| Sunday, 26th June 2022, 10:29 am

'സുപ്രീംകോടതി വിധിക്കെതിരെ നീങ്ങി ബൈഡന്‍ സര്‍ക്കാര്‍'; തോക്ക് നിയന്ത്രണ ബില്ലില്‍ ഒപ്പുവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: അമേരിക്കയില്‍ തോക്ക് നിയന്ത്രണ ബില്‍ (Gun Control Bill) നിയമമായി. പ്രസിഡന്റ് ജോ ബൈഡന്‍ ഫെഡറല്‍ ബില്ലില്‍ ഒപ്പുവെച്ചതോടെയാണ് ഔദ്യോഗികമായി നിയമം പ്രാബല്യത്തില്‍ വന്നത്.

രാജ്യത്ത് തോക്കുപയോഗിച്ചുള്ള ആക്രമണങ്ങള്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് സുപ്രധാന ബില്ലില്‍ ബൈഡന്‍ ശനിയാഴ്ച ഒപ്പുവെച്ചത്. ‘ഇത് ചരിത്രപരമായ നേട്ടമാണെന്നും’ ബില്ലില്‍ ഒപ്പുവെച്ചതിന് പിന്നാലെ ബൈഡന്‍ പ്രതികരിച്ചു.

”ഞാന്‍ ആഗ്രഹിച്ചതെല്ലാം ഈ ബില്‍ നടപ്പിലാക്കില്ലെങ്കിലും ഞാന്‍ ഏറെക്കാലമായി പറയുന്ന കുറേയേറെ കാര്യങ്ങള്‍ ഇത് നടപ്പിലാക്കും, ജനങ്ങളുടെ ജീവന്‍ രക്ഷിക്കും,” ബൈഡന്‍ പറഞ്ഞു.

നേരത്തെ യു.എസ് സെനറ്റിന്റെ അപ്പര്‍ ചേംബര്‍ ഓഫ് കോണ്‍ഗ്രസ് പാസാക്കിയ ബില്‍ പിന്നീട് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവിലും പാസായിരുന്നു. ഇതോടെയാണ് ബില്‍ ബൈഡന്റെ മുന്നിലെത്തിയത്. 28 വര്‍ഷത്തിനിടെ ആദ്യമായാണ് യു.എസില്‍ ഇത്തരമൊരു നിയമം പാസാക്കുന്നത്. ഇതിന് മുമ്പ് 1994ലായിരുന്നു യു.എസില്‍ തോക്കുനിയമം നിലവില്‍വന്നത്.

റിപബ്ലിക്കന്‍ പാര്‍ട്ടിയുടെയും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയും പിന്തുണയോടെയായിരുന്നു ബില്‍ സെനറ്റില്‍ പാസാക്കിയത്. 33നെതിരെ 65 വോട്ടുകള്‍ നേടിയാണ് ബില്‍ യു.എസ് കോണ്‍ഗ്രസ് പാസാക്കിയത്. ഭരണകക്ഷിയായ ഡെമോക്രാറ്റ്സിനൊപ്പം 15 റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളും ബില്‍ പാസാക്കുന്നതിനൊപ്പം നിന്നിരുന്നു.

പൊതു സ്ഥലങ്ങളില്‍ കൈത്തോക്ക് കൊണ്ടുനടക്കാനുള്ള പ്രാഥമികമായ അവകാശം അമേരിക്കയിലെ ജനങ്ങള്‍ക്കുണ്ടെന്ന യു.എസ് സുപ്രീംകോടതി വിധി പുറത്തുവന്നതിന് പിന്നാലെയായിരുന്നു ഇതിനെതിരെന്നോണം യു.എസ് സെനറ്റ് ബില്‍ പാസാക്കിയത്, എന്നതും ശ്രദ്ധേയമാണ്.

തോക്ക് നിയന്ത്രണ ബില്‍ നിയമമായതോടെ 21 വയസിന് താഴെയുള്ളവര്‍ക്ക് തോക്ക് ലഭിക്കുന്നതിനും വെടിക്കോപ്പുകള്‍ കൈവശം വെക്കുന്നതിനും യു.എസില്‍ നിയന്ത്രണമുണ്ടാകും. കൂടാതെ തോക്ക് വില്‍ക്കുന്നതിന് മുമ്പ് വാങ്ങുന്നയാളെക്കുറിച്ച് ആധികാരികമായി പശ്ചാത്തല പരിശോധന നടത്താനും ബില്ലില്‍ വ്യവസ്ഥയുണ്ട്.

ടെക്‌സസിലെ പ്രൈമറി സ്‌കൂളിലുണ്ടായ വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പുതിയ തോക്കുനിയമം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് പ്രതിഷേധസമരങ്ങള്‍ നടന്നിരുന്നു.

ഇതിനിടെയായിരുന്നു സുപ്രീംകോടതി വിധി പുറത്തുവന്നത്. തോക്ക് സ്വന്തമാക്കാനും കൊണ്ടുനടക്കാനുമുള്ള അവകാശം അമേരിക്കന്‍ പൗരന്മാര്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്, എന്ന നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ (എന്‍.ആര്‍.എ) അഭിഭാഷകരുടെ വാദത്തെ അംഗീകരിച്ചുകൊണ്ടായിരുന്നു കോടതിവിധി.

അതേസമയം, കോടതിവിധിയെ തള്ളി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തിയിരുന്നു. ഭരണഘടനക്കും സാമാന്യ ബോധത്തിനും വിരുദ്ധമാണ് വിധിയെന്നും തോക്ക് സുരക്ഷയുമായി ബന്ധപ്പെട്ട് രാജ്യമെമ്പാടുമുള്ള അമേരിക്കക്കാര്‍ ശബ്ദമുയര്‍ത്തണമെന്നുമായിരുന്നു ബൈഡന്‍ പറഞ്ഞത്.

ഇക്കഴിഞ്ഞ മേയ് 25നായിരുന്നു സൗത്ത് ടെക്സസിലെ ഉവാല്‍ഡേ നഗരത്തിലെ ഒരു പ്രൈമറി സ്‌കൂളില്‍ 18കാരന്‍ നടത്തിയ വെടിവെപ്പില്‍ 19 കുട്ടികളടക്കം 21 പേര്‍ കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ യു.എസിലെമ്പാടും പ്രതിഷേധങ്ങള്‍ ആരംഭിച്ചിരുന്നു.

തോക്ക് നിര്‍മാണ കമ്പനികള്‍ക്ക് യു.എസില്‍ പതിവായി കേസുകളില്‍ നിന്നും സംരക്ഷണം ലഭിക്കാറുണ്ട്. 18 വയസുകഴിഞ്ഞ ആര്‍ക്കും തോക്ക് സ്വന്തമാക്കാം. 2005ലാണ് തോക്ക് നിര്‍മാണ കമ്പനികള്‍ക്ക് സംരക്ഷണം ലഭിക്കുന്ന നിയമം നിലവില്‍ വന്നത്. ബൈഡന്‍ പുതിയ നിയമത്തില്‍ ഒപ്പുവെച്ചതോടെ ഇനി ഇതില്‍ നിയന്ത്രണങ്ങളുണ്ടാകും.

യു.എസിന്റെ ഗണ്‍ വയലന്‍സ് ആര്‍ക്കൈവ് പ്രകാരം ഈ വര്‍ഷം രാജ്യത്ത് ഇതുവരെ 214 മാസ് ഷൂട്ടിങ്ങുകള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: US president Joe Biden signs Gun control law

We use cookies to give you the best possible experience. Learn more