| Monday, 11th July 2022, 8:42 am

സുപ്രീംകോടതി 'ഔട്ട് ഓഫ് കണ്‍ട്രോള്‍' ആയെന്ന് ബൈഡന്‍; ഗര്‍ഭഛിദ്രാവകാശം പുനസ്ഥാപിക്കാന്‍ നീക്കം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഗര്‍ഭഛിദ്രത്തിനുള്ള സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശം നിഷേധിച്ചുകൊണ്ടുള്ള അമേരിക്കന്‍ സുപ്രീംകോടതി വിധിക്കെതിരെ വീണ്ടും കടുത്ത നിലപാടുകളുമായി ജോ ബൈഡന്‍ സര്‍ക്കാര്‍.

സുപ്രീംകോടതി ഔട്ട് ഓഫ് കണ്‍ട്രോള്‍ ആയിട്ടുണ്ടെന്ന് പറഞ്ഞ ബൈഡന്‍ പ്രോ ചോയ്‌സ് ലെജിസ്ലേറ്റര്‍മാര വോട്ട് ചെയ്ത് തെരഞ്ഞെടുക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തു.

അബോര്‍ഷനുള്ള അവകാശം പുനസ്ഥാപിക്കാനുള്ള വഴിയാണ് ഫെഡറല്‍ ലെജിസ്ലേഷന്‍ എന്നും അതിനുവേണ്ടി വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രോ ചോയ്‌സ് ലെജിസ്ലേറ്റര്‍മാര വോട്ട് ചെയ്ത് തെരഞ്ഞെടുക്കണമെന്നുമാണ് ബൈഡന്‍ പറഞ്ഞത്.

”ഗര്‍ഭഛിദ്രത്തിനുള്ള അവകാശം പുനസ്ഥാപിക്കാനുള്ള ഏറ്റവും മികച്ച വഴി അത് കോഡിഫൈ ചെയ്യുന്ന ഒരു ദേശീയ നിയമം പാസാക്കുക എന്നതാണ്. എന്റെ ഡെസ്‌കിലൂടെ ഇത് കടന്നുപോകുന്ന മുറയ്ക്ക് എത്രയും പെട്ടെന്ന് ഞാനതില്‍ ഒപ്പുവെക്കും. നമുക്ക് കാത്തിരിക്കാനാവില്ല.

നമ്മുടെ സ്വയം ഭരണാധികാരവും അവകാശങ്ങളും എടുത്തുമാറ്റാന്‍ തീവ്ര റിപബ്ലിക്കന്‍ പാര്‍ട്ടി ഘടകങ്ങളുമായി പ്രവര്‍ത്തിക്കുന്ന ഒരു ഔട്ട് ഓഫ് കണ്‍ട്രോള്‍ സുപ്രീംകോടതിയെ അനുവദിക്കാനാവില്ല,” ജോ ബൈഡന്‍ പറഞ്ഞു.

”വോട്ട് ചെയ്യൂ, വോട്ട് ചെയ്യൂ, വോട്ട് ചെയ്യൂ,” യു.എസിലെ സ്ത്രീകളോട് ബൈഡന്‍ ആഹ്വാനം ചെയ്തു.

യു.എസ് കോണ്‍ഗ്രസിന്റെ നിയന്ത്രണം റിപബ്ലിക്കന്‍സ് ഏറ്റെടുക്കുകയാണെങ്കില്‍ അബോര്‍ഷന് ഫെഡറല്‍ നിരോധനം ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ വീറ്റോ അധികാരം ഉപയോഗിക്കുമെന്നും യു.എസ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

ഗര്‍ഭം അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിന് വേണ്ട എക്‌സിക്യൂട്ടീവ് ഓര്‍ഡറിലും ബൈഡന്‍ വെള്ളിയാഴ്ച ഒപ്പുവെച്ചിരുന്നു.

ഇക്കഴിഞ്ഞ ജൂലൈ 24നായിരുന്നു വിവാദമായ സുപ്രീംകോടതി വിധി വന്നത്. 1973ലെ Roe Vs Wade വിധി റദ്ദാക്കിക്കൊണ്ടായിരുന്നു ഗര്‍ഭഛിദ്രത്തിനുള്ള സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശം കോടതി എടുത്തുകളഞ്ഞത്. എന്നാല്‍ കോടതി വിധിക്കെതിരെ ബൈഡന്റെ ഡെമോക്രാറ്റിക് പാര്‍ട്ടി സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെന്നും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

ഈ വരുന്ന നവംബറിലാണ് യു.എസില്‍ മിഡ് ടേം തെരഞ്ഞെടുപ്പ് നടക്കുന്നത്.

Content Highlight: US president Joe Biden Says Supreme Court is Out Of Control, aims to Restore Abortion Rights

We use cookies to give you the best possible experience. Learn more