[]ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ വനിത സിംഗിള്‍സ് ഫൈനലില്‍ ബെലാറസിന്റെ രണ്ടാം സീഡ് വിക്‌ടോറിയ അസരങ്കെയും അമേരിക്കന്‍ താരം സെറീന വില്യംസും ഏറ്റുമുട്ടും. []
സെമിയില്‍ ഇറ്റലിയുടെ ഫാവിയ പനേറ്റയേയെയാണ് അസരെങ്ക തോല്‍പ്പിച്ചത്. സ്‌കോര്‍ 6-4, 6-2. മറ്റൊരു സെമിയില്‍ ചൈനക്കാരി ലീനായെ സെറീന വില്യംസ് തോല്‍പ്പിച്ചു, സ്‌കോര്‍ 6-0, 6-3.
കഴിഞ്ഞവര്‍ഷവും സെറീനയും അസറെങ്കയും തമ്മിലായിരുന്നു ഫൈനല്‍. കഴിഞ്ഞ വര്‍ഷം അസറെങ്കയും സെറീനയും ഏറ്റുമുട്ടിയപ്പോള്‍ ജയം സെറീനയ്ക്കായിരുന്നു.
ഇത്തവണയും വിജയം ആവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പില്‍ സെറീനയും പുതിയ വിജയം കൊയ്യാനുള്ള തയ്യാറെടുപ്പില്‍ അസരങ്കെയും നേര്‍ക്കുനേര്‍ പോരാടും.
ആദ്യ സെറ്റില്‍ സെറീനയുടെ കരുത്തിനു മുന്നില്‍ ചൈനീസ് താരമായ ലീനായ്ക്ക് പിടിച്ചുനില്‍ക്കാനായില്ല. രണ്ടാംസെറ്റില്‍ മൂന്നു ഗെയിം നേടാനേ അവര്‍ക്കായുള്ളൂ.
6-0ത്തിന് ആദ്യ സെറ്റും 6-3ന് രണ്ടാം സെറ്റും നേടി സെറീന ഫൈനലില്‍ കടന്നു.
ഇറ്റലിയുടെ ഫാവിയ പെനേറ്റയെ അസരങ്കെ ആദ്യമേ തളച്ചു. ആദ്യസെറ്റ് കുറച്ച് കടുത്തെങ്കിലും 6-4ന് അസരങ്കെ ആദ്യ സെറ്റ് നേടി. എന്നാല്‍ രണ്ടാം സെറ്റില്‍ കാര്യങ്ങള്‍ കുറച്ചുകൂടി അനായാസമായിരുന്നു. 6-2ന് രണ്ടാംസെറ്റ് നേടി അസരങ്കെ ഫൈനലിലെത്തി.
ഇന്ന് നടക്കുന്ന പുരുഷ സിംഗിള്‍സ് സെമിഫൈനല്‍ മത്സരങ്ങളില്‍ നൊവ്ക് ദ്യോക്കോവിച്ച് സ്റ്റാനിസ്‌ലാസ് വാവറിംഗയെയും റാഫേല്‍ നദാല്‍ റിച്ചാര്‍ഡ് ഗാസ്‌ക്കറ്റിനെയും നേരിടും.