും റഷ്യ അപലപിച്ചു.

മതിയായ പിന്തുണ ലഭിക്കാത്തതിനാല്‍ കൗണ്‍സില്‍ പ്രമേയം തള്ളി ചൈന, ഗാബണ്‍ , യു.എ.ഇ റഷ്യ എന്നിവര്‍ മാത്രമാണ് പ്രമേയത്തെ അനുകൂലിച്ചത്. യു.കെയും യു.എസും വീറ്റോ ചെയ്തപ്പോള്‍ ഒന്‍പത് രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

content highlight: US,Russia resolution on Israel-Hamas war fail at UN security council