സിയാറ്റില്‍; യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ സിയാറ്റിലില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ജാഹ്നവി കണ്ടുലയുടെ മരണത്തിന് ഉത്തരവാദിയായ പൊലീസ് ഉദ്യോഗസ്ഥന്‍ മതിയായ തെളിവുകളുടെ അഭാവം മൂലം ഒരു ക്രിമിനല്‍ കുറ്റവും നേരിടേണ്ടിവരില്ലെന്ന് ഔദ്യാഗിക വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജനുവരി 23 ന് 23കാരിയായ കണ്ടുല റോഡ് മുറിച്ചുകടക്കുമ്പോള്‍ ഉദ്യോഗസ്ഥനായ കെവിന്‍ ഡേവ് ഓടിച്ച പോലീസ് കാര്‍ ഇടിക്കുകയായിരുന്നു. മണിക്കൂറില്‍ 119 കിലോമീറ്ററിലധികം വേഗതയിലാണ് ഡേവ് വാഹനമോടിച്ചതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
ഇടിയുടെ ആഘാതത്തില്‍ ദൂരേക്ക് തെറിച്ചു വീണ ജാഹ്നവി, അന്നുരാത്രി തന്നെ മരണപ്പെടുകയായിരുന്നു.
ഡേവിനെതിരായുള്ള ക്രിമിനല്‍ കേസ് സംശയാതീതമായി തെളിയിക്കുന്നതില്‍, തെളിവുകളുടെ അഭാവമുണ്ടെന്ന് കിങ് കൗണ്ടി പ്രോസിക്യൂട്ടിങ് അറ്റോര്‍ണി ബുധനാഴ്ച തന്റെ പ്രസ്താവനയില്‍ പറഞ്ഞു.
‘മുതിര്‍ന്ന ഡെപ്യൂട്ടി പ്രോസിക്യൂട്ടിംഗ് അറ്റോര്‍ണിമാരുമായും ഓഫീസ് നേതൃത്വവുമായുള്ള വിശകലനത്തില്‍, ഡേവിനെതിരായ ക്രിമിനല്‍ കേസ് തെളിയിക്കാന്‍ മതിയായ തെളിവുകള്‍ ഇല്ലെന്ന് കണ്ടെത്തിയിരിക്കുന്നു’ കിങ് കൗണ്ടി പ്രോസിക്യൂട്ടിങ് അറ്റോര്‍ണി ലീസ മാനിയോണ്‍ പറഞ്ഞു. ‘കണ്ടുലയുടെ മരണം ഹൃദയഭേദകവും കിങ് കൗണ്ടിയിലെയും ലോകമെമ്പാടുമുള്ള സമൂഹത്തെ സ്വാധീനിച്ചതുമാണ്,’ മാനിയോണ്‍ കൂട്ടിച്ചേര്‍ത്തു.
2023 സെപ്റ്റംബറില്‍, മറ്റൊരു ഉദ്യോഗസ്ഥന്‍ കണ്ടുലയുടെ മരണത്തില്‍ ചിരിക്കുന്നതായി കാണിക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. കേസില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ അധികാരികളോട് ആവശ്യപ്പെടാന്‍ സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിനെ ഇത് പ്രേരിപ്പിച്ചു. ഈ റിപ്പോര്‍ട്ടുകള്‍ ‘വലിയ ആശങ്കയുണ്ടാക്കുന്ന ഒന്നാണെന്നും, ഇതില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കോണ്‍സുലേറ്റ് പറഞ്ഞു.
ആന്ധ്രാപ്രദേശില്‍ നിന്നുള്ള മാസ്റ്റേഴ്സ് വിദ്യാര്‍ത്ഥിയായ കണ്ടുല സിയാറ്റിലിലെ നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്സിറ്റിയില്‍ ബിരുദത്തിന് പഠിക്കുകയായിരുന്നു.
Content Highlight: US police officer who struck and killed Indian student will not face criminal charges