| Wednesday, 7th August 2024, 9:34 am

രാഷ്ട്രീയ അഭയം നൽകാതെ ബ്രിട്ടനും വിസ റദ്ദാക്കി അമേരിക്കയും; ഹസീനയുടെ ഭാവി അനിശ്ചിതത്വത്തിൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ധാക്ക: ആഭ്യന്തരകലാപത്തെ തുടർന്ന് പ്രധാനമന്ത്രി പദം രാജിവെച്ച് ഇന്ത്യയിലെത്തിയ ഷെയ്ഖ് ഹസീനക്ക് രാഷ്ട്രീയ അഭയം നൽകില്ലെന്ന് ബ്രിട്ടൻ. തിങ്കളാഴ്ച രാത്രിയോടെ ഹസീന ഇന്ത്യ വിടുമെന്ന് പറഞ്ഞിരുന്നു. ബ്രിട്ടൻ അഭയം നൽകുമെന്ന പ്രതീക്ഷയിലായിരുന്നത്. പക്ഷേ നിലവിൽ ഹസീനയുടെ ഭാവി അനിശ്ചിതത്വത്തിലാണ്.

ബംഗ്ലാദേശിൽ സര്‍ക്കാര്‍ ജോലികള്‍ക്കുള്ള ക്വാട്ട സമ്പ്രദായം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രക്ഷോഭം അടിച്ചമർത്തുകയും അതിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്‌ത സംഭവവികാസങ്ങളിൽ ബ്രിട്ടൻ ഹസീനക്കെതിരെ നിലപാടെടുക്കുകയായിരുന്നു. തുടർന്ന് ഹസീനക്ക് അഭയം നൽകാൻ വിസമ്മതിക്കുകയായിരുന്നു.

ഒരു വ്യക്തി സുരക്ഷിതമായി ആദ്യമെത്തിയ രാജ്യം തന്നെ അഭയം നൽകണമെന്നതാണ് അന്തർദേശീയ നയമെന്ന് പറഞ്ഞ് ബ്രിട്ടൻ ഇന്ത്യയെ കയ്യൊഴിഞ്ഞിരിക്കുകയാണ്. ഇന്ത്യയിലുള്ള ഹസീനയുടെ ദീർഘകാലവാസം ഇന്ത്യൻ-ബംഗ്ലാദേശ് ബന്ധത്തിൽ വിള്ളൽ വീഴ്ത്തുമോയെന്ന ആശങ്കയിലാണ് ഇന്ത്യൻ ഭരണകൂടം.

വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ നേരിട്ട ഹസീനയുടെ രീതി ഏകാധിപത്യപരമാണെന്ന് പറഞ്ഞ അമേരിക്ക അവരുടെ യു. എസ് വിസ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

ബ്രിട്ടൻ കയ്യൊഴിഞ്ഞതോടെ അഭയം നൽകാൻ മറ്റ് യൂറോപ്യൻ രാജ്യങ്ങളെ സമീപിക്കുന്നുണ്ടെങ്കിലും ആരും ഇതുവരെയും അനുകൂല നിലപാടെടുത്തിട്ടില്ല.

ഇതോടെ ചൊവ്വാഴ്ച രാത്രി വരെയും ഹസീനക്ക് ഇന്ത്യ വിട്ട് പോകാനാവില്ല. ഇന്ത്യയിൽ ദീർഘവാസം സാധിക്കില്ലെന്ന് ഇന്ത്യ ഹസീനയോട് അറിയിച്ചതായും വാർത്തകൾ പുറത്ത് വരുന്നുണ്ട്.

ആഗസ്റ്റ് ആറിന് അമേരിക്ക ഹസീനയുടെ യു. എസ് വിസ റദ്ദാക്കിയിരുന്നു. എന്നാൽ ഹസീനയുമായി അമേരിക്കക്കുള്ള ബന്ധം വർഷങ്ങളായി മോശമായ അവസ്ഥയിലാണെന്നത് കൂടിയാണിത് വെളിപ്പെടുത്തുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിലെ സാഹചര്യത്തിൽ അമേരിക്ക തങ്ങളുടെ അധികാരം ഹസീനക്കെതിരെ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നാണ് മാധ്യമങ്ങൾ പറയുന്നത്.

ബംഗ്ലാദേശിലെ പവിഴ ദ്വീപായ സെൻ്റ് മാർട്ടിൻസ് ദ്വീപ് പിടിച്ചെടുക്കാൻ യു.എസിന് ഉദ്ദേശമുണ്ടെന്ന് ഷെയ്ഖ് ഹസീന ആരോപിച്ചിരുന്നു. എന്നാൽ തങ്ങൾക്ക് ദ്വീപ് പിടിച്ചടക്കാൻ യാതൊരു വിധ താത്പര്യവും ഇല്ലെന്ന് പറഞ്ഞ് ആരോപണങ്ങൾ നിഷേധിച്ചുകൊണ്ട് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വക്താവ് മാത്യു മില്ലർ മുന്നോട്ടെത്തിയിരുന്നു.

പ്രധാന പ്രതിപക്ഷ പാർട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബി.എൻ.പി) ഇത് യു.എസിന് വിൽക്കാൻ തയ്യാറാണെന്ന് ജൂൺ 21 ന് ഒരു മാധ്യമ സമ്മേളനത്തിൽ പ്രധാനമന്ത്രി ഹസീന ആരോപിച്ചിരുന്നു. ദ്വീപ് പാട്ടത്തിന് നൽകാനുള്ള യു.എസിൻ്റെ ആവശ്യം അനുസരിച്ചില്ലെങ്കിൽ തൻ്റെ ഭരണം അധികാരത്തിൽ നിന്ന് പുറത്താക്കപ്പെടുമെന്നും അവർ  പറഞ്ഞിരുന്നു.

തന്റെ അമേരിക്കൻ വിരുദ്ധ നിലപാട് പണ്ട് തന്നെ വ്യക്തമാക്കിയ ഭരണാധികാരിയാണ് ഷെയ്ഖ് ഹസീന. 2023 ഏപ്രിൽ 11ന് പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ അവർ അമേരിക്കക്കെതിരെ ആഞ്ഞടിച്ചിരുന്നു.

‘നമ്മുടെ രാജ്യത്ത് സ്വാതന്ത്ര്യവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്താനും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാനും ബംഗ്ലാദേശിനുമേൽ അമേരിക്ക സമ്മർദം ചെലുത്തുക ആണ്. എന്നാൽ ബംഗ്ലാദേശിലെ തെരഞ്ഞെടുപ്പും ജനാധിപത്യവും അല്ല അമേരിക്കയുടെ ലക്ഷ്യം. അവർ ജനാധിപത്യവും തെരഞ്ഞെടുപ്പും ഒരു കാരണമായി എടുത്ത് ഇന്ത്യൻ മഹാസമുദ്രത്തിന്റെയും ബംഗാൾ ഉൾക്കടലിന്റെയും മേൽ നിയന്ത്രണം നേടാൻ ശ്രമിക്കുകയാണ്,’ ഹസീന തന്റെ പ്രസംഗത്തിൽ പറഞ്ഞു.

അമേരിക്ക ജനാധിപത്യത്തെക്കുറിച്ച് ബംഗ്ലാദേശിൽ പ്രഭാഷണം നടത്തുന്നു, ജനാധിപത്യത്തെക്കുറിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചും അവർ ഞങ്ങളെ പഠിപ്പിക്കുന്നു. അവരുടെ നാട്ടിൽ എന്താണ് അവസ്ഥയെന്നും ഹസീന തന്റെ പ്രസംഗത്തിൽ ചോദിച്ചിരുന്നു.

സര്‍ക്കാര്‍ ജോലികള്‍ക്കുള്ള ക്വാട്ട സമ്പ്രദായം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രക്ഷോഭമാണ് ആഭ്യന്തര കലാപത്തിലേക്ക് വഴിമാറിയത്. ഇതിന് പിന്നാലെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെക്കുകയും ചെയ്തിരുന്നു.

ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഇന്ത്യൻ വ്യോമസേനാ വിമാനത്താവളത്തിൽ തിങ്കളാഴ്ച വൈകീട്ടാണ് ഹസീന സഹോദരി രഹനക്കൊപ്പം വന്നിറങ്ങിയത്. സുരക്ഷാ ഭീഷണി മൂലം പുറത്തേക്ക് പോകാതെ വ്യോമസേനാ ഗസ്റ്റ് ഹൗസിലാണ് ഹസീന താമസിക്കുന്നത്.

Content Highlight: us revokes sheik hasinas visa after her outster from bangladesh following violent protests

We use cookies to give you the best possible experience. Learn more