വെസ്റ്റ്ബാങ്ക്: ജെറുസലേമിന് പകരം പലസ്തീന്‍ തലസ്ഥാനമായി അമേരിക്ക മുന്നോട്ടുവെച്ചത് ജെറുസലേമിന്റെ പ്രാന്തപ്രദേശമായ അബുദിസ് ആണെന്ന് ഹമാസ് നേതാവും പലസ്തീന്‍ മുന്‍പ്രധാനമന്ത്രിയുമായ ഇസ്മയില്‍ ഹനിയ്യ. കിഴക്കന്‍ ജെറുസലേമിനോട് ചേര്‍ന്ന് നില്‍ക്കുന്ന പ്രദേശമാണ് അബുദിസ്.
സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍സല്‍മാനാണ് അബുദിസിനെ പലസതീന്റെ ഭാവി തലസ്ഥാനമായി നിര്‍ദേശിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിലവില്‍ ജെറുസലേമിനും അബുദിസിനെയും ഇസ്രഈല്‍ മതില്‍കെട്ടി വേര്‍തിരിച്ചിരിക്കുകയാണ്.
പലസ്തീനിലുള്ളവര്‍ക്ക് വേണ്ടി അബുദിസിനെ അഖ്‌സ പള്ളിയുമായി ബന്ധപ്പെടുത്തി പാലം നിര്‍മിക്കാനും അഖ്‌സ പരിസരത്തെ മൂന്നായി വിഭജിക്കാനും പദ്ധതി രൂപീകരിക്കുന്നതായി ഹനിയ്യ പറഞ്ഞു. ഇക്കാര്യം യു.എസ് സര്‍ക്കാര്‍ പലസ്തീന്‍ അതോറിറ്റിക്ക് മുമ്പാകെ വെ്ച്ചിട്ടുണ്ടെന്നും ഹനിയ്യ പറഞ്ഞു.
അബുദിസിനെ പലസ്തീന്റെ തലസ്ഥാനമായി പ്രഖ്യാപിക്കാനുള്ള നീക്കം ഓസ്‌ലോ കരാറിന്റെ ലംഘനമായാണ് വിമര്‍ശിക്കപ്പെടുന്നത്. കിഴക്കന്‍ ജെറുസലേമിനെ പലസ്തീന്‍ തലസ്ഥാനമായി മുന്നില്‍ കണ്ടുള്ള സമാധാനശ്രമങ്ങളാണ് അമേരിക്കയുടെ നടപടിയോട് കൂടി ഇല്ലാതായത്.
മുമ്പ് ഓസ്‌ലോയ്ക്ക് ശേഷം ജെറുസലേമിന്റെ അടുത്തുള്ള പ്രദേശമമെന്ന നിലയ്ക്ക് അബുദിസില്‍ പലസ്തീന്‍ അതോറിറ്റി ലെജിസ്‌ലേറ്റീവ് കൗണ്‍സിലിന്റെ നിര്‍മ്മാണമാരംഭിച്ചിരുന്നു. എന്നാല്‍ ഇസ്രാഈല്‍ മതില്‍ നിര്‍മ്മിച്ചതും രണ്ടാം ഇന്‍തിഫാദയും (mass uprising) കാരണം പദ്ധതി മുടങ്ങുകയായിരുന്നു.