വാഷിങ്ടണ്‍: ഫലസ്തീന്‍ ബാങ്കുകളുമായുള്ള സാമ്പത്തിക ബന്ധം അവസാനിപ്പിക്കാനുള്ള ഇസ്രഈലിന്റെ നീക്കത്തില്‍ അതൃപ്തിയറിയിച്ച് യു.എസ്. ഒക്ടോബറോട് കൂടി ഫലസ്തീന്‍ ബാങ്കുകളുമായുള്ള ബന്ധം അവസാനിപ്പിക്കുമെന്ന് ഇസ്രഈലി ധനമന്ത്രി ബെസാലെല്‍ സ്‌മോട്രിച്ച് സൂചന നല്‍കിയിരുന്നു. ഈ നീക്കത്തിനെതിരെയാണ് യു.എസ് അധികൃതര്‍ പ്രതികരിച്ചിരിക്കുന്നത്.
ഫലസ്തീനുമായുള്ള സാമ്പത്തിക ബന്ധം വിച്ഛേദിക്കുന്നത് വെസ്റ്റ് ബാങ്കിന്റെ നിലനില്‍പിന് ദോഷമുണ്ടാക്കുമെന്നാണ് യു.എസിന്റെ വിലയിരുത്തല്‍. ബാങ്കിങ് സംവിധാനത്തിന്റെ തകര്‍ച്ച വെസ്റ്റ് ബാങ്കിലെ ഫലസ്തീന്‍ അതോറിറ്റിയെ താഴെയിറക്കുമെന്ന് യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാല വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.
സാമ്പത്തികമായി അരക്ഷിതാവസ്ഥ നേരിട്ടാല്‍ വെസ്റ്റ് ബാങ്കിനെ നിയന്ത്രിക്കാനുള്ള ഫലസ്തീന്‍ അതോറിറ്റിയുടെ അധികാരത്തില്‍ വിള്ളലുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗസയ്ക്ക് പുറമെ വെസ്റ്റ് ബാങ്കിലേക്ക് കൂടി ഇസ്രഈലി സൈന്യം സംഘര്‍ഷം വ്യാപിച്ച സാഹചര്യത്തിലാണ് ഇത്തരത്തിലൊരു റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
സ്‌മോട്രിച്ചിന്റെ നീക്കം വെസ്റ്റ് ബാങ്കിലെ സംഘര്‍ഷം രൂക്ഷമാകാന്‍ കാരണമാകും. നിലവില്‍ ഫലസ്തീനിലേക്ക് കുടിയേറി വെസ്റ്റ് ബാങ്കില്‍ കഴിയുന്ന ഇസ്രഈലികള്‍ ഉള്‍പ്പെടെയാണ് പശ്ചിമേഷ്യയില്‍ ആക്രമണങ്ങള്‍ നടത്തുന്നത്.
ഫലസ്തീന്‍ അതോറിറ്റി താഴെ വീണാല്‍ വെസ്റ്റ് ബാങ്കിന്റെ നിയന്ത്രണം പൂര്‍ണമായും ഇസ്രഈലിന്റെ കൈവശമാകുമെന്നും യു.എസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം ഫലസ്തീന്‍ അതോറിറ്റി ഇസ്രഈലിന് ഭീഷണിയാണെന്ന് സ്‌മോട്രിച്ച് നേരത്തെ പറഞ്ഞിരുന്നു. ഹമാസിനെ തകര്‍ക്കാനുള്ള സൈനിക നടപടി തുടരുന്നതിനാല്‍ തന്നെ സാമ്പത്തിക ബന്ധം വിച്ഛേദിക്കാനുള്ള തീരുമാനം ഇസ്രഈലിന് ഒരു സ്വത്തുസമ്പാദനം കൂടിയാകുമെന്നും മന്ത്രി പറഞ്ഞിരുന്നു.
ധനവകുപ്പ് കൈകാര്യം ചെയ്യുന്നതിന് പുറമെ വെസ്റ്റ് ബാങ്കിലെ ഏതാനും സിവിലിയന്‍ അധികാരങ്ങളും കൈയാളുന്ന മന്ത്രി കൂടിയാണ് സ്‌മോട്രിച്ച്. ഇത് ഇസ്രഈല്‍-ഫലസ്തീന്‍ ബന്ധത്തില്‍ സ്വാധീനം ചെലുത്തുന്നതിനായി സ്‌മോട്രിച്ചിനെ സഹായിക്കും.
എന്നാല്‍ സ്‌മോട്രിച്ചിന്റെ നടപടികളില്‍ നെതന്യാഹു ഭരണകൂടം ഒന്നിലധികം തവണ സമ്മര്‍ദത്തിലായിരുന്നു. തുടര്‍ന്ന് സെറ്റില്‍മെന്റ് ഹോമുകള്‍ക്കുള്ള അംഗീകാരം ഉള്‍പ്പെടെയുള്ള വിഷയങ്ങളിലെ തീരുമാനങ്ങളില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മാറ്റങ്ങള്‍ വരുത്തുകയുമുണ്ടായി.
Content Highlight: US opposes Israeli move to end financial ties with Palestinian banks