യു.എസ് ഓപ്പണ്‍ ഫൈനലിനിടെ അച്ചടക്കം ലംഘിച്ചെന്ന് കാണിച്ച് സെറീന വില്യംസിന് 17000 ഡോളര്‍ (ഏകദേശം 12.26 ലക്ഷം രൂപ) പിഴ ചുമത്തി. മൂന്ന് കുറ്റങ്ങളാണ് സെറീനയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. അംപയര്‍ക്കെതിരെ മോശം വാക്കുകള്‍ ഉപയോഗിച്ചതിന് 10000 ഡോളറും മത്സരത്തിനിടെ കോച്ച് ഇടപെട്ടതിന് 4000 ഡോളറും റാക്കറ്റ് എറിഞ്ഞ് പൊട്ടിച്ചതിന് 3000വുമാണ് പിഴയിട്ടിരിക്കുന്നത്.
സെറീന വില്യംസ്-നവോമി ഒസാക്ക യു.എസ് ഓപ്പണ്‍ ഫൈനലിനിടെ കോര്‍ട്ടില്‍ നാടകീയരംഗങ്ങളായിരുന്നു അരങ്ങേറിയത്. ഫൈനലിനിടെ സെറീനക്ക് പരിശീലകന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ടെന്ന് കാണിച്ച് ചെയര്‍ അംപയര്‍ കാര്‍ലോസ് റാമോസ് മുന്നറിയിപ്പ് നല്‍കിയതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്.
Read Also : കള്ളപ്പണം വെളുപ്പിച്ച കേസ്: ബി.ജെ.പി മുന്‍ എം.എല്‍.എ അറസ്റ്റില്‍
രണ്ടാം സെറ്റില്‍ തിരിച്ചുവരാന്‍ സെറീന ശ്രമിക്കുന്നതിനിടെയായിരുന്നു ഇത്. അംപയറുടെ ഇടപെടലിനെതിരെ സെറീന ശക്തമായി പ്രതിഷേധിച്ചു. കള്ളത്തരം കാണിക്കുന്നതിനേക്കാള്‍ നല്ലത് തോല്‍ക്കാനാണ് തനിക്കിഷ്ടമെന്നു വരെ സെറീന പറഞ്ഞു.
രണ്ടാം സെറ്റില്‍ 3-1ന് മുന്നിട്ട് നിന്നിരുന്ന സെറീന അസ്വസ്ഥയായി. തുടര്‍ച്ചയായി പിഴവുകള്‍ വരുത്തിയതോടെ ദേശ്യപ്പെട്ട് റാക്കറ്റ് വലിച്ചെറിഞ്ഞു. ഇതോടെ രണ്ടാം മുന്നറിയിപ്പ് നല്‍കിയ അംപയര്‍ ഒരു പോയിന്റെ കുറക്കുകയും ചെയ്തു. ഇതോടെ കൂടുതല്‍ സെറീന കൂടുതല്‍ ദേഷ്യപ്പെട്ട് നിങ്ങള്‍ കള്ളനാണെന്നും മാപ്പുപറയണമെന്നും അംപയറോട് പറഞ്ഞു. പെനല്‍റ്റി പോയിന്റുകളില്‍ ഗെയിം നഷ്ടമായ സെറീന 5-3ന് പുറകിലാവുകയും ഒസാകയുടെ വിജയം ഒരു പോയിന്റ് മാത്രം ദൂരെയാവുകയും ചെയ്തു.
എന്നാല്‍ അംപയറുടെ നടപടിയെ കൂവലോടെയാണ് കാണികള്‍ വരവേറ്റത്. മത്സരത്തിനു ശേഷം അംപയര്‍ക്ക് കൈ കൊടുക്കാനും സെറീന നിന്നില്ല.
അതേസമയം പുരസ്‌കാരദാനചടങ്ങില്‍ ഒസാക്കയെ അഭിനന്ദിക്കാനും സെറീന മറന്നില്ല. ഒസാക്കയുടെ ആദ്യ ഗ്രാന്‍സ്ലാം കിരീടമാണിതെന്നും കൂവലോടെയല്ല കാണികള്‍ ആഘോഷിക്കേണ്ടതെന്നും സെറീന പറഞ്ഞു. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഒസാക്കയുടെ ജയം. സ്‌കോര്‍ 6-2,6-4.
ഗ്രാന്‍ഡ്സ്ലാം നേടുന്ന ആദ്യ ജപ്പാന്‍ താരമെന്ന റെക്കോഡും ഒസാക്ക സ്വന്തമാക്കി. 24-ാം ഗ്രാന്‍സ്ലാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ സെറീനക്ക് ജയിച്ചിരുന്നെങ്കില്‍ മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോര്‍ഡിനൊപ്പമെത്താനാകുമായിരുന്നു.
അംപയര്‍മാര്‍ക്കെതിരെ നിരവധി പുരുഷ താരങ്ങള്‍ പ്രതികരിക്കാറുണ്ടെങ്കിലും അവര്‍ക്കെതിരെയൊന്നും ഇത്തരം നടപടികളുണ്ടായിട്ടില്ലെന്ന് സെറീന പറഞ്ഞു.