വാഷിംഗ്ടണ്‍: തെരഞ്ഞെടുപ്പ് ഫല സൂചനകള്‍ പ്രതികൂലമെങ്കില്‍ പാര്‍ട്ടി അണികള്‍ തെരുവിലിറങ്ങി പ്രതിഷേധം നടത്താനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് അമേരിക്കന്‍ ഭരണകൂടം.
ഇതേത്തുടര്‍ന്ന് വാഷിംഗ്ടണില്‍ വൈറ്റ് ഹൗസിനു ചുറ്റും ചാടിക്കടക്കാനാകാത്ത ഉയരത്തില്‍ വേലി കെട്ടി സുരക്ഷയൊരുക്കിയിരിക്കുകയാണ്. ന്യൂയോര്‍ക്ക് നഗരത്തില്‍ കടകളും സ്ഥാപനങ്ങളും അടച്ചിട്ട് സുരക്ഷയൊരുക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് ദിവസം പെന്‍സില്‍വാനിയ ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ സന്ദര്‍ശനം നടത്തിയിരുന്നു. സമാനമായി മിഷിഗനിലെ ഗ്രാന്‍ഡ് റാപിഡ്‌സില്‍ അര്‍ധരാത്രി അണികളുടെ യോഗം നടത്തി ട്രംപും രംഗത്തെത്തിയിരുന്നു.
അതേസമയം തെരഞ്ഞെടുപ്പില്‍ ലീഡ് നില മാറി മറിയുകയാണ്. ആദ്യ ഫല സൂചനകള്‍ വരുമ്പോള്‍ ബൈഡനാണ് നേരിയ മുന്‍തൂക്കം. ഫലം പ്രഖ്യാപിച്ചിടത്ത് 85 സ്ഥലങ്ങളില്‍ ജോ ബൈഡനും ഡോണാള്‍ഡ് ട്രംപിന് 61 സ്ഥലങ്ങളിലുമാണ് മുന്നേറ്റം ഉണ്ടായിരിക്കുന്നത്.
ഇന്ത്യന്‍ സമയം 4.30 മുതലാണ് പോളിങ് ആരംഭിച്ചത്. തപാല്‍ വോട്ടുകള്‍ എണ്ണിതീര്‍ക്കാന്‍ വൈകുമെന്നതിനാല്‍ ഫലം വൈകുമെന്നാണ് സൂചന. ഇലക്ടറല്‍ കോളേജുകളിലെ 538 അംഗങ്ങളില്‍ 270 പേരുടെ പിന്തുണയാണ് പ്രസിഡന്റിനു വേണ്ടത്. ചിലയിടങ്ങളില്‍ ഇപ്പോഴും വോട്ടെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണെന്നാണ് വിവരം.
വര്‍ജിനീയ, വെര്‍മണ്ട്, മേരിലന്‍ഡ്, ഡെലാവറില്‍, ന്യൂ ജഴ്സി, എന്നിവിടങ്ങളില്‍ ബൈഡന്‍ ആണ് ജയിച്ചത്. ഒഹായോയിലും ഫ്ലോറിഡയിലും ബൈഡന് നിര്‍ണായകലീഡ് ഉണ്ട്. കെന്റക്കി, സൗത്ത് കാരൊളൈന, വെസ്റ്റ് വെര്‍ജീനിയ, സൗത്ത്, നോര്‍ത്ത് കാരൊളൈന എന്നിവിടങ്ങളില്‍ ട്രംപാണ് മുന്നിലുള്ളത്.
10 കോടി പേര്‍ നേരത്തെ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. പോളിംഗ് പൂര്‍ണമാവുമ്പോള്‍ നൂറ്റാണ്ടിലെ ഏറ്റവും വലിയ വോട്ടിംഗ് ശതമാനം 2020 ല്‍ രേഖപ്പെടുത്തുമെന്നാണ് കണക്കുകൂട്ടല്‍. 2016 ലെ തെരഞ്ഞെടുപ്പിലെ ആകെ ബാലറ്റ് നമ്പറുകളേക്കാള്‍ 72 ശതമാനം വോട്ടുകളാണ് ഇതിനകം രേഖപ്പെടുത്തി കഴിഞ്ഞിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക