|

സമയം നിശ്ചയിച്ചു അടുത്ത ആഴ്ച വിയന്നയില്‍; ഇറാനും അമേരിക്കയും ആ വിഷമസന്ധി ചര്‍ച്ചയ്‌ക്കെടുക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: അമേരിക്കയും ഇറാനും തമ്മില്‍ അടുത്ത ആഴ്ച വിയന്നയില്‍ ആണവകരാറുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചര്‍ച്ച നടത്തും. യൂറോപ്യന്‍ യൂണിയന്‍ നേതാക്കളും യോഗത്തില്‍ പങ്കെടുക്കും.

2015ല്‍ ഒബാമ സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന ജെ.പി.സി.ഒ.എ കരാറില്‍ നിന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 2018ല്‍ പിന്മാറുകയായിരുന്നു. ഇതിന് പിന്നാലെ ട്രംപ് ഇറാനുമേല്‍ ഉപരോധവും ഏര്‍പ്പെടുത്തിയിരുന്നു.

” ഇറാനും അമേരിക്കയുമായുള്ള ബന്ധത്തില്‍ പെട്ടെന്നൊരു വഴിത്തിരവ് ഉണ്ടാകാന്‍ സാധ്യതയില്ല. തീര്‍ച്ചയായും വളരെ പ്രയാസമേറിയ സംഭാഷണം തന്നെയായിരിക്കും നടക്കുക. പക്ഷേ ഇത് ആരോഗ്യകരമായ ചുവടുവെപ്പായി ഞങ്ങള്‍ കരുതുന്നു,” യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു.

ജെ.പി.സി.ഒ.എ കരാറിലേക്ക് തിരികെ എത്താന്‍ ഇറാന്‍ സ്വീകരിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളെക്കുറിച്ചായിരിക്കും പ്രധാനമായും ചര്‍ച്ച നടക്കുക എന്നാണ് നെഡ് പ്രൈസ് അറിയിച്ചത്. എന്നാല്‍ ഇറാന് ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം നീക്കുക എന്നതായിരിക്കണം യോഗത്തിന്റെ പ്രധാന അജണ്ടയെന്നാണ് ഇറാന്‍ ആവശ്യപ്പെടുന്നത്.

യോഗത്തിന്റെ അജണ്ടയില്‍ പോലും കൃത്യമായ ധാരണയിലെത്താന്‍ സാധിക്കാത്ത പശ്ചാത്തലത്തില്‍ ആസ്ട്രിയയിലെ വിയന്നയില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ നേരിട്ട് ചര്‍ച്ചയുണ്ടാകില്ല എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഇരുരാജ്യത്തന്റെയും പ്രതിനിധികള്‍ വിയന്നയില്‍ എത്തുമെങ്കിലും നേരിട്ടുള്ള ചര്‍ച്ചകള്‍ നടന്നേക്കില്ല എന്നാണ് സൂചനകള്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: US ‘open’ to direct talks with Iran at meeting on nuclear deal