| Saturday, 11th June 2022, 4:06 pm

യു.എസ് ഇന്റലിജന്‍സ് പറഞ്ഞത് കേള്‍ക്കാന്‍ സെലന്‍സ്‌കിക്ക് താല്‍പര്യമില്ലായിരുന്നു: ജോ ബൈഡന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: റഷ്യ ഉക്രൈനില്‍ അധിനിവേശത്തിന് തയാറെടുക്കുന്നതായി അമേരിക്ക നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും എന്നാല്‍ ഉക്രൈന്‍ പ്രസിഡന്റ് അത് അവഗണിക്കുകയായിരുന്നെന്നും യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍.

റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തെക്കുറിച്ച് യു.എസ് ഇന്റലിജന്‍സിന് വിവരം ലഭിച്ചിരുന്നെന്നും എന്നാല്‍ ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിക്ക് അത് കേള്‍ക്കാന്‍ താല്‍പര്യമില്ലായിരുന്നു എന്നുമാണ് ബൈഡന്‍ പറഞ്ഞത്.

ലോസ് ഏഞ്ചലസില്‍ വെച്ച് ഡെമോക്രാറ്റിക് ഫണ്ട്‌റെയ്‌സറില്‍ വെച്ച് സംസാരിക്കുകയായിരുന്നു യു.എസ് പ്രസിഡന്റ്.

റഷ്യ- ഉക്രൈന്‍ യുദ്ധം നൂറ് ദിവസം കടന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ബൈഡന്റെ പരാമര്‍ശമെന്നതും ശ്രദ്ധേയമാണ്. യുദ്ധം തുടരുന്ന സാഹചര്യത്തില്‍ ഉക്രൈന് പിന്തുണ വര്‍ധിപ്പിക്കാന്‍ വേണ്ടി ബൈഡന്‍ വിവിധ പദ്ധതികള്‍ കൊണ്ടുവരുന്നതിനിടെയാണ് ഈ പ്രസ്താവന.

”രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇത്തരത്തിലൊരു സംഭവം നടന്നിട്ടില്ല. ഞാന്‍ കുറച്ച് അധികം പറയുന്നതായിരിക്കും എന്ന് ചിന്തിച്ചവര്‍ ഉണ്ടായിരിക്കാം.

എന്നാല്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ അതിര്‍ത്തി ഭേദിച്ച് പോകാനൊരുങ്ങുകയാണ് എന്നതിനെ ന്യായീകരിക്കാനുള്ള ഡാറ്റ ഞങ്ങളുടെ കയ്യിലുണ്ടായിരുന്നു.

ഇതില്‍ സംശയമൊന്നുമുണ്ടായിരുന്നില്ല. പക്ഷെ, സെലന്‍സ്‌കിക്ക് അത് കേള്‍ക്കാന്‍ താല്‍പര്യമുണ്ടായിരുന്നില്ല,” ബൈഡന്‍ പറഞ്ഞു.

ഇക്കഴിഞ്ഞ ഫെബ്രുവരി 24നായിരുന്നു റഷ്യ ഉക്രൈനില്‍ ആക്രമണമാരംഭിച്ചത്. എന്നാല്‍, ആക്രമണമാരംഭിക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പേ, റഷ്യന്‍ അധിനിവേശത്തിന് സാധ്യതയുണ്ടെന്ന് ബൈഡന്‍ അഡ്മിനിസ്‌ട്രേഷനിലെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയതിനോട് വൊളോഡിമിര്‍ സെലന്‍സ്‌കി ദേഷ്യത്തോടെയായിരുന്നു പ്രതികരിച്ചിരുന്നത്.

Content Highlight: US president Joe Biden says Ukraine president Volodymyr Zelensky rejected US intelligence on Russian invasion

We use cookies to give you the best possible experience. Learn more