അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ഡെമോക്രാറ്റ് ശക്തികേന്ദ്രങ്ങളിലും ട്രംപിന് മുന്നേറ്റം
Daily News
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ഡെമോക്രാറ്റ് ശക്തികേന്ദ്രങ്ങളിലും ട്രംപിന് മുന്നേറ്റം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th November 2016, 8:57 am

ആറ് സ്വിങ് സ്‌റ്റേറ്റുകളില്‍ അഞ്ചും ട്രംപിന് അനുകൂലമായി വോട്ട് ചെയ്തു. ഒപ്പം പല ഡെമോക്രാറ്റ് ശക്തികേന്ദ്രങ്ങളിലും അദ്ദേഹത്തിന് വ്യകതമായ മുന്നേറ്റം നേടാനായി.


ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 16 സംസ്ഥാനങ്ങളില്‍ നിന്ന് 149 ഇലക്ട്രല്‍ വോട്ടുകള്‍ നേടി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന് മുന്നേറ്റം.

ആറ് സ്വിങ് സ്‌റ്റേറ്റുകളില്‍ അഞ്ചും ട്രംപിന് അനുകൂലമായി വോട്ട് ചെയ്തു. ഒപ്പം പല ഡെമോക്രാറ്റ് ശക്തികേന്ദ്രങ്ങളിലും അദ്ദേഹത്തിന് വ്യകതമായ മുന്നേറ്റം നേടാനായി.

538 അംഗ ഇലക്ട്രറല്‍ വോട്ടില്‍ പ്രധാന എതിരാളിയായ ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ഹില്ലരി ക്ലിന്റന് 10 സംസ്ഥാനങ്ങളില്‍ നിന്നായി 109 വോട്ടുകളാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. 270 ഇലക്ടറല്‍ വോട്ടുകള്‍ ഉറപ്പിക്കുന്ന സ്ഥാനാര്‍ഥിയാണ് അമേരിക്കന്‍ പ്രസിഡന്റാകുക. ഫലം പുറത്തുവന്ന 26 സംസ്ഥാനങ്ങളില്‍ പതിനാറിടത്ത് ട്രപും പത്തിടത്ത് ഹിലറിയും ജയിച്ചു.

അതേസമയം, കടുത്ത മല്‍സരം നടക്കുന്ന ഫ്‌ളോറിഡയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ട്രംപാണ് ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്നത്. 29 ഇലക്ടറല്‍ വോട്ടുകളുള്ള ഫ്‌ളോറിഡയില്‍ ജയം നിര്‍ണായകമാണ്. ബില്‍ ക്ലിന്റന്റെ സംസ്ഥാനമായ അര്‍കന്‍സ ട്രംപ് നേടി. ഒഹായോയിലും ജോര്‍ജിയയിലും ട്രംപ് മുന്നേറുകയാണ്.

വയോമിങ്, നോര്‍ത്ത് ഡെക്കോഡ, സൗത്ത് ഡെക്കോഡ, നെബ്രാസ്‌ക, കാന്‍സസ്, ടെക്‌സസ്, അര്‍കന്‍സ, വെസ്റ്റ് വെര്‍ജീനിയ, ഓക്‌ലഹോമ, ടെനിസി, മിസിസിപ്പി, കെന്റക്കി, ഇന്‍ഡ്യാന, സൗത്ത് കാരലൈന, അലബാമ, ലൂസിയാന  എന്നിവയാണ് ട്രംപ് വിജയിച്ച സംസ്ഥാനങ്ങള്‍.

ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ഹിലറി ക്ലിന്റന്‍, ഇല്ലിനോയ്, മേരിലാന്‍ഡ്, ഡെലവെയര്‍, വാഷിങ്ടണ്‍, ന്യൂജഴ്‌സി, റോഡ് ഐലന്‍ഡ്, കനക്ടികട്ട്, ന്യൂയോര്‍ക്ക്, വെര്‍മോണ്ട്, മാസച്യുസിറ്റ്‌സ് എന്നിവിടങ്ങളിലും കേന്ദ്ര തലസ്ഥാനമേഖലയായ ഡിസ്ട്രിക്ട് ഓഫ് കൊളംബിയയിലും ജയിച്ചു.

ഉച്ചയോടെ അന്തിമഫലം പുറത്തുവരും. പുതിയ പ്രസിഡന്റ് 2017 ജനുവരി 20നാണ് സ്ഥാനമേല്‍ക്കുക. ആകെയുള്ള 20 കോടി വോട്ടര്‍മാരില്‍ 4.2 കോടി പേര്‍ മുന്‍കൂര്‍ വോട്ടു ചെയ്തു. പോളിങ്ങ് ദിവസത്തിനു മുന്‍പേ വോട്ടുചെയ്യാനുള്ള യു.എസിലെ പ്രത്യേക അവകാശം വിനിയോഗിച്ചാണ് മുന്‍കൂര്‍ വോട്ട്.