ഒബാമ-റോംനി അവസാന കൂടിക്കാഴ്ച്ച: ഒബാമയ്ക്ക് മുന്‍തൂക്കം
World
ഒബാമ-റോംനി അവസാന കൂടിക്കാഴ്ച്ച: ഒബാമയ്ക്ക് മുന്‍തൂക്കം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd October 2012, 7:00 am

ഫ്‌ളോറിഡ: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള സ്ഥാനാര്‍ത്ഥികള്‍ തമ്മിലുള്ള അവസാന സംവാദത്തില്‍ ബറാക് ഒബാമയ്ക്ക് മുന്‍തൂക്കം. ഒസാമ ബിന്‍ ലാദന്റെ വധത്തേയും  റോംനി അഫ്ഗാനിസ്ഥാനിലെ സേനാപിന്മാറ്റത്തേയും അംഗീകരിച്ച റോംനി സിറിയന്‍ പ്രശ്‌നത്തില്‍ അമേരിക്ക കൂടുതല്‍ ഫലപ്രദമായി ഇടപെടണമെന്ന് ഒബാമയെ കുറ്റപ്പെടുത്തി.[]

സിറിയയിലെ വിമതര്‍ക്ക് അമേരിക്ക ആയുധങ്ങള്‍ നല്‍കണമെന്നും റോംനി അഭിപ്രായപ്പെട്ടു. എന്നാല്‍ വിമതരാണ് പിന്നീട് അമേരിക്കയുടെ ശത്രുക്കളായി മാറുന്നതെന്ന് വ്യക്തമാക്കി ഒബാമ ഇതിന് കൃത്യമായ മറുപടി പറഞ്ഞു. റോംനിയുടെ അഭിപ്രായത്തെ ഒബാമ ശക്തമായി എതിര്‍ക്കുകയും ചെയ്തു. അതേസമയം, സിറിയയിലേക്ക് അമേരിക്കന്‍ സൈന്യത്തെ അയക്കുന്നതിനെ രണ്ട് പേരും എതിര്‍ത്തു.

ഒബാമ സ്വീകരിച്ച വിദേശ നയം തീവ്രവാദ ഭീഷണി തടയാന്‍ പര്യാപ്തമല്ലെന്ന് റോംനി ആരോപിച്ചപ്പോള്‍ റോംനിയുടെ വിദേശ നയത്തില്‍ കൃത്യതയും സ്ഥിരതയുമില്ലെന്നും ഒബാമ കുറ്റപ്പെടുത്തി. ഇറാഖ് വിഷയത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്വീകരിച്ച നിലപാട് തെറ്റായിരുന്നെന്നും ഒബാമ കുറ്റപ്പെടുത്തി.

ലിംഗസമത്വത്തിനും നിയമനിര്‍വ്വഹണത്തിനും പ്രാധാന്യം നല്‍കി തീവ്രവാദത്തിനെതിരെ പൊരുതാന്‍ മുസ്‌ലിംരാജ്യങ്ങളെ അമേരിക്ക സഹായിക്കണമെന്ന് റോംനി ആവശ്യപ്പെട്ടു.
ഇറാഖിലും അഫ്ഗാനിസ്ഥാനിലും നടന്നതു പോലെയുള്ള യുദ്ധങ്ങള്‍ക്ക് പറ്റിയ സാഹചര്യമല്ല നിലവിലുള്ളതെന്നും മീറ്റ് റോംനി പറഞ്ഞു.