വാഷിങ്ടണ്‍: തന്റെ സൗദി അറേബ്യ സന്ദര്‍ശനത്തിനിടയില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച നടത്തില്ലെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍.
അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന ഒരു മീറ്റിങ്ങില്‍ ഒരുമിച്ച് പങ്കെടുക്കും, അതിന്റെ ഭാഗമായി പരസ്പരം കാണും എന്നതിനപ്പുറം തങ്ങള്‍ തമ്മില്‍ കൂടിക്കാഴ്ച ഉണ്ടാകില്ല, എന്നാണ് ബൈഡന്‍ പറയുന്നത്.
”ഞാന്‍ എം.ബി.എസുമായി കൂടിക്കാഴ്ച നടത്താന്‍ പോകുന്നില്ല. ഞാന്‍ ഒരു അന്താരാഷ്ട്ര മീറ്റിങ്ങിലാണ് പങ്കെടുക്കാന്‍ പോകുന്നത്, അതില്‍ എം.ബി.എസും ഒരു ഭാഗമായിരിക്കും,” ബൈഡന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ജൂലൈ മധ്യത്തോടെയായിരിക്കും ബൈഡന്‍ സൗദി അറേബ്യയും ഇസ്രഈലും സന്ദര്‍ശിക്കുന്നത്. പ്രസിഡന്റായി അധികാരമേറ്റതിന് ശേഷമുള്ള ബൈഡന്റെ ആദ്യ ഗള്‍ഫ് സന്ദര്‍ശനമാണിത്.
ജൂലൈ 13 മുതല്‍ 16 വരെയാണ് സന്ദര്‍ശനം. ഇസ്രഈല്‍ സന്ദര്‍ശനത്തിനൊപ്പം ഫലസ്തീനിയന്‍ അതോറിറ്റിയുമായും ബൈഡന്‍ കൂടിക്കാഴ്ച നടത്താന്‍ സാധ്യതയുണ്ട്.
സൗദി സന്ദര്‍ശനത്തിന് മുമ്പായി ജൂലൈ 14, 15 തീയതികളിലായി ബൈഡന്‍ ഫലസ്തീനിയന്‍ അതോറിറ്റി സന്ദര്‍ശിക്കാനാണ് സാധ്യത. അതോടൊപ്പം ജി.സി.സി, ജോര്‍ദാനിയന്‍, ഈജിപ്ഷ്യന്‍ നേതാക്കളുമായും ബൈഡന്‍ കൂടിക്കാഴ്ച നടത്തിയേക്കും.
സൗദി സന്ദര്‍ശനത്തിനൊപ്പം കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ബൈഡന്‍ കൂടിക്കാഴ്ച നടത്തുമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
അതേസമയം ബൈഡന്റെ സൗദി സന്ദര്‍ശനത്തെ വിമര്‍ശിച്ചും പ്രതിഷേധിച്ചും നിരവധി പ്രതികരണങ്ങളും പുറത്തുവരുന്നുണ്ട്. സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ വധവും അതില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുള്ള പങ്കും ചൂണ്ടിക്കാണിച്ചാണ് വിവിധ മനുഷ്യാവകാശ സംഘടനകള്‍ ബൈഡന്റെ സന്ദര്‍ശനത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
സന്ദര്‍ശനത്തിനെതിരെ യു.എസിലെ ഡെമോക്രാറ്റിക് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ പ്രതിഷേധമുയര്‍ന്നിരുന്നു. ബൈഡന്‍ സൗദി സന്ദര്‍ശിക്കുകയോ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച നടത്തുകയോ ചെയ്യരുതെന്നും സൗദി മണ്ണില്‍ നിന്നും ബൈഡന്‍ അകലം പാലിക്കണമെന്നുമായിരുന്നു ഡെമോക്രാറ്റിക് ലോ മേക്കര്‍ ആദം ഷിഫ് പറഞ്ഞത്.
മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട പോളിസികളില്‍ സൗദി അറേബ്യ കാതലായ മാറ്റങ്ങള്‍ കൊണ്ടുവരുന്നത് വരെ എം.ബി.എസുമായി ഒരു ഇടപാടുകള്‍ക്കും താല്‍പര്യമില്ലെന്നും ആദം ഷിഫ് പ്രതികരിച്ചിരുന്നു.
Content Highlight: US president Joe Biden says he will not meet Saudi Arabia’s crown prince MBS