വാഷിങ്ടൺ: ഐക്യരാഷ്ട്ര സഭയിൽ ഉക്രൈനെതിരെ റഷ്യയുമായി കൈകോർത്ത് അമേരിക്ക. റഷ്യൻ അധിനിവേശം അപലപിച്ചുള്ള ഉക്രൈൻ പ്രമേയത്തെ അമേരിക്ക എതിർത്തു. എന്നാൽ പ്രമേയത്തെ എതിർക്കാൻ ഡൊണാൾഡ് ട്രംപ് ഭരണകൂടം യൂറോപ്യൻ രാജ്യങ്ങളുടെ മേൽ സമ്മർദ്ദം ചെലുത്തിയെങ്കിലും ഫലമുണ്ടായില്ല.
മോസ്കോയുടെ ഉക്രൈൻ ആക്രമണത്തെക്കുറിച്ച് പറയുകയും റഷ്യൻ സൈന്യത്തെ ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന യൂറോപ്പിന്റെ പിന്തുണയുള്ള ഉക്രേനിയൻ പ്രമേയത്തിനെതിരെ വോട്ട് ചെയ്യുന്നതിൽ റഷ്യയ്‌ക്കൊപ്പം അമേരിക്കയും ചേരുകയായിരുന്നു.
ഉക്രൈൻ -റഷ്യ യുദ്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് അമേരിക്ക റഷ്യയ്ക്ക് അനുകൂലമായി വോട്ട് ചെയ്തത്. യൂറോപ്പിന്റെ പിന്തുണയോടെ അവതരിപ്പിച്ച പ്രമേയത്തിന് എതിരായാണ് യു.എസ് റഷ്യക്കൊപ്പം നിന്നത്. യു.എൻ പൊതുസഭയിൽ 93 രാജ്യങ്ങൾ അനുകൂലമായും 18 രാജ്യങ്ങൾ എതിർത്തും വോട്ട് ചെയ്തപ്പോൾ 65 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു.
ഉക്രൈനിന്റെ പ്രമേയത്തിനെതിരെ വോട്ട് ചെയ്ത 18 രാജ്യങ്ങളിൽ റഷ്യ, യുഎസ് , ഇസ്രഈൽ , ഹംഗറി, ഹെയ്തി, നിക്കരാഗ്വ, നൈജർ എന്നിവ ഉൾപ്പെടുന്നു. എന്നാൽ ഇന്ത്യ മുൻകാലങ്ങളിൽ സ്വീകരിച്ച നിലപാട് തന്നെയാണ് വിഷയത്തിൽ ഇക്കുറിയും തുടർന്നത്. പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടു നിൽക്കുകയായിരുന്നു.
ഇന്ത്യക്കൊപ്പം അർജന്റീന, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ചൈന, ഇറാൻ എന്നീ രാജ്യങ്ങളും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. യൂറോപ്പിലെ ഉക്രൈൻ സഖ്യകക്ഷികൾ യു.എസ് പ്രമേയത്തിന് ഏകകണ്ഠമായ പിന്തുണ അറിയിച്ചു. റഷ്യ ഉക്രൈനിൽ മുഴുവൻ അധിനിവേശം ആരംഭിച്ച് മൂന്ന് വർഷം പിന്നിടുന്ന വേളയിലാണ് പ്രമേയം വന്നിരുക്കുന്നത്.
ഉക്രൈൻ-റഷ്യ യുദ്ധം അവസാനിപ്പിക്കുവാൻ യു.എസ് മുന്നിട്ടിറങ്ങിയത് ഡൊണാൾഡ് ട്രംപ് രണ്ടാം വട്ടവും അധികാരത്തിൽ എത്തിയ ശേഷമാണ്. ഇതിനായി തുടക്കം മുതൽ ട്രംപ് സമ്മർദ്ദം ചെലുത്തിയിരുന്നു. ഇതിന്റെ ഭാഗമായി ഇരു രാഷ്ട്ര തലവൻമാരുമായും ട്രംപ് സംസാരിച്ചിരുന്നു. അനുനയ ചർച്ചകളുടെ ആദ്യഘട്ടം സൗദി അറേബ്യയിലെ റിയാദിൽ വച്ച് നടക്കുകയും ചെയ്‌തിരുന്നു. അതിനിടയിലാണ് യു.എൻ പ്രമേയത്തിൽ റഷ്യൻ നിലപാടിനെ അനുകൂലിച്ച് യു.എസ് രംഗത്ത് വരുന്നത്.
Content Highlight: US refuses to blame Russia for Ukraine war, splitting with European allies in UN votes