യു.എസില്‍ 24 മണിക്കൂറിനിടെ ഒരു ലക്ഷത്തോളം പേര്‍ക്ക് കൊവിഡ്
World
യു.എസില്‍ 24 മണിക്കൂറിനിടെ ഒരു ലക്ഷത്തോളം പേര്‍ക്ക് കൊവിഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th November 2020, 12:58 pm

വാഷിങ്ടണ്‍: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ യു.എസില്‍ രേഖപ്പെടുത്തിയത് 99,000-ത്തിലധികം കൊവിഡ് കേസുകള്‍. യു.എസ് പ്രസിഡന്റ്ഷ്യല്‍ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് ഇത്രയും പേര്‍ക്ക് ഒറ്റ ദിവസം കൊവിഡ് പിടിപെട്ടത്.

വളരെ കാലത്തിന് ശേഷമുണ്ടായ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണ് ഇതെന്ന് ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി പറഞ്ഞു.

99,660 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ചൊവ്വാഴ്ചയ്ക്കും ബുനനാഴ്ചയ്ക്കും ഇടയിലുള്ള കണക്കാണ് ഇത്. 1,112 മരണങ്ങളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്.

അമേരിക്കയില്‍ ഇതുവരെ 9.4 മില്യണ്‍ ആളുകള്‍ക്ക് കൊവിഡ് ബാധിക്കുകയും 233,000 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. ലോകരാജ്യങ്ങളിലെ തന്നെ ഏറ്റവും ഉയര്‍ന്ന കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളിലൊന്നാണ് യു.എസ്.

ഒക്ടോബര്‍ പകുതി മുതല്‍ രാജ്യത്ത് ഉടനീളം കേസുകളില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ചില സംസ്ഥാനങ്ങളിലെ ആരോഗ്യ ഉദ്യോഗസ്ഥര്‍ നിലവില്‍ തന്നെ മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. കൂടുതല്‍ പേര്‍ക്ക് ഒന്നിച്ച് രോഗം പിടിപെടുന്നത് ആരോഗ്യസംവിധാനത്തെ മോശമായി ബാധിക്കുമെന്ന് ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും വ്യക്തമാക്കിയിട്ടുണ്ട്.

കൊവിഡ് മഹാമാരി അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയെയും തകര്‍ച്ചയുടെ വക്കില്‍ എത്തിച്ചിട്ടുണ്ട്. പതിനായിരക്കണക്കിന് തൊഴില്‍ നഷ്ടങ്ങളാണ് യു.എസില്‍ കൊവിഡ് പശ്ചാത്തലത്തില്‍ സംഭവിച്ചിരിക്കുന്നത്.

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ അന്തിമ ഫലങ്ങള്‍ ഇതുവരെ അറിവായിട്ടില്ല. മെയില്‍-ഇന്‍ ബാലറ്റുകള്‍ എണ്ണിത്തീരാനും സമയമെടുക്കുന്നുണ്ട്.

ഒക്ടോബറില്‍ യു.എസ് പ്രഡിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കൊവിഡ് പിടിപെടുകയും അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ മാസ്‌ക് പോലുമിടാതെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയ ട്രംപിന്റെ നടപടിയും ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: US records more than 99,000 new COVID-19 cases a day after presidential polls