| Saturday, 12th March 2022, 10:32 am

ഉക്രൈന്‍ - റഷ്യ വിഷയത്തില്‍ നാറ്റോ ഇടപെട്ടാല്‍ അത് മൂന്നാം ലോക മഹായുദ്ധമായിരിക്കും: ജോ ബൈഡന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഉക്രൈനില്‍ റഷ്യ കെമിക്കല്‍ ആയുധങ്ങള്‍ പ്രയോഗിക്കുകയാണെങ്കില്‍ അതിന് വലിയ വില നല്‍കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍.

ഒരു മൂന്നാം ലോക മഹായുദ്ധം ഉണ്ടാകാനുള്ള സാഹചര്യങ്ങളെയും അതിലേക്ക് റഷ്യയെ നയിച്ചേക്കാവുന്നതിനെയും ഒഴിവാക്കാനാണ് യു.എസ് ശ്രമിക്കുന്നതെന്നും ബൈഡന്‍ പറഞ്ഞു.

യു.എസും ഉക്രൈനും യുദ്ധത്തില്‍ ബയോളജിക്കല്‍ – കെമിക്കല്‍ വെപ്പണുകള്‍ ഉപയോഗിക്കുന്നുണ്ട് എന്ന റഷ്യയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു ബൈഡന്‍.

റഷ്യയും നാറ്റോയും തമ്മില്‍ നേരിട്ട് പോരാടുന്നത് മൂന്നാം ലോക മഹായുദ്ധത്തിന് വഴിവെക്കുമെന്നും അത് തടയാനാണ് യു.എസ് ശ്രമിക്കുന്നതെന്നുമായിരുന്നു ബൈഡന്‍ പറഞ്ഞത്.

”ഞാന്‍ ഇന്റലിജന്‍സിനെക്കുറിച്ചല്ല സംസാരിക്കാന്‍ പോകുന്നത്. എന്നാല്‍ യുദ്ധത്തില്‍ കെമിക്കലുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ റഷ്യ അതിന് വലിയ വില നല്‍കേണ്ടി വരും.

ഉക്രൈനില്‍ റഷ്യക്കെതിരായി ഒരു യുദ്ധത്തില്‍ ഞങ്ങള്‍ ഏര്‍പ്പെടില്ല. റഷ്യയും നാറ്റോയും തമ്മില്‍ നേരിട്ട് പോരാടുന്നത് മൂന്നാം ലോക മഹായുദ്ധമാണ്- അത് തടയാനാണ് നമ്മള്‍ ശ്രമിക്കേണ്ടത്,” ബൈഡന്‍ പറഞ്ഞു.

അതേസമയം, റഷ്യയുടെ അഭ്യര്‍ത്ഥന മാനിച്ച് ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗണ്‍സില്‍ വെള്ളിയാഴ്ച പ്രത്യേക യോഗം ചേര്‍ന്നു. ഉക്രൈനില്‍ ബയോളജിക്കല്‍ വെപ്പണുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന റഷ്യയുടെ ആരോപണത്തിന്റെ പുറത്താണ് യോഗം ചേര്‍ന്നത്.

അതേസമയം, ഉക്രൈന് യുദ്ധവിമാനങ്ങള്‍ നല്‍കാമെന്ന പോളണ്ടിന്റെ വാഗ്ദാനം യു.എസ് തള്ളിക്കളഞ്ഞു. മിഗ് 29, എസ്.യു 35 എന്നീ വിമാനങ്ങള്‍ ഉക്രൈന് നല്‍കാമെന്നായിരുന്നു പോളണ്ട് പറഞ്ഞത്.

ജെറ്റുകള്‍ പോളണ്ടില്‍ നിന്നും ജര്‍മനിയിലെ രാംസ്റ്റേനിലെ യു.എസ് എയര്‍ബേസിലെത്തിക്കുന്നു, പിന്നീട് യു.എസ് അത് ഉക്രൈനിലെത്തിക്കുക എന്നതായിരുന്നു പോളണ്ട് മുന്നോട്ടുവെച്ച പദ്ധതി.

എന്നാല്‍ പോളണ്ടിന്റെ പ്രൊപ്പോസല്‍ നാറ്റോ സഖ്യത്തിന് ആശങ്കയുണ്ടാക്കുന്നതാണ് എന്നായിരുന്നു അമേരിക്കയുടെ പ്രതികരണം.

യു.എസില്‍ നിന്നും എഫ് 16 വിമാനങ്ങള്‍ വാങ്ങാന്‍ ഉക്രൈന്‍ തീരുമാനിച്ചിട്ടുണ്ട്.


Content Highlight:  US President Joe Biden says if  NATO intervenes in the Ukraine-Russia issue, it will be World War III

We use cookies to give you the best possible experience. Learn more