ഗസയിലെ വംശഹത്യയ്ക്ക് ഇസ്രഈലിനെ പിന്തുണച്ചു ; യു.എസ് പ്രസിഡന്റിനെതിരെ പരാതി
World News
ഗസയിലെ വംശഹത്യയ്ക്ക് ഇസ്രഈലിനെ പിന്തുണച്ചു ; യു.എസ് പ്രസിഡന്റിനെതിരെ പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th November 2023, 5:45 pm

വാഷിങ്ടണ്‍: ഇസ്രഈല്‍ നടത്തുന്ന വംശഹത്യയെ സഹായിച്ചതിന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും അദ്ദേഹത്തിന്റെ രണ്ട് കാബിനറ്റ് അംഗങ്ങള്‍ക്കും എതിരെ പരാതി. പ്രസിഡന്റ് ജോ ബൈഡന്‍,സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, ഡിഫന്‍സ് സെക്രട്ടറി ലോയ്ക് ഒസ്റ്റിന്‍ എന്നിവര്‍ക്കെതിരെയാണ് പരാതി.

ഫലസ്തീന്‍ മനുഷ്യാവകാശ സംഘടനകള്‍ക്ക് വേണ്ടി ന്യൂയോര്‍ക്ക് പൗരാവകാശ സംഘടനയായ സെന്റര്‍ ഫോര്‍ കോണ്‍സ്റ്റിറ്റിയൂഷണല്‍ റൈറ്റ്‌സാണ് (സി.സി. ആര്‍) പരാതി നല്‍കിയത്. ഗസയിലുള്ള ഫലസ്തീനികളും യു.എസ് പൗരന്മാരുടെ ബന്ധുക്കളും ഒരു മാസത്തിലേറെയായി ഇസ്രഈലിന്റെ ബോംബ് ആക്രമണം നേരിടുന്നതായി ഇവര്‍ പറഞ്ഞു.  ഈ ആക്രമണത്തിനായി ആയുധങ്ങളും പണവും നല്‍കുന്നത് യു.എസ് ഗവണ്‍മെന്റ് ആണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇസ്രഈല്‍ ഗവണ്‍മെന്റിന്റെ വംശഹത്യ തടയുന്നതില്‍ പരാജയപ്പെട്ടെന്നും ആക്രമണത്തില്‍ പങ്കാളിയായെന്നും പരാതിയില്‍ കുറ്റപ്പെടുത്തി.

ഒക്ടോബര്‍ ഏഴിന് ആരംഭിച്ച ഇസ്രഈല്‍ ഹമാസ് യുദ്ധത്തില്‍ ഇതുവരെ 11,200ലധികം ഫലസ്തീനികള്‍ ഗസയില്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 1200 ഓളം ഇസ്രഈലികളും കൊല്ലപ്പട്ടു.

നിരവധി ഇസ്രഈലി ഗവണ്‍മെന്റ് നേതാക്കള്‍ വ്യക്തമായ വംശഹത്യ ഉദ്ദേശത്തോടെ ഫലസ്തീനികള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും അവരെ മനുഷ്യത്വരഹിതമായി പരിഗണിക്കുകയും ചെയ്തതായി സി.സി.ആര്‍ പരാതിയില്‍ പറഞ്ഞു.

നേതാക്കളുടെ ഇത്തരം പ്രസ്താവനകളും ഫലസ്തീനികള്‍ക്കെതിരായ കൂട്ടക്കൊലയും ചേര്‍ത്തു വായിക്കുമ്പോള്‍ വെളിവാകുന്നത് വംശഹത്യയുടെ പിന്നിലെ തെളിവുകളാണ് അവര്‍ പറഞ്ഞു.

‘ഗസയില്‍ ബോംബാക്രമണം ആരംഭിച്ചതിന് തൊട്ടു പിന്നാലെ പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രഈലിന് ഉറച്ച പിന്തുണയുമായി രംഗത്തെത്തി. ഗസയില്‍ കൂട്ടക്കൊല നടത്തുമ്പോഴും ബൈഡനും ഭരണകൂടവും ഇസ്രഈലിന് തുടര്‍ച്ചയായി സൈനിക സാമ്പത്തിക രാഷ്ട്രീയ പിന്തുണ ആവര്‍ത്തിച്ച് കൊണ്ടിരുന്നു,’ സി.ആര്‍.ആര്‍ പറഞ്ഞു.

ഇസ്രഈലിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷിയും ശക്തമായ പിന്തുണക്കാരനുമായ അമേരിക്കയാണ് അവര്‍ക്ക് ഏറ്റവും വലിയ സൈനിക സഹായം നല്‍കുന്നതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. ഇസ്രഈല്‍ നടത്തുന്ന ഫലസ്തീന്‍ ജനതയ്ക്ക് നേരെയുള്ള ആക്രമണത്തെ തടയാന്‍ യു.എസിന് സാധിക്കുമെന്നും സി.സി.ആര്‍ പറഞ്ഞു. എന്നാല്‍ അമേരിക്ക ഇസ്രഈലിന്റെ ബോംബ് ആക്രമണത്തെ തടയാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രമങ്ങളെ തടയുകയും സൈനികവും നയതന്ത്രവുമായ പിന്തുണ നല്‍കുകയും ആണ് ചെയ്യുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തി. ബൈഡന്‍, ബ്ലിങ്കന്‍, ഓസ്റ്റിന്‍ എന്നിവര്‍ ഈ കൃത്യത്തിന് സഹായം ചെയ്‌തെന്നും സംഘടന പറഞ്ഞു.

‘അന്താരഷ്ട്ര നിയമങ്ങള്‍ അനുസരിച്ച് ഈ വംശഹത്യ തടയുന്നതിനും പിന്തുണയ്ക്കുന്നത് നിര്‍ത്തുന്നതിനും യു.എസിന് ഉത്തരവാദിത്തമുണ്ട്. അവരതില്‍ പരാജയപ്പെട്ടു. ഇസ്രഈലിന് പിന്തുണ നല്‍കുന്നത് തുടര്‍ന്നു. നിലവില്‍ കൂടുതല്‍ പണവും ആയുധങ്ങളും ഇസ്രഈലിലേക്ക് അയക്കാന്‍ ഉദ്ദേശിക്കുന്നു,’ സി.സി.ആറിലെ അഭിഭാഷക ആസ്താ ശര്‍മ പൊഖാരെല്‍ അല്‍ ജസീറയോട് പറഞ്ഞു.

 

Content highlight : US President Biden sued for ‘complicity’ in Israel’s genocide in Gaza