| Tuesday, 26th April 2022, 11:30 am

ഫ്രീ ഡൊണാള്‍ഡ് ട്രംപ്; മസ്‌ക് ട്വിറ്റര്‍ വാങ്ങിയതിന് പിന്നാലെ റിപബ്ലിക്കന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: ഇലോണ്‍ മസ്‌ക് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍ വാങ്ങിയതിന് പിന്നാലെ യു.എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് സ്വതന്ത്രമാക്കണമെന്ന (റീസ്റ്റോര്‍ ചെയ്യണമെന്ന്) ആഹ്വാനവുമായി റിപബ്ലിക്കന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍.

‘ഫ്രീ ഡൊണാള്‍ഡ് ട്രംപ്’ (Free Donald Trump) എന്നാണ് റിപബ്ലിക്കന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ മസ്‌കിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

‘Hey, @elonmusk it’s a great week to free @realDonaldTrump.’ എന്നായിരുന്നു റിപബ്ലിക്കന്‍സ് ട്വീറ്റിലൂടെ ആവശ്യപ്പെട്ടത്.

ഔദ്യോഗികമായി മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് ശേഷം ട്രംപിന്റെ സസ്‌പെന്റ് ചെയ്ത അക്കൗണ്ട് റീസ്റ്റോര്‍ ചെയ്യണമെന്നാണ് റിപബ്ലിക്കന്‍സിന്റെ ആവശ്യം.

ട്രംപിന്റെയും മറ്റ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പ്രവര്‍ത്തകരുടെയും അക്കൗണ്ടുകള്‍ സസ്‌പെന്റ് ചെയ്തതിന് നേരത്തെ ട്വിറ്ററിന്റെ പോളിസികളെ റിപബ്ലിക്കന്‍സ് വിമര്‍ശിച്ചിരുന്നു.

88 മില്യണ്‍ ഫോളോവേഴ്‌സാണ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ടിനുള്ളത്. പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിലെ തന്റെ പരാജയത്തിന് കാരണം വോട്ടിങ്ങ് തട്ടിപ്പാണെന്നും തന്റെ പാര്‍ട്ടി അണികളും അനുയായികളും കാപിറ്റോളിലെത്തി പ്രതിഷേധിക്കണമെന്നും ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തതിനെത്തുടര്‍ന്നായിരുന്നു ട്രംപിന്റെ അക്കൗണ്ട് സസ്‌പെന്റ് ചെയ്തത്.

മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്താല്‍ ട്രംപിന്റെ അക്കൗണ്ട് തിരിച്ച് കൊണ്ടുവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

4400 കോടി ഡോളറിനാണ് (44,000 മില്യണ്‍/ 44 ബില്യണ്‍) ട്വിറ്റര്‍ വാങ്ങുന്നതിനുള്ള കരാറില്‍ ശതകോടീശ്വരനും ടെസ്‌ല കമ്പനി സ്ഥാപകനുമായ ഇലോണ്‍ മസ്‌ക് ഒപ്പുവെച്ചത്. തിങ്കളാഴ്ചയാണ് ട്വിറ്ററുമായി മസ്‌ക് കരാറില്‍ ഒപ്പിട്ടത്.

മസ്‌കിന്റെ ഉടമസ്ഥതയിലാകുന്നതോടെ പൊതുസംരംഭം എന്ന നിലയില്‍ നിന്ന് ട്വിറ്റര്‍ സ്വകാര്യ കമ്പനിയായി മാറും. നേരത്തെ ട്വിറ്ററില്‍ ഓഹരി സ്വന്തമാക്കിയതിന് പിന്നാലെയായിരുന്നു കമ്പനി വാങ്ങാനുള്ള മസ്‌കിന്റെ നീക്കം.

എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്യം നല്‍കുമെന്ന് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ മസ്‌ക് ട്വീറ്റ് ചെയ്തു. ‘ജനാധിപത്യത്തിന്റെ ജീവനുള്ള അടിത്തറയാണ് അഭിപ്രായ സ്വാതന്ത്ര്യം, മനുഷ്യരാശിയുടെ ഭാവിയില്‍ സുപ്രധാനമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഡിജിറ്റല്‍ ടൗണ്‍ സ്‌ക്വയറാണ് ട്വിറ്റര്‍.

പുതിയ ഫീച്ചറുകള്‍ ഉപയോഗിച്ച് ട്വിറ്ററിനെ മെച്ചപ്പെടുത്തി, അല്‍ഗോരിതങ്ങള്‍ ഓപ്പണ്‍ സോഴ്‌സ് ആക്കി വിശ്വാസം വര്‍ധിപ്പിക്കുക, സ്പാം ബോട്ടുകളെ പരാജയപ്പെടുത്തുക, എല്ലാവര്‍ക്കും ആധികാരികത നല്‍കുക തുടങ്ങിയവയിലൂടെ ട്വിറ്ററിനെ എക്കാലത്തേയും മികച്ചതാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ട്വിറ്ററിന് അനന്തമായ സാധ്യതകളുണ്ട്. അത് അണ്‍ലോക്ക് ചെയ്യുന്നതിന് കമ്പനിയുമായും ഉപയോക്താക്കളുടെ കമ്മ്യൂണിറ്റിയുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ മസ്‌ക് ട്വീറ്റ് ചെയ്തു.

”ട്വിറ്ററിന് ലോകത്തെ മുഴുവന്‍ സ്വാധീനിക്കുന്ന ഒരു ലക്ഷ്യവും പ്രസക്തിയും ഉണ്ട്. ഞങ്ങളുടെ ടീമിനെ കുറിച്ചോര്‍ക്കുമ്പോള്‍ അഭിമാനം തോന്നുന്നു. ഇതുവരെയുണ്ടായ പ്രധാന്യമായ കാര്യങ്ങളെക്കാള്‍ ഇപ്പോഴുണ്ടായത് ഞങ്ങള്‍ക്ക് കൂടുതല്‍ പ്രചോദനം നല്‍കുന്നുണ്ട്,” ട്വിറ്ററിന്റെ സി.ഇ.ഒ പരാഗ് അഗര്‍വാള്‍ ട്വീറ്റ് ചെയ്തു.

ട്വിറ്റര്‍ വാങ്ങുന്നതിനായി മസ്‌ക് കഴിഞ്ഞയാഴ്ച ഏകദേശം 46.5 ബില്യണ്‍ ഡോളര്‍ നല്‍കിയിരുന്നു. ബോര്‍ഡിന് മറ്റൊരാളെ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ മസ്‌കിന്റെ ഓഫര്‍ സ്വീകരിക്കുമെന്ന് വെഡ്ബുഷ് സെക്യൂരിറ്റീസിലെ അനലിസ്റ്റായ ഡാന്‍ ഐവ്സ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Content Highlight: US Republicans tell Elon Musk to free Donald Trump’s account after he buys Twitter

We use cookies to give you the best possible experience. Learn more