| Friday, 6th November 2020, 12:08 pm

വ്യാജ പ്രചരണങ്ങള്‍ മണിക്കൂറിടവിട്ട് ട്വീറ്റ് ചെയ്ത് ട്രംപ്; സ്‌പോട്ടില്‍ നീക്കം ചെയ്ത് ട്വിറ്റര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: മൂന്ന് ദിവസമായി സസ്‌പെന്‍സ് തുടരുകയാണ് അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍. വോട്ടെണ്ണലില്‍ ബെഡന്‍ മുന്നില്‍ നില്‍ക്കുന്നുണ്ടെങ്കിലും അന്തിമ ഫല സൂചനകള്‍ ഇനിയും പറയാനായിട്ടില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.

ഇതിനിടെ റിപ്പബ്ലിക്കന്‍ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റുകള്‍ തുടര്‍ച്ചയായി നീക്കം ചെയ്യുകയാണ് ട്വിറ്റര്‍. വ്യാജ പ്രചരണങ്ങളാണ് എന്ന് കാണിച്ചാണ് ട്വിറ്റര്‍ ട്രംപിന്റെ ട്വീറ്റുകള്‍ നീക്കം ചെയ്യുന്നത്.

മൂന്ന് മണിക്കൂര്‍ മുന്‍പ് ട്രംപ് ഇട്ട രണ്ട് ട്വീറ്റുകളാണ് ട്വിറ്റര്‍ അടുപ്പിച്ച് നീക്കം ചെയ്തിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ആരംഭിച്ചതിന് ശേഷം ട്രംപിന്റെ നിരവധി ട്വീറ്റുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു.

വോട്ടെണ്ണല്‍ പുരോഗമിക്കവേ ട്രംപ് വൈറ്റ് ഹൗസില്‍ നടത്തിയ പ്രസ്താവനയുടെ ചില ഭാഗങ്ങള്‍ അമേരിക്കന്‍ മാധ്യമങ്ങളും നീക്കം ചെയ്തിരുന്നു.

അമേരിക്കന്‍ തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന ട്രംപിന്റെ വാദങ്ങളാണ് അമേരിക്കയിലെ പ്രധാന മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്യുന്നത് ഒഴിവാക്കിയത്.

വ്യാജ ആരോപണങ്ങളാണ് ട്രംപ് ഉന്നയിച്ചതെന്നും ഇത്, തെറ്റാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു മാധ്യമങ്ങളുടെ നടപടി. എം.എസ്.ബി.എന്‍.സി, എന്‍.ബി.സി, സി.ബി.സി.എ, എ.ബി.സി ന്യൂസ് എന്നീ ചാനലുകളാണ് ട്രംപിന്റെ വാര്‍ത്താ സമ്മേളനത്തിലെ ചില ഭാഗങ്ങള്‍ വെട്ടിമാറ്റിയത്.

അമേരിക്കന്‍ തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന പരാമര്‍ശങ്ങള്‍ ട്രംപിന്റെ ഭാഗത്തു നിന്ന് ഉണ്ടായി മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ എം.എസ്.എന്‍.ബി.സി പരാമര്‍ശം നീക്കുകയായിരുന്നു.

സംസ്ഥാനങ്ങളിലെ കോടതികളില്‍ നിന്ന് തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടന്നിട്ടുണ്ടെന്ന ആരോപണവുമായി ട്രംപ് വൈറ്റ് ഹൗസില്‍ വാര്‍ത്താസമ്മേളനം നടത്തിയത്.

” അവര്‍ തെരഞ്ഞടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. നിയമവിരുദ്ധ വോട്ടുകള്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് കവരാനാണ് ഡെമോക്രാറ്റുകളുടെ ശ്രമം. നിയമപരമായ വോട്ടുകള്‍ എണ്ണുകയാണെങ്കില്‍ ഞാന്‍ എളുപ്പത്തില്‍ വിജയിക്കും”, എന്നായിരുന്നു ഡൊണാള്‍ഡ് ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവേ വൈറ്റ് ഹൗസിലെ ട്രംപിന്റെ വാര്‍ത്താസമ്മേളനം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: US Presidential election: Donald Trump’s tweet Continuously removes twitter

We use cookies to give you the best possible experience. Learn more