നിങ്ങള്‍ക്ക് പറ്റില്ലെങ്കില്‍ വിചാരണ ഞങ്ങള്‍ നടത്തിക്കോളാം: മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പാകിസ്ഥാന് അമേരിക്കയുടെ മുന്നറിയിപ്പ്
World News
നിങ്ങള്‍ക്ക് പറ്റില്ലെങ്കില്‍ വിചാരണ ഞങ്ങള്‍ നടത്തിക്കോളാം: മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പാകിസ്ഥാന് അമേരിക്കയുടെ മുന്നറിയിപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 31st December 2020, 4:10 pm

ഇസ്‌ലാമാബാദ്: മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പാകിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക. യു.എസ് മാധ്യമപ്രവര്‍ത്തകന്‍ ഡാനിയേല്‍ പേളിനെ വധിച്ച കേസില്‍ കുറ്റാരോപതിനായ പാകിസ്ഥാന്‍ പൗരനെ വെറുതെ വിടാനുള്ള പാക് കോടതിയുടെ തീരുമാനത്തിന് പിന്നാലെയാണ് മുന്നറിയിപ്പുമായി അമേരിക്കയെത്തിയത്.

പാകിസ്ഥാന്‍ കോടതിയുടെ തീരുമാനം നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് യു.എസ് അറ്റോര്‍ണി ജനറല്‍ ജെഫ്രി റോസന്‍ പ്രതികരിച്ചു. പ്രതി അഹമദ് ഒമര്‍ സയീദ് ഷെയ്ഖിനെതിരെ തക്കതായ നടപടിയുണ്ടായില്ലെങ്കില്‍ ഒമറിനെ കസ്റ്റഡിയിലെടുത്ത് യു.എസില്‍ വിചാരണ നടത്തുമെന്ന് ജെഫ്രി റോസന്‍ അറിയിച്ചു.

2002ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മാധ്യമപ്രവര്‍ത്തകനായ ഡാനിയേല്‍ പേളിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെടുന്ന സമയത്ത് പാകിസ്ഥാനി മിലിറ്റന്റ് ഗ്രൂപ്പുകളും ഷൂ ബോംബര്‍ എന്നറിയപ്പെടുന്ന റിച്ചാര്‍ഡ് സി റീഡുമായുള്ള ബന്ധത്തെകുറിച്ച് അന്വേഷിക്കുകയായിരുന്നു ഡാനിയേല്‍ പേള്‍. പാരിസില്‍ നിന്നും മിയാമിയിലേക്കുള്ള ഫ്‌ളൈറ്റില്‍ ഷൂവില്‍ സ്‌ഫോടക വസ്തുക്കളുമായെത്തിയ അക്രമകാരിയായിരുന്നു റിച്ചാര്‍ഡ് സി റീഡ്.

ഡാനിയേല്‍ വധക്കേസില്‍ പിടിയിലായ ഒമര്‍ ഷെയ്ഖിനെ തടവില്‍ വെക്കണമെന്ന പാകിസ്ഥാനി സര്‍ക്കാരിന്റെ ഉത്തരവ് സിന്ധ് പ്രവിശ്യയിലെ ഹൈക്കോടതി റദ്ദ് ചെയ്തിരുന്നു. ഈ നടപടിയാണ് അമേരിക്കയുടെ വിമര്‍ശനത്തിന് ഇടയാക്കിയത്.

‘ഒമര്‍ ഷെയ്ഖിനെ തടവില്‍ വെക്കാനുള്ള സുപ്രീം കോടതി നടപടികള്‍ പുരോഗമിക്കുന്ന ഈ സമയത്ത് ഇയാളെ കസ്റ്റഡിയില്‍ വെക്കാനുള്ള നടപടികള്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. പക്ഷെ ഇപ്പോള്‍ മറ്റൊരു കോടതിവിധിയിലൂടെ അയാളെ കുറ്റവിമുക്തനാക്കി പുറത്തുവിടുന്നത് തീവ്രവാദി ആക്രമണങ്ങളില്‍ ഇരയാക്കപ്പെട്ടവരെ അപമാനിക്കലാണ്.’ യു.എസ് ഡിപ്പാര്‍ട്ടമെന്റ് ഓഫ് ജസ്റ്റിസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

ഒമറിനും കൂട്ടാളികള്‍ക്കുമെതിരെയുള്ള പാകിസ്ഥാന്‍ സര്‍ക്കാരിന്റെ നടപടിയില്‍ ജെഫ്രി സംതൃപ്തി അറിയിച്ചു. ‘പക്ഷെ ഈ ശ്രമങ്ങള്‍ വിജയിച്ചില്ലെങ്കില്‍ ഒമറിനെ ഇവിടെ കൊണ്ടുവന്ന് വിചാരണ നടത്താന്‍ അമേരിക്ക തയ്യാറാണ്. പേളിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പങ്കുള്ള ഒമറിനെ നിയമത്തിന് മുന്നില്‍ നിന്നും രക്ഷപ്പെടാന്‍ അനുവദിക്കില്ല.’ ജെഫ്രി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: US ready to try Pearl killers if Pakistan courts can’t: USA AG