|

സിറിയയ്ക്ക് മേലുള്ള അന്താരാഷ്ട്ര ഉപരോധങ്ങള്‍ ഭാഗികമായി നീക്കാന്‍ അമേരിക്ക ഒരുങ്ങുന്നതായി റിപ്പോട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡമസ്‌കസ്: വിമത സര്‍ക്കാരിന് കീഴിലുള്ള സിറിയയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര ഉപരോധങ്ങള്‍ അമേരിക്ക ഭാഗികമായി നീക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അമേരിക്ക മുന്നോട്ട് വെക്കുന്ന ചില നിര്‍ദേശങ്ങള്‍ പാലിക്കുന്നതിനനുസരിച്ചായിരിക്കും ഉപരോധങ്ങളില്‍ മാറ്റം വരുത്തുക.

തീവ്രവാദ വിരുദ്ധ വിഷയങ്ങളില്‍ സിറിയ സഹകരിക്കണം, രാജ്യത്തെ എല്ലാ രാസായുധ സംഭരണശാലകളും നശിപ്പിക്കണം, ഇടക്കാല സര്‍ക്കാരില്‍ ചേരുന്നതില്‍ നിന്ന് വിദേശ പോരാളികളെ വിലക്കണം, സിറിയയില്‍വെച്ച് കാണാതായ യു.എസ് മറൈന്‍ ജേണലിസ്റ്റായ ഓസ്റ്റിന്‍ ടൈസിനെ കണ്ടെത്താന്‍ സഹായിക്കുന്നതിന് ലെയ്സണെ നിയമിക്കണം എന്നീ ആവശ്യങ്ങളാണ് അമേരിക്ക മുന്നോട്ട് വെച്ചതെന്നാണ് റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

അമേരിക്കയുടെ ഉപരോധ ഇളവ് കുറഞ്ഞത് രണ്ട് വര്‍ഷത്തെക്കെങ്കിലും നീണ്ട് നില്‍ക്കുമെന്നാണ് സൂചന. എന്നാല്‍ ഇത് എപ്പോള്‍ പ്രാബല്യത്തില്‍ വരുമെന്നോ അമേരിക്കയുടെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ സിറിയയ്ക്ക് സമയപരിധി നല്‍കിയിട്ടുണ്ടോ എന്ന കാര്യത്തിലോ വ്യക്തതയില്ല.

കഴിഞ്ഞയാഴ്ച ബ്രസല്‍സില്‍വെച്ച് നടന്ന സമ്മേളനത്തിനിടെ സിറിയന്‍ വിദേശകാര്യ മന്ത്രി അസദ് അല്‍-ഷിബാനിക്ക് സിറിയയുടെ മേല്‍നോട്ടമുള്ള സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥയായ നതാഷ ഫ്രാന്‍സെസ്ചി, യു.എസ് നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പട്ടിക നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്.

സിറിയയിലേക്ക് മാനുഷിക സഹായം എത്തിക്കുന്നതിനായി ജനുവരിയില്‍ തന്നെ യു.എസ് ആറ് മാസത്തെ ജനറല്‍ ലൈസന്‍സ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ മുന്നേറ്റം.

സിറിയയുടെ ഇടക്കാല പ്രസിഡന്റായ അഹമ്മദ് അല്‍-ഷറ, അന്താരാഷ്ട്ര നിക്ഷേപം ക്ഷണിക്കാനും 14 വര്‍ഷത്തെ യുദ്ധത്തിനുശേഷം സിറിയ പുനര്‍നിര്‍മിക്കാനും തന്റെ രാജ്യത്തിനുമേലുള്ള ഉപരോധങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഖത്തര്‍ പ്രധാനമന്ത്രിമുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ അല്‍ താനിയുമായി കൂടിക്കാഴ്ച നടത്തിയ സിറിയന്‍ വിദേശകാര്യ മന്ത്രി അല്‍ ഷിബാനിയും വീഴ്ചയില്‍ നിന്ന് കരകയറാന്‍ യു.എസ് ഉപരോധം ഒരു തടസമാണെന്ന് പറഞ്ഞിരുന്നു. യുദ്ധത്തില്‍ തകര്‍ന്ന സിറിയക്കെതിരായ എല്ലാ അന്താരാഷ്ട്ര ഉപരോധങ്ങളും പിന്‍വലിക്കണമെന്ന് തുര്‍ക്കി അടുത്തിടെ മറ്റ് രാജ്യങ്ങളോട് ആഹ്വാനം ചെയ്തിരുന്നു.

വര്‍ഷങ്ങള്‍ നീണ്ടുനിന്ന ആഭ്യന്തരയുദ്ധത്തിനുശേഷം പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ അട്ടിമറിച്ചാണ് വിമത സംഘടനയായ ഹയാത്ത് തെഹ്‌രീര്‍ അല്‍ ഷാം (എച്ച്.ടി.എസ്) സിറിയയില്‍ അധികാരം പിടിച്ചത്. ഈ മാസം ആദ്യം, അസദ് വിശ്വസ്തരും രാജ്യത്തെ സുരക്ഷ സേനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 1,000ത്തിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സാധാരണക്കാരായിരുന്നു.

Content Highlight: US preparing to partially lift sanctions on Syria, report says