വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് അല്‍ഷിമേഴ്സോ ഡിമെന്‍ഷ്യയോ ബാധിച്ചിട്ടില്ലെന്ന് വൈറ്റ് ഹൗസ്. എങ്ങനെ ജോലി ചെയ്യണമെന്ന് പ്രസിഡന്റിന് അറിയാമെന്ന് വൈറ്റ് ഹൗസ് പറഞ്ഞു. ഈ അടുത്ത കാലങ്ങളില്‍ ഒന്നിലധികം തവണ ലോകരാഷ്ട്രങ്ങളുടെയും നേതാക്കളുടെയും പേരുകളും മറ്റും മാറിയതിന് പിന്നാലെ ബൈഡനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് വിവാദങ്ങളില്‍ പ്രതികരിച്ച് വൈറ്റ് ഹൗസ് രംഗത്തെത്തിയത്.
പ്രസിഡന്റിന്റെ മാനസിക ക്ഷമത നിയമപരമായ വിഷയമാണെന്ന് ഡെമോക്രാറ്റ് നേതാക്കള്‍ അടക്കം ചൂണ്ടിക്കാട്ടിയതും പ്രതികരണത്തിന് കാരണമായി. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീന്‍ ജീന്‍ പിയറിയാണ് ഇതേ സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചത്.
മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ സംവാദത്തിനിടെ പിഴവുകള്‍ സംഭവിച്ച ബൈഡന് താന്‍ ഉന്നയിച്ചിരുന്ന വിഷയങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതേ തുടര്‍ന്ന് ഡെമോക്രാറ്റുകളില്‍ ചിലര്‍ താത്കാലികമായി തെരഞ്ഞെടുപ്പ് പ്രചരണം നിര്‍ത്തിവെക്കാന്‍ ബൈഡനോട് ആവശ്യപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ ബൈഡന് യാത്രാ ക്ഷീണമുണ്ടായിരുന്നതിനാലാണ് സംവാദത്തിനിടെ ഉറങ്ങിപോയതെന്നും വാക്കുകളില്‍ പിഴവുകള്‍ സംഭവിച്ചതെന്നും മുന്‍ യു.എസ് ഹൗസ് സ്പീക്കര്‍ ജീന്‍ പിയറി മാധ്യമങ്ങളോട് പ്രതികരിച്ചു. സംവാദത്തിനിടെ ഉറങ്ങി പോയ സംഭവം വിവാദമായപ്പോള്‍ ബൈഡനും ഇതേ പ്രതികരണമാണ് മാധ്യമങ്ങള്‍ക്ക് നല്‍കിയത്. ബൈഡന്റെ ആരോഗ്യ വിവരങ്ങളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കാന്‍ കഴിയുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ജീന്‍ പിയറി വിസമ്മതിക്കുകയും ചെയ്തു.
81 വയസുള്ള ബൈഡന് ഒട്ടനവധി തവണ നാക്കുപിഴവ് സംഭവിച്ചിട്ടുണ്ട്. യു.എസിലെ പ്രത്യേക കൗണ്‍സിലര്‍ റോബര്‍ട്ട് ഹര്‍, മസ്തിഷ്‌ക ക്യാന്‍സര്‍ ബാധിച്ച് ഏത് വര്‍ഷമാണ് തന്റെ മകന്‍ ബ്യൂ ബൈഡന്‍ മരിച്ചത് എന്ന് പ്രസിഡന്റിന് ഓര്‍മയില്ലെന്ന് ചൂണ്ടിക്കാട്ടുന്ന ഒരു റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ഈ റിപ്പോര്‍ട്ട് ബൈഡന് വലിയ രാഷ്ട്രീയ വെല്ലുവിളി ഉയര്‍ത്തിയിരുന്നു.
ഇതിനുപുറമെ ജോ ബൈഡന് മറവിരോഗമായ അല്‍ഷിമേഴ്സുണ്ടെന്നും അത് ഒരു വ്യക്തിയുടെ താളം തെറ്റിക്കുമെന്നും ഇസ്രഈല്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിറിന്റെ മകന്‍ ഷുവേല്‍ ബെന്‍ ഗ്വിര്‍ നേരത്തെ എക്‌സില്‍ പോസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ മകന് പിഴവ് പറ്റിയതാണെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു.
Content Highlight: US President Joe Biden does not suffer from Alzheimer’s or dementia, says White House