വാഷിങ്ടണ്‍: റഷ്യ-ഉക്രൈന്‍ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുതിയ മുന്നറിയിപ്പ് നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.
റഷ്യ ഉക്രൈനെ ആക്രമിക്കുകയാണെങ്കില്‍ നോര്‍ഡ് സ്ട്രീം 2 പൈപ്പ്‌ലൈന്‍ പദ്ധതി (Nord Stream 2 Pipeline) അവസാനിപ്പിക്കുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കിയത്.
പട്ടാള ടാങ്കുകളും മിലിറ്ററി ട്രൂപ്പുകളുമായി വന്ന് ഉക്രൈനെ കീഴടക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ പൈപ്പ്‌ലൈന്‍ ഉപേക്ഷിക്കുമെന്നാണ് ബൈഡന്‍ കഴിഞ്ഞദിവസം പറഞ്ഞത്.
ജര്‍മന്‍ ചാന്‍സലര്‍ ഒലഫ് ഷോള്‍സുമായി ചേര്‍ന്ന് വൈറ്റ്ഹൗസില്‍ നടത്തിയ സംയുക്ത പത്രസമ്മേളനത്തിലായിരുന്നു ബൈഡന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
”റഷ്യ വീണ്ടും ആക്രമിക്കുകയാണെങ്കില്‍, നോര്‍ഡ് സ്ട്രീം 2 പൈപ്പ്‌ലൈന്‍ പിന്നെ ഉണ്ടാകില്ല, ഞങ്ങള്‍ അതിന് ഒരു അവസാനമിടും.
ഞങ്ങള്‍ക്കത് ചെയ്യാന്‍ പറ്റും എന്ന് ഢാന്‍ നിങ്ങള്‍ക്ക് ഉറപ്പുതരുന്നു,” ബൈഡന്‍ വ്യക്തമാക്കി.
ജര്‍മനിയും അമേരിക്കയും ചേര്‍ന്ന് റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തെ ചെറുക്കാന്‍ തീരുമാനമെടുത്തിട്ടുണ്ട്.
പ്രധാനപ്പെട്ട ഒരു യൂറോപ്യന്‍ ഗ്യാസ് പൈപ്പ്‌ലൈന്‍ ആണ് നോര്‍ഡ് സ്ട്രീം 2. റഷ്യന്‍ എനര്‍ജി ഭീമനായ ഗാസ്‌പ്രോം ഡിസൈന്‍ ചെയ്ത വിവാദ പൈപ്പ്‌ലൈന്‍ ആണിത്.
റഷ്യയില്‍ നിന്നും ഉക്രൈന്‍ വഴി ജര്‍മനിയിലേക്കുള്ള ഗ്യാസ് ഫ്‌ളോ ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പൈപ്പ്‌ലൈന്‍ ആരംഭിച്ചത്.
ഉക്രൈന് നേരെയുള്ള റഷ്യയുടെ നീക്കങ്ങളില്‍ അമേരിക്ക തുടര്‍ച്ചയായി ഇടപെടുകയും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
നേരത്തെ ഉക്രൈന് സമീപത്തേക്ക് റഷ്യ ബ്ലഡ് സപ്ലൈ വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
ഉക്രൈന് സമീപത്തെ റഷ്യയുടെ മിലിറ്ററി ബില്‍ഡ് അപ്പിന് സമീപത്തേക്കാണ് രക്തവും മറ്റ് മെഡിക്കല്‍ ഉല്‍പന്നങ്ങളും സപ്ലൈ ചെയ്യുന്നത് വര്‍ധിപ്പിച്ചത്.
മെഡിക്കല്‍ ഉല്‍പന്നങ്ങള്‍ പ്രദേശത്തേക്ക് എത്തിക്കുന്നത് അത്യാഹിത സാഹചര്യം മുന്നില്‍ കണ്ടാണെന്നും റഷ്യ ഒരു യുദ്ധസമാനമായ സാഹചര്യത്തിലേക്ക് നീങ്ങുന്നതിന് ലക്ഷ്യമിടുന്നുണ്ടെന്നുമാണ് പുറത്തുവരുന്ന ഈ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഉക്രൈന്‍ അധിനിവേശ പദ്ധതിയുമായി റഷ്യ ശക്തമായി മുന്നോട്ട് പോകുന്നുണ്ട് എന്നതിന്റെ സൂചനയാണെന്നാണ് വിലയിരുത്തല്‍.
നിലവില്‍ ഒരു ലക്ഷത്തിലധികം മിലിറ്ററി ട്രൂപ്പുകളെയാണ് റഷ്യ ഉക്രൈന് സമീപം റിക്രൂട്ട് ചെയ്തിരിക്കുന്നത്.
Content Highlight: US President Joe Biden said, if Russia invades Ukraine there’ll no longer be Nord Stream 2 pipeline