| Friday, 12th June 2020, 8:29 am

'പശുവിന്റെ പേരില്‍ കൊലപാതകം നടത്തിയ കുറ്റവാളികളെ വിചാരണ ചെയ്യുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടു'; പൗരത്വ പ്രതിഷേധങ്ങളും ആര്‍ട്ടിക്കിള്‍ 370 ഉം ഉള്‍പ്പെടുത്തി അന്താരാഷ്ട്ര മതസ്വാതന്ത്ര്യ റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്തതിനെതിരെയും ഇന്ത്യയില്‍ ഉയര്‍ന്നുവന്ന പ്രതിഷേധങ്ങളെ പ്രതിപാദിച്ച് അമേരിക്കയുടെ ‘അന്താരാഷ്ട്ര മതസ്വാതന്ത്ര്യ റിപ്പോര്‍ട്ട്’.

2019 ലെ ‘അന്താരാഷ്ട്ര മതസ്വാതന്ത്ര്യ റിപ്പോര്‍ട്ടില്‍’ ആണ് പൗരത്വ ഭേദഗതി നിയമത്തിലും (സി.എ.എ) ആര്‍ട്ടിക്കിള്‍ 370 ലും ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ തീരുമാനങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങളെയും വിമര്‍ശനങ്ങളെയും കുറിച്ച് വിശദമായ വിവരണം നല്‍കിയിട്ടുള്ളത്.

മതപരമായി പ്രചോദനം ഉള്‍ക്കൊണ്ട് ഇന്ത്യയില്‍ ആള്‍ക്കൂട്ട അക്രമണവും സാമുദായിക അക്രമണവും നടന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

”ഭാരതീയ ജനതാ പാര്‍ട്ടി (ബി.ജെ.പി) ഉള്‍പ്പെടെ ഹിന്ദു ഭൂരിപക്ഷ പാര്‍ട്ടികളിലെ ചിലര്‍), ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരെ പരസ്യമായ തീവ്രവികാരമുണര്‍ത്തുന്ന പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ നടത്തിയിട്ടുണ്ട്” യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്കല്‍ ആര്‍ പോംപിയോ വ്യാഴാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

മുസ്‌ലിങ്ങള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷസമൂദായങ്ങള്‍ക്ക് നേരെ അക്രമാസക്തമായ ഹിന്ദു ഗ്രൂപ്പുകള്‍ നടത്തിയ അക്രമങ്ങള്‍ വര്‍ഷം മുഴുവന്‍ തുടര്‍ന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഗോമാംസം കയ്യില്‍വെച്ചെന്നും കന്നുകാലികളെ കച്ചവടം ചെയ്യുകയോ കൊല്ലുകയോ ചെയ്തുവെന്നും അഭ്യൂഹങ്ങളെ തുടര്‍ന്നാണ് മുസ്ലിംകള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരെ ആക്രമണം നടത്തിയതെന്നും പറയുന്നു. പശുവിന്റെ പേരില്‍ കൊലപാതകവും ആള്‍ക്കൂട്ട ആക്രമണവും നടത്തിയ ഇത്തരം കുറ്റവാളികളെ വിചാരണ ചെയ്യുന്നതില്‍ അധികാരികള്‍ പരാജയപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചില എന്‍.ജി.ഒകളുടെ അഭിപ്രായത്തില്‍, അധികാരികള്‍ പലപ്പോഴും കുറ്റവാളികളെ പ്രോസിക്യൂഷനില്‍ നിന്ന് സംരക്ഷിക്കുകയും ഇരകള്‍ക്കെതിരെ കുറ്റം ചുമത്തുകയും ചെയ്തുവെന്നും റിപ്പോര്‍ട്ട് പറയുന്നു.

ബാബ്‌രി മസ്ജിദ് കേസ് സംബന്ധിച്ച സുപ്രീം കോടതിയുടെ തീരുമാനത്തെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. 1992 ല്‍ ഹിന്ദു ദേശീയ സംഘടനകളിലെ അംഗങ്ങള്‍ നശിപ്പിച്ച പള്ളി അതിന്റെ യഥാര്‍ത്ഥ സ്ഥാനത്ത് തന്നെ പുനര്‍നിര്‍മിക്കാന്‍ അനുമതി നല്‍കണമെന്ന് പ്രമുഖ ദേശീയ മുസ്ലിം സംഘടനകളും ചില മുസ്ലിം ഹരജിക്കാരും കോടതിയില്‍ അപേക്ഷ നല്‍കി. ഡിസംബറില്‍ സുപ്രീംകോടതി ഈ ഹരജികള്‍ തള്ളിയതും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, ഇത് അമേരിക്കന്‍ സര്‍ക്കാരിന്റെ ആഭ്യന്തര റിപ്പോര്‍ട്ട് മാത്രമാണെന്നാണ് ഇന്ത്യയുടെ പക്ഷം. ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ വാഷിംഗ്ടണിന് അവകാശമില്ലെന്നും ഇന്ത്യ പറഞ്ഞു. ”യു.എസ് കോണ്‍ഗ്രസിന് നിയമപരമായ ആവശ്യകതയുടെ ഭാഗമായി യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വര്‍ഷം തോറും റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാറുണ്ട്. ഇത് യു.എസ് സര്‍ക്കാരിന്റെ ആഭ്യന്തര രേഖയാണ്. ഇന്ത്യയുടെ ഊര്‍ജസ്വലമായ ജനാധിപത്യ പാരമ്പര്യങ്ങളെക്കുറിച്ച് ലോകത്തിന് വ്യക്തമാണ്,” റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

We use cookies to give you the best possible experience. Learn more