| Wednesday, 9th March 2022, 7:50 am

പോളണ്ടില്‍ നിന്നുള്ള യുദ്ധവിമാനങ്ങള്‍ തല്‍ക്കാലം ഉക്രൈന് വേണ്ട: ഓഫര്‍ തള്ളി യു.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: പോളണ്ടില്‍ നിന്നും ഉക്രൈന്‍ യുദ്ധവിമാനങ്ങള്‍ വാങ്ങേണ്ടതില്ലെന്ന് അമേരിക്ക. യുഎസിന്റെ എയര്‍ബേസ് വഴി ജെറ്റുകള്‍ ഉക്രൈന് കൈമാറാമെന്നായിരുന്നു പോളണ്ട് പറഞ്ഞിരുന്നത്.

മിഗ് 29, എസ്.യു 35 വിമാനങ്ങളായിരുന്നു ഉക്രൈന് നല്‍കാമെന്ന് പോളണ്ട് വാഗ്ദാനം ചെയ്തത്. എന്നാല്‍ പോളണ്ടിന്റെ ഓഫര്‍ യു.എസ് തള്ളിക്കളയുകയായിരുന്നു.

പോളണ്ടിന്റെ പ്രൊപ്പോസല്‍ നാറ്റോ സഖ്യത്തിന് ആശങ്കയുണ്ടാക്കുന്നതാണ് എന്നാണ് യു.എസിന്റെ നിലപാട്.

”ഞങ്ങള്‍ പോളണ്ടുമായും ഞങ്ങളുടെ മറ്റ് നാറ്റോ സഖ്യരാജ്യങ്ങളുമായും ഈ വിഷയവും അതിന്റെ ലോജിസ്റ്റിക് ചാലഞ്ചസുമായി സംബന്ധിച്ച് നിരന്തരം ബന്ധപ്പെട്ട് കൊണ്ടിരിക്കും.

പോളണ്ടിന്റെ പ്രൊപ്പോസല്‍ ന്യായീകരിക്കാവുന്നതാണ് എന്ന് തോന്നുന്നില്ല,” പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി പ്രതികരിച്ചു.

സോവിയറ്റ് യൂണിയന്റെ സമയത്തുള്ള ജെറ്റുകള്‍ പോളണ്ടില്‍ നിന്നും ജര്‍മനിയിലെ രാംസ്‌റ്റേനിലെ യു.എസ് ബേസിലെത്തിക്കുകയും പിന്നീട് അത് ഉക്രൈനിലെത്തിക്കുകയുമായിരുന്നു പോളണ്ട് മുന്നോട്ടുവെച്ച പദ്ധതി.

ഇതിന് പകരമായി പോളണ്ടിന് എഫ്-16 വിമാനങ്ങള്‍ കൈമാറണമെന്നുമായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ഈ പ്രൊപ്പോസലാണ് ഇപ്പോള്‍ യു.എസ് തള്ളിക്കളഞ്ഞിരിക്കുന്നത്.


Content Highlight: US Rejects Poland’s Offer Of Fighter Jets For Ukraine

We use cookies to give you the best possible experience. Learn more