| Sunday, 27th October 2024, 10:05 pm

വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷം; രാജ്യത്തെ ഇന്ത്യന്‍ അമേരിക്കക്കാരെ ഏകോപിപ്പിക്കാന്‍ യു.എസ് 

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷിക്കാനൊരുങ്ങി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. യു.എസിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ അമേരിക്കക്കാര്‍ക്കൊപ്പമായിരിക്കും ബൈഡന്‍ ദീപാവലി ആഘോഷിക്കുക.

ഇന്ത്യന്‍ അമേരിക്കക്കാര്‍ക്ക് ദീപാവലി ദിവസം ബൈഡന്‍ സ്വീകരണം നല്‍കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. സമ്മേളനത്തില്‍ ബൈഡന്‍ നിലവിലെ സാഹചര്യങ്ങളെ കുറിച്ച് സംസാരിക്കുമെന്നും ബൈഡന്‍ പറഞ്ഞു.

നവംബര്‍ അഞ്ചിന്  2024 യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബൈഡന്‍ സംഘടിപ്പിക്കുന്ന വൈറ്റ് ഹൗസിലെ അവസാനത്തെ ദീപാവലി ആഘോഷമായിരിക്കും ഇത്.

വൈറ്റ് ഹൗസിലെ സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി ജോ ബൈഡന്‍ ബ്ലൂ റൂമിലെ ദിയ വിളക്ക് തെളിയിക്കുമെന്നും അറിയിപ്പ്. കഴിഞ്ഞ വര്‍ഷവും സമാനമായ ആഘോഷം വൈറ്റ് ഹൗസ് സംഘടിപ്പിച്ചിരുന്നു.

സമ്മേളനത്തില്‍ വിരമിച്ച നാവികസേന ക്യാപ്റ്റനും ഇന്ത്യന്‍ വംശജയുമായ സുനിത വില്യംസിന്റെ വീഡിയോ സന്ദേശം ഉണ്ടാകുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നായിരിക്കും സുനിത വില്യംസിന്റെ ദീപാവലി ആശംസകള്‍ ലഭിക്കുക.

ക്ലാസിക്കല്‍ സൗത്ത് ഏഷ്യന്‍ നൃത്ത-സംഗീത സംഘമായ നൂതനയുടെയും മറൈന്‍ കോര്‍പ്‌സ് ബാന്‍ഡിന്റെ കലാപരിപാടികളും ദീപാവലി ആഘോഷത്തില്‍ ഉണ്ടാകുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.

അതേസമയം ഇന്ത്യന്‍ വംശജരായ യു.എസ് പൗരന്മാരെയും ഇന്ത്യക്കാരെയും കോര്‍ത്തിണക്കി ബൈഡന്‍ ദീപാവലി ആഘോഷം സംഘടിപ്പിക്കുന്നത് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചേക്കാമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി നിലവിലെ വൈസ് പ്രസിഡന്റായ കമല ഹാരിസാണ്. അടുത്തിടെ കമല ഹാരിസിന് ജനപിന്തുണ കുറയുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതില്‍ ഇന്ത്യന്‍ വംശജരായ പൗരന്മാര്‍ കമലക്കെതിരെ നിലപാട് എടുക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു.

നിരവധി മുസ്‌ലിം സംഘടനകളുടെ നേതാക്കളും ഇമാമുകളും കമല ഹാരിസിനെതിരെ രംഗത്തെത്തിയിരുന്നു. ഏതാനും നേതാക്കള്‍ പരസ്യമായി മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപിന് പിന്തുണ പ്രഖ്യാപിക്കുന്നുമുണ്ട്.

ഈ പശ്ചാത്തലത്തില്‍ കൂടിയാണ് വൈറ്റ് ഹൗസില്‍ വീണ്ടും ബൈഡന്‍ ദീപാവലി ആഘോഷം സംഘടിപ്പിക്കുന്നത്.

Content Highlight: US President Joe Biden is set to celebrate Diwali at the White House

We use cookies to give you the best possible experience. Learn more