വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍ സൈന്യത്തെ പിന്‍വലിച്ച തീരുമാനത്തിനെതിരെ കടുത്ത വിമര്‍ശനം ഉയരുമ്പോഴും സേനാപിന്മാറ്റത്തെ ശരിവെച്ച് പ്രസിഡന്റ് ജോ ബൈഡന്‍. തന്റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് താലിബാന്‍ അഫ്ഗാന്‍ കയ്യടക്കിയതിന് ശേഷം നടത്തിയ ആദ്യ പ്രതികരണത്തില്‍ ബൈഡന്‍ പറഞ്ഞത്.
‘എന്റെ തീരുമാനത്തില്‍ ഞാന്‍ പൂര്‍ണമായും ഉറച്ചുനില്‍ക്കുന്നു. യു.എസ് സൈന്യത്തെ പിന്‍വലിക്കാന്‍ പറ്റിയ ഒരു നല്ല സമയം ഒരിക്കലുമില്ലായിരുന്നുവെന്ന് 20 വര്‍ഷത്തിന് ശേഷം ഇന്ന് ഞാന്‍ മനസിലാക്കുകയാണ്,’ ജോ ബൈഡന്‍ പറഞ്ഞു.
9/11 തീവ്രവാദ ആക്രമണ സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അല്‍ ഖ്വയ്ദയുമായുള്ള ബന്ധത്തിന്റെ പേരില്‍ താലിബാനെ ശിക്ഷിക്കുക എന്നതായിരുന്നു അമേരിക്കയുടെ ആദ്യ ലക്ഷ്യമെന്ന് ബൈഡന്‍ പറഞ്ഞു. എന്നാല്‍ അതില്‍ നിന്നും മാറി ഒരു യുദ്ധത്തിലേക്ക് കാര്യങ്ങള്‍ മാറുകയായിരുന്നെന്നും ആ യുദ്ധം നിര്‍ത്തുകയാണ് തന്റെ പ്രഥമ പരിഗണനയെന്നും ബൈഡന്‍ പറഞ്ഞു.
അഫ്ഗാന്‍ എന്ന രാജ്യത്തിന്റെ നിര്‍മ്മാണമോ വികസനമോ ഒരിക്കലും തങ്ങളുടെ ലക്ഷ്യമായിരുന്നില്ലെന്നും ബൈഡന്‍ പറഞ്ഞു. സേനയെ പിന്‍വലിച്ചാലും തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അമേരിക്ക തുടരുമെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ വിചാരിച്ചതിനേക്കാള്‍ വേഗത്തിലായിരുന്നു താലിബാന്റെ ആക്രമണമെന്നും മുന്‍കൂട്ടിക്കണ്ടതുപോലെയല്ല കാര്യങ്ങള്‍ നീങ്ങിയതെന്നും ബൈഡന്‍ സമ്മതിച്ചു.
അമേരിക്കന്‍ സേനയോട് ചേര്‍ന്നുപ്രവര്‍ത്തിച്ച ആയിരക്കണക്കിന് അമേരിക്കന്‍ പൗരന്മാരെയും അഫ്ഗാന്‍ പൗരന്മാരെയും തിരിച്ചെത്തിക്കാനുണ്ടെന്നും ഇതിനിടയില്‍ താലിബാന്‍ ആക്രമണം നടത്തിയാല്‍ അതിശക്തമായി തിരിച്ചടിക്കുമെന്നും ബൈഡന്‍ പറഞ്ഞു.
അഫ്ഗാന്‍ സര്‍ക്കാര്‍ പലായനം ചെയ്തതിനെ ബൈഡന്‍ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. അവരുടെ ഭാവി നിശ്ചയിക്കാനുള്ള എല്ലാ അവസരങ്ങളും തങ്ങള്‍ നല്‍കിയിരുന്നെന്നും പക്ഷെ ഭാവിക്ക് വേണ്ടി പോരാടാനുള്ള മനസ് നല്‍കാനാവില്ലല്ലോയെന്നും ബൈഡന്‍ കുറ്റപ്പെടുത്തി.
താലിബാന്‍ അഫ്ഗാന്‍ കയ്യടക്കിയതിന് പിന്നാലെ ഏതു വിധേനയും രാജ്യത്ത് നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്ന അഫ്ഗാന്‍ ജനതയുടെ ശ്രമങ്ങളും വിമാനങ്ങള്‍ക്ക് ചുറ്റും ആളുകള്‍ തടിച്ചുകൂടുന്നതിന്റെ ദൃശ്യങ്ങളും ബൈഡനെതിരെ വലിയ വിമര്‍ശനമായിരുന്നു ഉയര്‍ത്തിയിരുന്നത്. ചൈനയെയും റഷ്യയെയും പരാമര്‍ശിച്ചുകൊണ്ടായിരുന്നു ബൈഡന്‍ ഈ വിമര്‍ശനങ്ങളോട് പ്രതികരിച്ചത്.
‘നമ്മുടെ എതിരാളികളായ ചൈനക്കും റഷ്യക്കും അമേരിക്ക ഇങ്ങനെ അഫ്ഗാന് വേണ്ടി കോടിക്കണക്കിന് ഡോളറും മറ്റു സ്രോതസുകളും ചെലവഴിക്കുന്നത് കണ്ടിരിക്കാന്‍ നല്ല സന്തോഷമായിരിക്കും,’ ബൈഡന്‍ പറഞ്ഞു.
ബൈഡന്‍ രാജിവെക്കണമെന്നാവശ്യവുമായി മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. അഫ്ഗാന്‍ തലസ്ഥാന നഗരമായ കാബൂളിലേക്ക് കടന്ന താലിബാനെ പ്രതിരോധിക്കാന്‍ പോലും തയ്യാറാകാതെ കീഴടങ്ങിയത് അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട അധ്യായമാണെന്നായിരുന്നു ട്രംപ് പറഞ്ഞത്.
എന്നാല്‍, ട്രംപ് സര്‍ക്കാര്‍ ഒപ്പുവെച്ച കരാര്‍ പ്രകാരമാണ് സൈനിക പിന്മാറ്റം നടത്തിയതെന്നാണ് ബൈഡന്‍ സര്‍ക്കാരിന്റെ വാദം.
20 വര്‍ഷത്തിന് ശേഷം അമേരിക്കന്‍ സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കാനുള്ള തീരുമാനമുണ്ടായതിന് പിന്നാലെയാണ് താലിബാന്‍ അഫ്ഗാനില്‍ ആക്രമണം ശക്തമാക്കിയതും കുറഞ്ഞ ദിവസങ്ങള്‍ക്കൊണ്ട് രാജ്യം പിടിച്ചടക്കിയതും.