| Monday, 24th February 2020, 1:19 pm

ഗാന്ധിയെ കുറിച്ചോ ആശ്രമത്തെ കുറിച്ചോ പരാമര്‍ശമില്ല; സബര്‍മതി ആശ്രമത്തിലെ വിസിറ്റേഴ്‌സ് ബുക്കില്‍ ട്രംപ് കുറിച്ചത് ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ സന്ദര്‍ശനം സബര്‍മതി ആശ്രമത്തിലേക്കായിരുന്നു.

സബര്‍മതി ആശ്രമത്തിലെത്തുന്ന ട്രംപിനെ സ്വീകരിക്കാന്‍ നേരത്തെ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശ്രമത്തില്‍ എത്തിയിരുന്നു. ട്രംപിനേയും മെലാനിയ ട്രംപിനേയും സ്വീകരിച്ച് ആനയിച്ച ശേഷം ഗാന്ധി ചിത്രത്തില്‍ മോദിയും ട്രംപും ചേര്‍ന്ന് മാലയിടുകയും ഇതിന് ശേഷം ചര്‍ക്കയില്‍ ട്രംപും മെലാനിയയും നൂല്‍നൂക്കുകയും ചെയ്തിരുന്നു.

ശേഷം പുറത്തിറങ്ങിയ ട്രംപിന് സബര്‍മതി ആശ്രമത്തിലെ വിസിറ്റേഴ്‌സ് ബുക്ക് മോദി കൈമാറുകയും എന്തെങ്കിലും അതില്‍ എഴുതാന്‍ ട്രംപിനോട് ആവശ്യപ്പെടുകയും ചെയ്തു.

സബര്‍മതി ആശ്രമവുമായി ബന്ധപ്പെട്ടോ ഗാന്ധിയുമായി ബന്ധപ്പെട്ടോ ഒന്നുമായിരുന്നില്ല ട്രംപ് പുസ്തകത്തില്‍ എഴുതിയത്. പകരം മോദിക്ക് നന്ദി മാത്രം അറിയിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ കുറിപ്പ്.

” ടു മൈ ഗ്രേറ്റ് ഫ്രണ്ട് പ്രൈം മിനിസ്റ്റര്‍ മോദി , താങ്ക് യു ഫോര്‍ ദിസ് വണ്ടര്‍ ഫുള്‍ വിസിറ്റ്” എന്നായിരുന്നു ട്രംപ് സബര്‍മതി ആശ്രമത്തിലെ വിസിറ്റേഴ്‌സ് ബുക്കില്‍ കുറിച്ചത്.

ഗാന്ധിയെ കുറിച്ച് ഒരുവാക്കുപോലും കുറിക്കാത്ത ട്രംപിന്റെ നടപടി ആശ്ചര്യപ്പെടുത്തുന്നതാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ ചിലര്‍ അഭിപ്രായപ്പെട്ടത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more