വാഷിങ്ടണ്‍: അമേരിക്കന്‍ ക്യാമ്പസുകളിലെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനുള്ള നിയമങ്ങള്‍ അവതരിപ്പിച്ച് യു.എസിലെ റിപ്പബ്ലിക്കന്‍ എം.പിമാര്‍. ഗസയിലെ ഫലസ്തീനികള്‍ക്കെതിരായ ഇസ്രഈല്‍ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് യു.എസിലെ വിദ്യാര്‍ത്ഥികള്‍ മാസങ്ങളായി ക്യാമ്പസുകള്‍ക്കുള്ളില്‍ സമരം നടത്തുന്ന സാഹചര്യത്തിലാണ് പുതിയ നിയമാവതരണം.
പുതിയ നിയമം 1965ലെ ഉന്നത വിദ്യാഭ്യാസത്തിനുള്ള നിയമങ്ങളില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഫെഡല്‍ ഫണ്ട് സ്വീകരിക്കുന്ന സര്‍വകലാശാലകള്‍ക്ക് നേരെ ഈ നിയമങ്ങള്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. പഴയ നിയമത്തില്‍ മാറ്റങ്ങളുണ്ടായാല്‍, ക്യാമ്പസില്‍ നടക്കുന്ന രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്ന് ആരോപിക്കപ്പെടുന്ന വിഷയങ്ങള്‍ സര്‍ക്കാരിനെ അറിയിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരാകും.
എലിസ് സ്റ്റെഫാനിക്, ജിം ബാങ്ക് തുടങ്ങിയ എം.പിമാര്‍ ചേര്‍ന്നാണ് നിയമം കോണ്‍ഗ്രസില്‍ അവതരിപ്പിച്ചത്. ഇത് കൊളംബിയ സര്‍വകലാശാല ഉള്‍പ്പെടെയുള്ള യു.എസിലെ ഫലസ്തീന്‍ അനുകൂല ശബ്ദമുയര്‍ത്തുന്ന ക്യാമ്പസുകളെ അടിച്ചമര്‍ത്താന്‍ ഉള്ളതാണ്.
എലിസ് സ്റ്റെഫാനിക്
ഫലസ്തീന്‍ അനുകൂല വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളും രാജ്യവിരുദ്ധ പ്രവര്‍ത്തങ്ങള്‍ക്കുമെതിരെ നയങ്ങള്‍ നടപ്പിലാക്കുമെന്ന് എം.പി സ്റ്റെഫാനിക് പ്രസ്താവനയില്‍ പറയുകയും ചെയ്തു.
ജിം ബാങ്ക്
ഗസയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മാസങ്ങളായി കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ പ്രതിഷേധം നടക്കുന്നുണ്ട്. കൊളംബിയയിലെ വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്‌സിറ്റിയിലെ ഹാമില്‍ട്ടണ്‍ ഹാള്‍ കയ്യേറുകയും ഇസ്രഈല്‍ കൊലപ്പെടുത്തിയ ആറ് വയസുകാരി ഹിന്ദ് റജബിന്റെ പേരില്‍ ഹാള്‍ പുനര്‍നാമകരണം ചെയ്തു. സംഭവത്തില്‍ 46 വിദ്യാര്‍ത്ഥികളെ യു.എസ് പൊലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി.
കൊളംബിയ സര്‍വകലാശാലയ്ക്ക് പുറമെ മാസച്യുസെറ്റ്‌സ്, കാലിഫോര്‍ണിയ, ന്യൂയോര്‍ക്ക് തുടങ്ങിയ അമേരിക്കയിലെ 21 സര്‍വകലാശാലകളിലും ഇസ്രഈല്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ നടക്കുകയുണ്ടായി. ഹാര്‍വാഡ്, യേല്‍, യുസി ബെര്‍ക്ക്‌ലി ഉള്‍പ്പടെ യു.എസിലെ പ്രധാന സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ ഇസ്രഈലിന് നല്‍കുന്ന പിന്തുണയില്‍ യു.എസിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
പ്രതിഷേധത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥികളെ വിവേചനാധികാരവും തെളിവിന്റെ അഭാവവും ചൂണ്ടിക്കാട്ടി ന്യൂയോര്‍ക്കിലെ പ്രോസിക്യൂട്ടര്‍മാര്‍ കുറ്റവിമുക്തരാക്കിയിരുന്നു. ഇതിനെ ചെറുക്കാനാണ് റിപ്പബ്ലിക്കന്‍ എം.പിമാര്‍ പുതിയ നിയമങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്.
Content Highlight: US Republican MPs introduce legislation to crack down on Palestinian solidarity protests on US campuses