| Wednesday, 30th March 2022, 8:28 am

ആള്‍ക്കൂട്ട കൊലപാതകത്തിന് 30 വര്‍ഷം തടവ്; ബില്ലില്‍ ഒപ്പുവെച്ച് ബൈഡന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: ആള്‍ക്കൂട്ട കൊലപാതകം ഫെഡറല്‍ വിദ്വേഷ കുറ്റകൃത്യമാക്കുന്ന എമ്മെറ്റ് റ്റില്‍ ആന്റിലിഞ്ചിങ്ങ് ബില്ലില്‍ ഒപ്പ് വെച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. പുതിയ നിയമം അനുസരിച്ച് ആള്‍ക്കൂട്ടകൊലപാതകത്തില്‍ പ്രതികളാകുന്നവര്‍ക്ക് 30 വര്‍ഷം തടവ് ലഭിക്കും.

1955 ല്‍ ആള്‍ക്കൂട്ട കൊലപാതകത്തിനിരയായ 14 വയസ്സുകാരന്‍ എമ്മെറ്റ് റ്റില്ലിന്റെ പേരാണ് ബില്ലിന് നല്‍കിയത്. കറുത്ത വര്‍ഗക്കാരനായ എമ്മെറ്റ് റ്റില്‍ വെള്ളക്കാരിയായ സ്ത്രീയെ വിസിലടിച്ചു എന്ന ആരോപണമുന്നയിച്ച് ഒരു കൂട്ടം വെള്ളക്കാര്‍ ആള്‍ക്കൂട്ട ആക്രമണത്തിനിരയാക്കി കൊലപ്പെടുത്തുകയായിരുന്നു.

ഈ സംഭവം രാജ്യത്ത് വലിയ പ്രതിഷേധം ഉയര്‍ത്തുകയും സിവില്‍ റൈറ്റ്‌സ് മൂവിമെന്റന് വലിയ ഇന്ധനമാവുകയും ചെയ്തിരുന്നു.

വൈറ്റ് ഹൗസ് റോസ് ഗാര്‍ഡന്‍ ഒപ്പിടല്‍ ചടങ്ങില്‍, കറുത്ത അമേരിക്കക്കാര്‍ അനുഭവിച്ച വംശീയ അക്രമത്തിന്റെ ചരിത്രവും അതിന്റെ തുടര്‍ച്ചയായ ആഘാതവും ജോ ബൈഡന്‍ വിവരിച്ചു.

‘എല്ലാവരും അമേരിക്കയില്‍ പെട്ടവരല്ല, എല്ലാവരും തുല്യരായി സൃഷ്ടിക്കപ്പെട്ടവരല്ല എന്ന നുണ നടപ്പാക്കാനുള്ള ഭീകരതയായിരുന്നു ആള്‍ക്കൂട്ട ആക്രമണം. പൗരാവകാശങ്ങള്‍ക്ക് തുരങ്കം വയ്ക്കുന്ന ഭീകരത.

രാത്രിയുടെ ഇരുളില്‍ മാത്രമല്ല, പകല്‍വെളിച്ചത്തിലുമുള്ള ഭീകരത, നിരപരാധികളായ പുരുഷന്മാരേയും സ്ത്രീകളേയും കുട്ടികളേയും മരങ്ങളിലെ കുരുക്കില്‍ കെട്ടിത്തൂക്കുകയും അവരുടെ ശരീരങ്ങളെ കത്തിക്കുകയും മുക്കി കൊല്ലുകയും ചെയ്ത ഭീകരത,’ അദ്ദേഹം പറഞ്ഞു.

‘അവര്‍ ചെയ്ത കുറ്റം എന്താണ്, വോട്ട് ചെയ്യാന്‍ ശ്രമിച്ചു, സ്‌കൂളില്‍ പോവാന്‍ ശ്രമിച്ചു ഒരു ബിസിനസ് തുടങ്ങാന്‍ ശ്രമിച്ചു, സുവിശേഷം പ്രസംഗിക്കാന്‍ ശ്രമിച്ചു. കറുത്ത വര്‍ഗക്കാരായതു കൊണ്ട് മാത്രം വ്യാജമായ കൊലപാതകുറ്റമോ, കവര്‍ച്ചയോ ആരോപിക്കപ്പെട്ടു,’ ബൈഡന്‍ പറഞ്ഞു.

ജോഗിംഗിന് പോയ 25 കാരനായ കറുത്തവര്‍ഗ്ഗക്കാരന്റെ കൊലപാതകവും, 2017 ലെ വെര്‍ജീനിയയിലെ വൈറ്റ് നാഷണലിസ്റ്റുകളായ വെള്ളക്കാരുടെ റാലിയും, അതിനെതിരെ പ്രതിഷേധിച്ച ആള്‍ കൊല്ലപ്പെട്ടതും ചൂണ്ടിക്കാണിച്ച് പുതിയ നിയമം ഭൂതകാലത്തിന് വേണ്ടി മാത്രമല്ലെന്നും ബൈഡന്‍ ഓര്‍മിപ്പിച്ചു.

ആള്‍ക്കൂട്ട ആക്രമണങ്ങളെക്കുറിച്ചുള്ള രേഖകള്‍ ശേഖരിക്കുന്ന ടസ്‌കെഗീ സര്‍വകലാശാലയുടെ കണക്കനുസരിച്ച്, 1882 മുതല്‍ 1968 വരെ 4,743 പേരാണ് ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായത്. അവരില്‍ 3,446 പേര്‍ കറുത്ത വര്‍ഗക്കാരായിരുന്നു.

ചിത്രം കടപ്പാട്: സി.എന്‍.എന്‍

Content Highlight: us president joe biden signs in a bill making lynching federal hate crime

We use cookies to give you the best possible experience. Learn more