|

എന്റെ തീരുമാനത്തോട് വിയോജിക്കുന്നവരുണ്ടെന്നറിയാം; എന്നാല്‍ മനുഷ്യാവകാശങ്ങള്‍ എന്റെ അജണ്ടയിലുണ്ട്; സൗദി സന്ദര്‍ശനത്തെ ന്യായീകരിച്ച് ജോ ബൈഡന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: തന്റെ സൗദി സന്ദര്‍ശനത്തെ ന്യായീകരിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. അടുത്തയാഴ്ച സൗദി സന്ദര്‍ശിക്കാനിരിക്കെയാണ് പ്രതികരണവുമായി പ്രസിഡന്റ് രംഗത്തെത്തിയത്.

തന്റെ തീരുമാനത്തോട് വിയോജിക്കുന്ന നിരവധി പേരുണ്ടെന്ന് അറിയാമെന്നും എന്നാല്‍ മനുഷ്യാവകാശങ്ങള്‍ എപ്പോഴും തന്റെ അജണ്ടയിലുണ്ടായിരിക്കുമെന്നുമാണ് ബൈഡന്‍ പറഞ്ഞത്.

”സൗദി അറേബ്യ സന്ദര്‍ശിക്കാനുള്ള എന്റെ തീരുമാനത്തോട് വിയോജിക്കുന്ന ഒരുപാട് പേരുണ്ടെന്ന് എനിക്കറിയാം. മനുഷ്യാവകാശങ്ങള്‍ക്ക് മേലുള്ള എന്റെ കാഴ്ചപ്പാടുകള്‍ വ്യക്തവും സുദീര്‍ഘവുമാണ്.

എപ്പോഴും വിദേശത്തേക്ക് യാത്ര ചെയ്യുമ്പോള്‍ മൗലിക സ്വാതന്ത്ര്യങ്ങള്‍ എന്റെ അജണ്ടയിലുണ്ടാകും.

യു.എസ് സൈന്യം അവിടെ ദൗത്യത്തില്‍ ഏര്‍പ്പെടാതിരിക്കെ, 9/11 അറ്റാക്കിന് ശേഷം മിഡില്‍ ഈസ്റ്റ് സന്ദര്‍ശിക്കുന്ന ആദ്യത്തെ പ്രസിഡന്റാണ് ഞാന്‍,” ജോ ബൈഡന്‍ പറഞ്ഞു.

സൗദി സന്ദര്‍ശനത്തിനിടെ സല്‍മാന്‍ രാജാവുമായും അദ്ദേഹത്തിന്റെ ലീഡര്‍ഷിപ് ടീമുമായും ബൈഡന്‍ ബൈലാറ്ററല്‍ ചര്‍ച്ച നടത്തും. സൗദിയുമായും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായുള്ള ബന്ധങ്ങള്‍ പുതുക്കുക, അതില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവരിക എന്നതാണ് ബൈഡന്റെ സന്ദര്‍ശനത്തിന്റെ ഉദ്ദേശം.

സൗദി സന്ദര്‍ശനത്തിനിടെ ഒരുമിച്ച് മീറ്റിങ്ങില്‍ പങ്കെടുക്കും എന്നതിനപ്പുറം മുഹമ്മദ് ബിന്‍ സല്‍മാനുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തില്ല എന്ന് ബൈഡന്‍ നേരത്തെ പറഞ്ഞിരുന്നു. എം.ബി.എസുമായി ബൈഡന്‍ കൂടിക്കാഴ്ച നടത്തുമെന്ന തരത്തില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജൂലൈ 13 മുതല്‍ 16 വരെയുള്ള തീയതികളിലാണ് ബൈഡന്‍ സൗദി അറേബ്യയും ഇസ്രഈലും സന്ദര്‍ശിക്കുന്നത്. പ്രസിഡന്റായി അധികാരമേറ്റതിന് ശേഷമുള്ള ബൈഡന്റെ ആദ്യ ഗള്‍ഫ് സന്ദര്‍ശനമാണിത്.

ഇസ്രഈല്‍ സന്ദര്‍ശനത്തിനൊപ്പം ഫലസ്തീനിയന്‍ അതോറിറ്റിയുമായും ബൈഡന്‍ കൂടിക്കാഴ്ച നടത്താന്‍ സാധ്യതയുണ്ട്. സൗദി സന്ദര്‍ശനത്തിന് മുമ്പ് ജൂലൈ 14, 15 തീയതികളിലായി ബൈഡന്‍ ഫലസ്തീനിയന്‍ അതോറിറ്റി സന്ദര്‍ശിക്കാനാണ് സാധ്യത. അതോടൊപ്പം ജി.സി.സി, ജോര്‍ദാനിയന്‍, ഈജിപ്ഷ്യന്‍ നേതാക്കളുമായും ബൈഡന്‍ കൂടിക്കാഴ്ച നടത്തിയേക്കും.

അതേസമയം ബൈഡന്റെ സൗദി സന്ദര്‍ശനത്തെ വിമര്‍ശിച്ചും പ്രതിഷേധിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ വധവും അതില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുള്ള പങ്കും ചൂണ്ടിക്കാണിച്ചാണ് വിവിധ മനുഷ്യാവകാശ സംഘടനകള്‍ ബൈഡന്റെ സന്ദര്‍ശനത്തെ വിമര്‍ശിച്ചത്.

ഖഷോഗ്ജിയുടെ വധത്തിന് പിന്നില്‍ എം.ബി.എസാണെന്ന യു.എസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവരികയും എം.ബി.എസ് ഒരു ക്രൂരനാണെന്ന തരത്തില്‍ ബൈഡന്‍ മുമ്പ് പ്രതികരിക്കുകയും ചെയ്തിരുന്നു.

സൗദി സന്ദര്‍ശനത്തിനെതിരെ യു.എസിലെ ഡെമോക്രാറ്റിക് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ പ്രതിഷേധമുയര്‍ന്നിരുന്നു. ബൈഡന്‍ സൗദി സന്ദര്‍ശിക്കുകയോ മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച നടത്തുകയോ ചെയ്യരുതെന്നും മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട പോളിസികളില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവരുന്നത് വരെ സൗദി മണ്ണില്‍ നിന്നും എം.ബി.എസില്‍ നിന്നും ബൈഡന്‍ അകലം പാലിക്കണമെന്നുമായിരുന്നു ഡെമോക്രാറ്റിക് ലോ മേക്കര്‍ ആദം ഷിഫ് പ്രതികരിച്ചത്.

എന്നാല്‍ റഷ്യ- ഉക്രൈന്‍ യുദ്ധത്തിന്റെയും റഷ്യക്ക് മേല്‍ അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ഉപരോധമേര്‍പ്പെടുത്തിയതിന്റെയും എണ്ണവില ഉയരുന്നതിന്റെയും പശ്ചാത്തലത്തില്‍ എണ്ണ സമ്പന്ന രാജ്യമായ സൗദിയുടെ പിന്തുണ അമേരിക്കക്ക് അത്യാവശ്യമായ സമയമാണിത്.

Content Highlight: US president Joe Biden defends his visit to Saudi Arabia, says Human Rights are his agenda

Video Stories