| Saturday, 29th January 2022, 3:41 pm

ഉക്രൈന് സമീപത്തെ റഷ്യന്‍ പട്ടാളക്യാമ്പിലേക്ക് രക്തം എത്തിക്കുന്നു; പുതിയ ആക്രമണത്തിനുള്ള നീക്കമാകാമെന്ന് വിലയിരുത്തല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോസ്‌കോ: റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തിന്റെ വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെ ഉക്രൈന് സമീപത്തേക്ക് റഷ്യ ബ്ലഡ് സപ്ലൈ വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട്.

ഉക്രൈന് സമീപമുള്ള റഷ്യയുടെ മിലിറ്ററി ബില്‍ഡ് അപ്പിന് സമീപത്തേക്കാണ് രക്തവും മറ്റ് മെഡിക്കല്‍ ഉല്‍പന്നങ്ങളും സപ്ലൈ ചെയ്യുന്നത് വര്‍ധിപ്പിച്ചിരിക്കുന്നത്. യു.എസ് ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

മെഡിക്കല്‍ ഉല്‍പന്നങ്ങള്‍ പ്രദേശത്തേക്ക് എത്തിക്കുന്നത് അത്യാഹിത സാഹചര്യം മുന്നില്‍ കണ്ടാണെന്നും റഷ്യ ഒരു യുദ്ധസമാനമായ സാഹചര്യത്തിലേക്ക് നീങ്ങുന്നതിന് ലക്ഷ്യമിടുന്നുണ്ടെന്നുമാണ് പുറത്തുവരുന്ന ഈ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മെഡിക്കല്‍ ഉല്‍പന്നങ്ങള്‍ എത്തിച്ച് മിലിറ്ററിയെ ശക്തിപ്പെടുന്നതിനുള്ള റഷ്യയുടെ ഈ നീക്കം ഉക്രൈന്‍ അധിനിവേശ പദ്ധതിയുമായി രാജ്യം ശക്തമായി മുന്നോട്ട് പോകുന്നുണ്ട് എന്നതിന്റെ സൂചനയാണെന്നാണ് വിലയിരുത്തല്‍.

റഷ്യയില്‍ നിന്നും ഉക്രൈന് നേരെ അപ്രതീക്ഷിത നീക്കങ്ങളുണ്ടായേക്കാമെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും നേരത്തെ രംഗത്തെത്തിയിരുന്നു.

റഷ്യയില്‍ നിന്നും ആക്രമണമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് ബൈഡന്‍ പറഞ്ഞപ്പോള്‍, ഏത് നിമിഷവും, പ്രത്യേകിച്ച് മുന്നറിയിപ്പൊന്നുമില്ലാതെ റഷ്യ പുതിയ അറ്റാക്ക് ലോഞ്ച് ചെയ്യാമെന്നായിരുന്നു ആന്റണി ബ്ലിങ്കന്‍ പ്രതികരിച്ചത്.

നിലവില്‍ ഒരു ലക്ഷത്തിലധികം മിലിറ്ററി ട്രൂപ്പുകളെയാണ് റഷ്യ ഉക്രൈന് സമീപം റിക്രൂട്ട് ചെയ്തിരിക്കുന്നത്.


Content Highlight: US officials Russia moves blood supplies near Ukraine, adding concern

We use cookies to give you the best possible experience. Learn more