ന്യൂയോർക്ക്: ഗസക്കെതിരായ ഇസ്രഈലിന്റെ യുദ്ധത്തിൽ ലാഭമുണ്ടാക്കുന്ന കമ്പനികളിൽ നിക്ഷേപം നടത്തിയതിൽ കൊളംബിയ യൂണിവേഴ്സിറ്റിക്കെതിരെ പ്രതിഷേധം നടത്തിയ വിദ്യാർത്ഥികൾക്കെതിരെ എടുത്ത എല്ലാ കുറ്റങ്ങളും പിൻവലിച്ച് പ്രോസിക്യൂട്ടർമാർ. ഇസ്രഈലുമായി ബന്ധമുള്ള കമ്പനികളിൽ കൊളംബിയ യൂണിവേഴ്സിറ്റി നിക്ഷേപം നടത്തിയിരുന്നു.
എന്നാൽ ഗസക്കെതിരെ വംശഹത്യ നിലപാട് സ്വീകരിക്കുന്ന ഇസ്രഈലിനെ പിന്തുണക്കുന്ന കമ്പനികളിൽ നിക്ഷേപം നടത്തുന്ന കൊളംബിയ യൂണിവേഴ്സിറ്റിക്കെതിരെ വിദ്യാർത്ഥികൾ പ്രതിഷേധിക്കുകയും കെട്ടിടം കൈവശപ്പെടുത്തുകയുമായിരുന്നു.
തുടർന്ന് നടന്ന പ്രതിഷേധത്തിൽ പോലീസ് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. 46 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഏപ്രിലിൽ അറസ്റ്റിലായ 46 പേരിൽ 31 പേരുടെ കുറ്റം തള്ളിയിരുന്നു. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി 31 വ്യക്തികൾക്കെതിരായ കുറ്റങ്ങൾ പിൻവലിക്കുമെന്ന് മാൻഹട്ടൻ ജില്ലാ അറ്റോർണി ഓഫീസ് അറിയിച്ചു.
ബാക്കിയുള്ള 14 പ്രതിഷേധക്കാരെയും അടുത്ത ആറ് മാസത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന വ്യവസ്ഥയിൽ അവരുടെ കുറ്റങ്ങൾ ഒഴിവാക്കുമെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞിരുന്നു. എന്നാൽ വിദ്യാർത്ഥികൾ ഈ ഓഫർ നിരസിക്കുകയും ഇരുപക്ഷവും ജൂലൈ 25 ന് കോടതിയിൽ ഹാജരാക്കുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.
ഗസയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മാസങ്ങളായി കൊളംബിയ യൂണിവേഴ്സിറ്റിയിൽ പ്രതിഷേധം നടക്കുന്നുണ്ട്. ഗസക്കെതിരായ യുദ്ധത്തിൽ ഇസ്രഈലിനെ പിന്തുണക്കുന്ന യു.എസിന്റെ നിലപാടുകൾക്കെതിരെയാണ് പ്രതിഷേധം.
ഏപ്രിൽ 30 ന്, കൊളംബിയ യൂണിവേഴ്സിറ്റി, സിറ്റി കോളേജ് ഓഫ് ന്യൂയോർക്ക് എന്നിവയുടെ ക്യാമ്പസുകളിൽ പരിശോധന നടത്താൻ യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേറ്റർമാർ പോലീസിനോട് ഉത്തരവിട്ടിരുന്നു. 300 ഓളം പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു, നിരവധി പ്രകടനക്കാരെ പോലീസ് ആക്രമിക്കുകയും വൈദ്യസഹായം സ്വീകരിക്കുന്നതിൽ നിന്ന് അവരെ തടയുകയും ചെയ്തതായി ദൃക്‌സാക്ഷികൾ പറഞ്ഞിരുന്നു.
കൊളംബിയയിലെ വിദ്യാർത്ഥികൾ യൂണിവേഴ്സിറ്റിയിലെ ഹാമിൽട്ടൺ ഹാൾ കയ്യേറുകയും ഇസ്രഈൽ കൊലപ്പെടുത്തിയ 6 വയസുകാരി ഹിന്ദ് റജബിന്റെ പേരിൽ ഹാൾ പുനർനാമകരണം ചെയ്തതിനെതിരെയായിരുന്നു പോലീസ് പരിശോധന. ഇസ്രഈലിനെ പിന്തുണക്കുന്ന യു.എസിന്റെ നിലപാടിൽ പ്രതിഷേധിച്ച ദിവസവും നിരവധി വിദ്യാർത്ഥികളാണ് പ്രതിഷേധം ചെയ്യുന്നത്. ക്യാമ്പസുകൾക്ക് പുറത്തും വ്യാപകമായ രീതിയിൽ പ്രതിഷേധം അരങ്ങേറുന്നുണ്ട്.
Content Highlight: US: Prosecutors drop all charges against Columbia’s pro-Palestine student protesters