| Wednesday, 17th May 2023, 7:55 pm

മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യു.എസ്. റിപ്പോര്‍ട്ട്: വിദ്വേഷ പരാമര്‍ശങ്ങളില്‍ പി.സി. ജോര്‍ജിന്റെ മുസ്‌ലിം വിരുദ്ധ പരാമര്‍ശവും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവന്തപുരം: കഴിഞ്ഞ ദിവസം അമേരിക്ക പുറത്ത് വിട്ട മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ മുന്‍ എം.എല്‍.എ പി.സി. ജോര്‍ജിന്റെ മുസ്‌ലിം വിരുദ്ധ പ്രസ്താവനയും. മെയ് 15ന് അമേരിക്ക വിവിധ രാജ്യങ്ങളിലെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടുള്ള ‘അന്താരാഷ്ട്ര മതസ്വാതന്ത്ര്യ റിപ്പോര്‍ട്ട്- 2022’ പുറത്തിറക്കിയിരുന്നു. അതിലെ ഇന്ത്യയുടെ മതസ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്നിടത്താണ് പി.സി. ജോര്‍ജിന്റെ പരാമര്‍ശം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മുസ്‌ലിങ്ങളുടെ ഹോട്ടലുകളില്‍ നിന്ന് ഹിന്ദുക്കളും ക്രിസ്ത്യാനികളും ഭക്ഷണം കഴിക്കരുതെന്ന പി.സി. ജോര്‍ജിന്റെ പരാമര്‍ശമാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. പി.സി. ജോര്‍ജിനെ കൂടാതെ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ മറ്റ് നേതാക്കളുടെ പേരുകളും അവര്‍ നടത്തിയ പരാമര്‍ശങ്ങളും റിപ്പോര്‍ട്ടിലുണ്ട്.

‘ബി.ജെ.പി സംസ്ഥാന നേതാവ് ഹരിഭൂഷണ്‍ താക്കൂര്‍ ബച്ചോള്‍ മുസ്‌ലിങ്ങളെ ചുട്ടുക്കൊല്ലാന്‍ പറഞ്ഞു. കേരളത്തിലെ മുന്‍ എം.എല്‍.എ പി.സി. ജോര്‍ജ് മുസ്‌ലിങ്ങളുടെ ഹോട്ടലുകളില്‍ നിന്ന് ക്രിസ്ത്യാനികളും ഹിന്ദുക്കളും ഭക്ഷണം കഴിക്കരുതെന്ന് പറഞ്ഞു.

ബി.ജെ.പി രാജസ്ഥാന്‍ മുന്‍ എം.എല്‍.എ ഘ്യാന്‍ ദേവ് പശുവിന്റെ പേരില്‍ മുസ്‌ലിങ്ങളെ കൊല്ലാന്‍ പ്രേരിപ്പിച്ചു. രാജ്യം ഭരിക്കുന്ന ബി.ജെ.പിയുടെ വക്താക്കളായ നുപൂര്‍ ശര്‍മയും നവീന്‍ ജിന്‍ഡലും ടെലിവിഷനിലൂടെ മുഹമ്മദ് നബിക്കെതിരെ ജൂണില്‍ നടത്തിയ പരാമര്‍ശങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷത്തിന് കാരണമായി,’ എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ പരാമര്‍ശങ്ങളും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.

‘തെലങ്കാനയില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ വിജയിപ്പിച്ചാല്‍ ന്യൂനപക്ഷങ്ങള്‍ക്കുള്ള വിദ്യാഭ്യാസ സംവരണവും തൊഴില്‍ സംവരണവും എടുത്തു കളയും,’ എന്ന പ്രസ്താവനയാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നത്.

കൂടാതെ ബില്‍ക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്ത പ്രതികളെ വിട്ടയച്ച നടപടി, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടന്ന ആക്രമണങ്ങള്‍, യു.പിയിലെ ബുള്‍ഡോസര്‍ രാജ്, കര്‍ണാടകയിലെ ഹിജാബ് നിരോധനം തുടങ്ങിയ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളും റിപ്പോര്‍ട്ടില്‍ പറയുന്നു.

മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ലോകത്തെ വിവിധ രാജ്യങ്ങളില്‍ നടക്കുന്ന സാഹചര്യങ്ങള്‍ വിലയിരുത്തിക്കൊണ്ടാണ് യു.എസ് വിദേശകാര്യ വകുപ്പ് വിശദമായ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന കാര്യങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.

മാധ്യമങ്ങളെയും അഡ്വക്കസി ഗ്രൂപ്പുകളെയും അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് ഉണ്ടാക്കിയതെന്ന് പാകിസ്ഥാന്‍ മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.

മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും ഉള്‍പ്പെടുന്ന ന്യൂനപക്ഷങ്ങള്‍ നിരന്തരമായി ആക്രമണത്തിന് വിധേയമാകുന്നുവെന്നും ഇത് നിയന്ത്രിക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പല ഘട്ടങ്ങളിലും നിയമപാലകര്‍ തന്നെ അക്രമത്തിന് കൂട്ട് നില്‍ക്കുന്ന സാഹചര്യമുണ്ടെന്നും പറയുന്നു.

അതേസമയം ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുകയാണെന്ന യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പുറത്ത് വിട്ട അന്താരാഷ്ട്ര മതസ്വാതന്ത്ര്യ റിപ്പോര്‍ട്ട് കേന്ദ്രം തള്ളിയിരുന്നു. റിപ്പോര്‍ട്ട് പക്ഷപാതപരവും തെറ്റായ വിവരം പ്രചരിപ്പിക്കുന്നതുമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ജി പറഞ്ഞു. രാജ്യത്തെ ന്യൂനപക്ഷത്തെ കുറിച്ച് ഇന്ത്യക്കെതിരെ യു.എസ് ഇതാദ്യമായല്ല റിപ്പോര്‍ട്ട് പുറത്ത് വിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പുറത്ത് വിട്ട അന്താരാഷ്ട്ര മത സ്വാതന്ത്ര്യ റിപ്പോര്‍ട്ടിനെ കുറിച്ച് ഞങ്ങള്‍ക്കറിയാം. എന്നാല്‍ റിപ്പോര്‍ട്ട് തെറ്റായവിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്,’ അരിന്ദം ബാഗ്ജി പ്രസ്താവനയിലൂടെ പറഞ്ഞു.

അടുത്ത മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസ് സന്ദര്‍ശിക്കാനിരിക്കെയാണ് റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.

content highlight: US Report include pc george’s statement

We use cookies to give you the best possible experience. Learn more