'ഒരു ഭാഗത്ത് പൗരന് സ്വാതന്ത്ര്യമുണ്ടെന്ന് പറയുന്നു, മറുഭാഗത്ത് അഭിപ്രായ പ്രകടനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നു'; 2022ല്‍ ഇന്ത്യയില്‍ നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളെന്ന് യു.എസ് റിപ്പോര്‍ട്ട്
ന്യൂദല്‍ഹി: മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണം, മാധ്യമങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റം, നിയമവിരുദ്ധവും ഏകപക്ഷീയവുമായ കൊലപാതകങ്ങള്‍ തുടങ്ങി 2022ല്‍ ഇന്ത്യയില്‍ നിരവധി മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നതായി യു.എസ് റിപ്പോര്‍ട്ട്. റഷ്യ, ചൈന, ഇറാന്‍, ഉത്തരക്കൊറിയ, മ്യാന്‍മര്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കെതിരെയും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.
ലോകത്തെ എല്ലാ രാജ്യങ്ങളിലേയും മനുഷ്യാവകാശ നിലയുടെ വിശദ വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. യു.എസ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്.
ഇന്ത്യയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നുണ്ടായ ഉത്തരവാദിത്തത്തിന്റെ അഭാവം സര്‍ക്കാരിന്റെ എല്ലാ തലങ്ങളിലും വ്യക്തമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കൃത്യമായ പരിശീലനം ലഭിച്ച നിയമപാലകരുടെ അഭാവം, കടുത്ത ശിക്ഷാ നടപടികളുടെ അഭാവം തുടങ്ങിയവ കാരണം രാജ്യത്ത് ശിക്ഷാ നിരക്ക് കുറയാന്‍ കാരണമായെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ റിപ്പോര്‍ട്ട് പ്രകാരം 2022ല്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മനുഷ്യാവകാശ ലംഘനങ്ങളില്‍ നിമയവിരുദ്ധ കൊലപാതകങ്ങള്‍, ദീവന് ഭീഷണിയാകുന്ന ജയില്‍ വ്യവസ്ഥകള്‍, ഏകപക്ഷീയമായ അറസ്റ്റ്, പൗരന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം, ആവിഷ്‌കാര സ്വാതന്ത്രത്തിനും മാധ്യമങ്ങള്‍ക്കും മേലുള്ള കടന്നുകയറ്റം, അഭിപ്രായ പ്രകടനത്തിനേര്‍പ്പെടുത്തിയ വിലക്കുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നുണ്ട്. രാജ്യത്തെ വിവിധ മേഖലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ലൈംഗിക അതിക്രമങ്ങളിലും ഇന്ത്യ മുന്നിലെത്തിയെന്നാണ് റിപ്പോര്‍ട്ട്.
സ്ത്രീഹത്യ, നിര്‍ബന്ധിത വിവാഹവും ആത്മഹത്യകളും, ഗാര്‍ഹിക പീഡനം, തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണം, ലിംഗവിവേചനം, വംശീയ അധിക്ഷേപം, ജാതി-മത-വര്‍ണ വിവേചനം തുടങ്ങിയവയും ഇന്ത്യയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
‘ഇന്ത്യയില്‍ സ്വതന്ത്ര മാധ്യമങ്ങള്‍ വിവിധ വിഷയങ്ങളില്‍ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുന്നുണ്ട്. സര്‍ക്കാര്‍ നിരന്തരം അവകാശപ്പെടുന്നത് ജനങ്ങള്‍ക്ക് ആശയവിനിമയത്തിനുള്ള സ്വാതന്ത്ര്യം രാജ്യത്ത് ലഭിക്കുന്നുണ്ടെന്നാണ്. എന്നാല്‍ മറുഭാഗത്ത് ദേശീയ, രാഷ്ട്രീയ താത്പര്യങ്ങള്‍ക്കെതിരെയുള്ള ഉള്ളടക്കങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രിക്കുകയാണ്,’ യു.എന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
മുന്‍പ് സമാന രീതിയിലുള്ള റിപ്പോര്‍ട്ടുകളെ ഇന്ത്യ തള്ളിയിരുന്നു. രാജ്യത്ത് മികച്ച ജനാധിപത്യ സംവിധാനമാണ് നിലനില്‍ക്കുന്നതെന്നും, പൗരന്റെ അവകാശത്തെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രയത്‌നിക്കുന്നുണ്ടെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍ തള്ളിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞത്.
Content Highlight: US Report slams India, says India reported more Human Right violations in 2022