പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫോട്ടോ ഫിനിഷിങ്ങിലേക്ക് ; ജോ ബൈഡന്‍ കേവല ഭൂരിപക്ഷത്തിന് അരികെ; നിയമ പോരാട്ടത്തിന് ട്രംപ്
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫോട്ടോ ഫിനിഷിങ്ങിലേക്ക് കടക്കുമെന്ന് കണക്കുകള്‍. ഒടുവില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന് ആണ് മുന്‍തൂക്കം.
നിലവില്‍ 264 ഇലക്ട്രല്‍ വോട്ടുകളാണ് ജോ ബൈഡന് ലഭിച്ചിരിക്കുന്നത്. ട്രംപിന് 214 വോട്ടുകളാണ് ഉള്ളത്. ആറ് ഇലക്ട്രല്‍ വോട്ടുകള്‍ കൂടി ലഭിച്ചാല്‍ കേവല ഭൂരിപക്ഷം ജോ ബൈഡന് ലഭിക്കും.
നിലവില്‍ നൊവാഡ സംസ്ഥാനത്ത് ജോ ബൈഡനാണ് മുന്നിട്ട് നില്‍ക്കുന്നത്. ആറ് ഇലക്ട്രല്‍ വോട്ടുകളാണ് ഈ സംസ്ഥാനത്ത് ഉള്ളത്. മൂന്ന് സംസ്ഥാനങ്ങളില്‍ ട്രംപ് മുന്നിട്ട് നില്‍ക്കുന്നുണ്ടെങ്കിലും ഈ ഇലക്ട്രല്‍ വോട്ടുകള്‍ കേവല ഭൂരിപക്ഷത്തിലേക്ക് ട്രംപിനെ എത്തിക്കില്ല.
അതേസമയം തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്നും വ്യാപകമായി കള്ളവോട്ട് നടന്നെന്നുമാണ് ട്രംപ് പറയുന്നത്. മിഷിഗണിലെ വോട്ടെണ്ണല്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് കോടതിയെ സമീപിച്ചിട്ടുണ്ട് വിസ്‌കോണ്‍സിനില്‍ വീണ്ടും വോട്ടെണ്ണണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
നേരത്തെ വോട്ടെണ്ണല്‍ നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുകയാണെന്ന് ട്രംപ് പറഞ്ഞിരുന്നു. ഫല പ്രഖ്യാപനത്തിന് മുമ്പ് തന്നെ താന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.
ആഘോഷത്തിനു തയാറെടുക്കാന്‍ പാര്‍ട്ടി അംഗങ്ങളോട് ട്രംപ് ആഹ്വാനം ചെയ്യുകയും ചെയ്യുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ തെരുവുകളില്‍ സംഘര്‍ഷം ഒഴിവാക്കാന്‍ വന്‍ സുരക്ഷാ സേനയെ വിന്യസിക്കാന്‍ സ്റ്റേറ്റ് ഗവര്‍ണര്‍മാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 3600 സുരക്ഷാ സേനയെ ഇതിനകം വിന്യസിച്ചിട്ടുണ്ട്.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ വലിയ തോതില്‍ തപാല്‍ വോട്ടുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് തട്ടിപ്പിന് ഇടയാക്കിയിട്ടുണ്ടെന്നാണ് ട്രംപ് പറയുന്നത്. എന്നാല്‍ ഇത് ജനാധിപത്യമാണെന്നും അവസാന വോട്ട് എണ്ണുന്നത് വരെ കാത്തിരിക്കണമെന്നുമാണ് ബൈഡന്‍ പറയുന്നത്.