|

ലോകാരോഗ്യ സംഘടനയ്ക്ക് മാത്രമല്ല ഉക്രൈനടക്കമുള്ള രാജ്യങ്ങള്‍ക്കും സഹായമില്ലെന്ന് ട്രംപ്; കിട്ടുക ഇസ്രഈലിനും ഈജിപ്തിനും മാത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ലോകാരാഗ്യ സംഘടനയ്ക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തലാക്കിയതിന് പിന്നാലെ ഉക്രൈനടക്കമുള്ള ലോകരാജ്യങ്ങള്‍ക്ക് അമേരിക്ക നല്‍കിയിരുന്ന വിദേശ ഫണ്ട് നിര്‍ത്തിവെച്ച് ട്രംപ് ഭരണകൂടം. മൂന്ന് മാസത്തേക്കാണ് സാമ്പത്തിക സഹായം നിര്‍ത്തിവെച്ചിരിക്കുന്നത്.

അതേസമയം ഇസ്രഈല്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ക്ക് നല്‍കിവരുന്ന അടിയന്തര സഹായം തുടരുമെന്ന് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഉദ്യോഗസ്ഥര്‍ക്കും വിദേശത്തെ യു.എസ് എംബസികള്‍ക്കും അയച്ച മെമ്മോയിലാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നിലവിലുള്ള എല്ലാ വിദേശ സഹായങ്ങളും നിര്‍ത്തിയതായി അറിയിച്ചിരിക്കുന്നത്.

കണക്കുകള്‍ പ്രകാരം 2023ല്‍ മാത്രം 68 ബില്യണ്‍ ഡോളറാണ് അമേരിക്ക ഈയനിത്തില്‍ ചെലവഴിച്ചത്. ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര സഹായ ദാതാവാണ് അവര്‍. വികസന സഹായം മുതല്‍ സൈനിക സഹായം വരെയുള്ള എല്ലാ ധനസഹായങ്ങളെയും സ്റ്റേറ്റ് ഡിപ്പാര്‍ട്ടമെന്റിന്റെ നോട്ടീസ് ബാധിക്കും.

‘പുതിയ അറിയിപ്പ് വരുന്നത് വരെയോ അംഗീകരിക്കുന്നത് വരെയോ നിലവില്‍ നല്‍കിവരുന്ന ഫണ്ടുകള്‍ നല്‍കുകയോ പുതിയ ഫണ്ടുകള്‍ അനുവദിക്കുകയോ ചെയ്യില്ല,’ ജീവനക്കാര്‍ക്കുള്ള മെമ്മോയില്‍ പറയുന്നു.

ട്രംപിന്റെ വിദേശനയ ലക്ഷ്യങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എല്ലാ വിദേശ സഹായങ്ങളുടെയും വിപുലമായ അവലോകനം 85 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനും ഉത്തരവില്‍ പറയുന്നുണ്ട്.

അമേരിക്കയെ ‘ശക്തവും സുരക്ഷിതവും കൂടുതല്‍ അഭിവൃദ്ധി’യുള്ളതുമായ രാജ്യമാക്കി മാറ്റിയാല്‍ മാത്രമെ വിദേശത്തുള്ള ചെലവുകളും നടത്താന്‍ കഴിയൂ എന്ന് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ മുമ്പ് പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നാണ് സൂചന.

അതേസമയം ട്രംപ് ഭരണകൂടത്തിന്റെ ഈ തീരുമാനം ലോകമെമ്പാടും യു.എസ് ധനസഹായം നല്‍കിവരുന്ന മാനുഷിക, വികസന പരിപാടികള്‍ മുടങ്ങുന്നതിനും വെള്ളം, പാര്‍പ്പിടം എന്നിവയുള്‍പ്പെടെയുള്ള നിര്‍ണായകമായ വികസന പദ്ധതികളെ ദോഷകരമായും ബാധിക്കുമെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍.

കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടനയില്‍ നിന്ന പുറത്ത് പോകും എന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ സംഘടനയ്ക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തിവെക്കുമെന്ന് ട്രംപ് അറിയിച്ചിരുന്നു.

കൊവിഡിന്റെ സമയത്ത് ലോകാരോഗ്യ സംഘടന തെറ്റായ രീതിയിലാണ് കൈകാര്യം ചെയ്തത്, ആവശ്യമായ പരിഷ്‌കാരങ്ങള്‍ നടത്തുന്നതില്‍ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ പരാജയപ്പെട്ടു, യു.എസില്‍ നിന്ന് സംഘടന വലിയ തുക വാങ്ങുന്നു എന്നാല്‍ ചൈന വളരെ കുറച്ച് പണം മാത്രമാണ് നല്‍കുന്നത് എന്നീ കാരണങ്ങളാണ് ഡബ്ല്യു. എച്ച്. ഓയില്‍ നിന്നും പിന്‍വാങ്ങുന്നതിനുള്ള കാരണമായി ട്രംപ് പറഞ്ഞത്. സംഘടനയുടെ ഏറ്റവും വലിയ ഫണ്ട് ദാതാവായിരുന്നു യു.എസ്.

Content Highlight: US paused foreign aid to countries including Ukraine  leaked memo says

Latest Stories

Video Stories