വാഷിങ്ടൺ: മത ന്യൂനപക്ഷങ്ങളെയും മനുഷ്യാവകാശ പ്രവർത്തകരെയും നിശബ്ദരാക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ വർധിച്ചതായി യു.എസ് ഫെഡറൽ ഏജൻസി.
യു.എസ് മത സ്വാതന്ത്ര്യ നിയമപ്രകാരം ബൈഡൻ ഭരണകൂടം ഇന്ത്യയെ ‘പ്രത്യേക ആശങ്കയുള്ള രാജ്യമായി’ (country of particular concern) പ്രഖ്യാപിക്കണമെന്ന് വീണ്ടും യു.എസ് മത സ്വാതന്ത്ര്യ നിരീക്ഷണ ഏജൻസി ആവശ്യമുന്നയിച്ചു.
വിദേശത്തുള്ള ആക്ടിവിസ്റ്റുകളെയും മാധ്യമപ്രവർത്തകരെയും അഭിഭാഷകാരെയും നിശബ്ദരാക്കാൻ ഇന്ത്യ ശ്രമിക്കുന്നതായും യു.എസിലെ സ്വതന്ത്ര ഫെഡറൽ കമ്മീഷനായ യു.എസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജ്യസ് ഫ്രീഡം (യു.എസ്.സി.ഐ.ആർ.എഫ്) പറഞ്ഞു.
മത ന്യൂനപക്ഷങ്ങളെയും മനുഷ്യാവകാശ പ്രവർത്തകരെയും നിശബ്ദരാക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ വർധിച്ചതായും യു.എസ്.സി.ഐ.ആർ.എഫ് കമ്മീഷണർ സ്റ്റീഫൻ ഷ്നെക്ക് പറഞ്ഞു.
സ്വന്തം രാജ്യത്ത് മതന്യൂനപക്ഷങ്ങളെയും മാധ്യമപ്രവർത്തകരെയും ആക്ടിവിസ്റ്റുകളെയും അടിച്ചമർത്താൻ യു.എ.പി.എ പോലുള്ള മാരക നിയമങ്ങൾ ഇന്ത്യ പ്രയോഗിച്ചിരുന്നുവെന്ന് മറ്റൊരു കമ്മീഷണറായ ഡേവിഡ് കറി പറഞ്ഞു.
ഖലിസ്ഥാൻ വാദി നേതാവ് ഹർദീപ് സിങ്ങിന്റെ കൊലപാതകത്തിലും യു.എസിൽ വെച്ച് മറ്റൊരു ഖലിസ്ഥാനി നേതാവ് ഗുർപത്വന്ത് സിങ് പന്നുവിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടതിലും ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണം ആശങ്കപെടുത്തുന്നതാണെന്നും യു.എസ്.സി.ഐ.ആർ.എഫ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
2020 മുതൽ ഇന്ത്യയെ ‘പ്രത്യേക ആശങ്കയുള്ള രാജ്യമായി’ പ്രഖ്യാപിക്കണമെന്ന ആവശ്യം യു.എസ്.സി.ഐ.ആർ.എഫ് ഉന്നയിക്കുന്നുണ്ട്. മതപരിവർത്തനം, മിശ്രവിവാഹം, ഗോവധം, ഹിജാബ് ധരിക്കൽ തുടങ്ങിയവയെ ഉന്നം വെച്ചുകൊണ്ടുള്ള നിയമങ്ങൾ ഉൾപ്പെടെ മതപരമായ വിവേചനങ്ങൾ നടത്തുന്ന നയങ്ങളാണ് ഇന്ത്യൻ സർക്കാർ നടപ്പിലാക്കുന്നത് എന്ന് ഏജൻസിയുടെ വാർഷിക റിപ്പോർട്ടിൽ ആരോപിച്ചിരുന്നു.
ഇന്ത്യയെക്കുറിച്ചും അതിന്റെ ഭരണഘടനാപരമായ മൂല്യങ്ങളെ കുറിച്ചുമുള്ള അറിവില്ലായ്മയാണ് പരാമർശങ്ങളിൽ പ്രതിഫലിക്കുന്നത് എന്നായിരുന്നു ആരോപണങ്ങൾക്ക് 2022ൽ ഇന്ത്യൻ വിദേശകാര്യമന്ത്രാലയം മറുപടി നൽകിയത്.
Content Highlight: US religious freedoms body wants India labeled a ‘country of concern’