വാഷിങ്ടണ്‍: ഇന്ത്യക്ക് നല്‍കുന്ന വ്യാപാര മുന്‍ഗണന ജൂണ്‍ അഞ്ച് വരെയേയുള്ളൂവെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യു.എസ് ഉത്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ലെന്ന് ആരോപിച്ചാണ് യു.എസ് നടപടി.
ബുധനാഴ്ചയോടെ ഇന്ത്യയെ ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സസില്‍ (ജി.എസ്.പി) നിന്ന് പുറത്താക്കും. വികസ്വര രാജ്യങ്ങളുമായുള്ള വ്യാപാരബന്ധം പ്രോത്സാഹിപ്പിക്കുന്ന ‘ജനറലൈസ്ഡ് സിസ്റ്റം ഒഫ് പ്രിഫറന്‍സസ്’ പട്ടികയില്‍നിന്ന് ഇന്ത്യയെ ഒഴിവാക്കുമെന്നു ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ട്രംപ് പ്രഖ്യാപിച്ചത്.
രണ്ടാം മോദി സര്‍ക്കാറിന് ആശംസകള്‍ നേരുകയും ഇന്ത്യയുമായുള്ള ബന്ധം തുടര്‍ന്നും മികച്ച നിലയില്‍ മുന്നോട്ട് കൊണ്ടു പോകണമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇന്ത്യയുമായി അടുത്ത സൗഹൃദമുണ്ടെന്നും എന്നാല്‍ ഈ സൗഹൃദത്തെ കച്ചവടവുമായി കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലെന്നുമാണ് യു.എസിന്റ നിലപാട്.
ഈ വ്യാപാര ഉടമ്പടിയിലൂടെ ഏറ്റവുമധികം നേട്ടമുണ്ടാക്കുന്ന രാജ്യമാണ് ഇന്ത്യ. ഈ ഉടമ്പടിയുടെ ആനുകൂല്യത്തില്‍ 2017ല്‍ യു.എസിലേക്ക് 5.6 ബില്യന്‍ ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യ നടത്തിയത്.
ഇന്ത്യയെ കൂടാതെ തുര്‍ക്കിയേയും യു.എസ് മുന്‍ഗണനാ കരാറില്‍ നിന്ന് പുറത്താക്കാനൊരുങ്ങുകയാണ്. തുര്‍ക്കിയെ ഇനിയും വികസ്വര രാജ്യമായി പരിഗണിക്കാന്‍ സാധിക്കില്ലെന്നാണ് യു.എസിന്റെ വിശദീകരണം.