ന്യൂയോര്‍ക്ക്: റഷ്യ ഉക്രൈനില്‍ അധിനിവേശത്തിന് തയാറെടുക്കുന്നതായി അമേരിക്ക നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും എന്നാല്‍ ഉക്രൈന്‍ പ്രസിഡന്റ് അത് അവഗണിക്കുകയായിരുന്നെന്നും യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍.
റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തെക്കുറിച്ച് യു.എസ് ഇന്റലിജന്‍സിന് വിവരം ലഭിച്ചിരുന്നെന്നും എന്നാല്‍ ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിക്ക് അത് കേള്‍ക്കാന്‍ താല്‍പര്യമില്ലായിരുന്നു എന്നുമാണ് ബൈഡന്‍ പറഞ്ഞത്.
ലോസ് ഏഞ്ചലസില്‍ വെച്ച് ഡെമോക്രാറ്റിക് ഫണ്ട്‌റെയ്‌സറില്‍ വെച്ച് സംസാരിക്കുകയായിരുന്നു യു.എസ് പ്രസിഡന്റ്.
റഷ്യ- ഉക്രൈന്‍ യുദ്ധം നൂറ് ദിവസം കടന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ബൈഡന്റെ പരാമര്‍ശമെന്നതും ശ്രദ്ധേയമാണ്. യുദ്ധം തുടരുന്ന സാഹചര്യത്തില്‍ ഉക്രൈന് പിന്തുണ വര്‍ധിപ്പിക്കാന്‍ വേണ്ടി ബൈഡന്‍ വിവിധ പദ്ധതികള്‍ കൊണ്ടുവരുന്നതിനിടെയാണ് ഈ പ്രസ്താവന.