| Monday, 12th August 2024, 11:00 am

അധികാരം വിട്ടൊഴിഞ്ഞാല്‍ മഡുറോയ്ക്ക് മാപ്പ് നല്‍കാമെന്ന് യു.എസ്; വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ തന്റെ രാഷ്ട്രീയ അധികാരം എതിരാളിക്ക് കൈമാറിയാല്‍ അമേരിക്ക, മഡുറോയ്ക്ക് മേല്‍ ചുമത്തിയ കേസുകളില്‍ നിന്ന് കുറ്റവിമുക്തനാക്കാമെന്ന് വാഗ്ദാനം ചെയ്തതായി വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട്.

നിലവില്‍ യു.എസില്‍ മഡുറോയ്‌ക്കെതിരെ നാര്‍ക്കോ ടെററിസം-കേസുകള്‍ നിലവിലുണ്ട്. എന്നാല്‍ മഡുറോയുടെ വിശ്വസ്തരുമായി വൈറ്റ് ഹൗസ് നടത്തിയ ചര്‍ച്ചയില്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ച് അധികാരം പ്രതിപക്ഷ നേതാവായ എഡ്മുണ്ടോ ഗോണ്‍സാലസിന് കൈമാറിയാല്‍ ഈ കുറ്റങ്ങളില്‍ മാപ്പ് നല്‍കാം എന്നറിയിച്ചതായാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞമാസം നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ 51.2% വോട്ടുകള്‍ നേടിയാണ്  ഇടതുപക്ഷ നേതാവായ മഡുറോ മൂന്നാമതും അധികാരത്തില്‍ എത്തിയത്. പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണയുള്ള എഡ്മുണ്ടോ ഗോണ്‍സാലസ് 44.2% വോട്ടുകളും നേടി.

എന്നാല്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപിച്ച് ഗോണ്‍സാലസിന്റെ കൂട്ടാളികള്‍ രംഗത്തെത്തിയിരുന്നു. കൂടാതെ വെനസ്വേലയുടെ പ്രസിഡന്റായി യു.എസ് ഔദ്യോഗികമായി അംഗീകരിച്ചത് ഗോണ്‍സാലസിനെ ആയിരുന്നു.

2020ല്‍ മഡുറോയ്‌ക്കെതിരെ 12ലധികം കേസുകളിലാണ് യു.എസ് നീതി ന്യായ വകുപ്പ് കുറ്റപത്രം ചുമത്തിയിരിക്കുന്നത്. ഇതില്‍ നാര്‍ക്കോ-ടെററിസവും ഉള്‍പ്പെട്ടിരുന്നു. മഡുറോയെപ്പറ്റി വിവരം നല്‍കുന്നവര്‍ക്ക് 15 മില്ല്യണ്‍ ഡോളര്‍ പാരിതോഷികവും യു.എസ് ഗവണ്‍മെന്റ് പ്രഖ്യാപിച്ചിരുന്നു.

മഡുറോയോട് അനുഭാവം പുലര്‍ത്തുന്ന ബ്രസീല്‍, മെക്‌സികോ, കൊളംബിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇടത് ഗവണ്‍മെന്റുമായി ചേര്‍ന്ന് മഡുറോയെ ഈ ‘അമേരിക്കന്‍ ഡീല്‍’ സമ്മതിപ്പിക്കാന്‍ യു.എസ് ഔദ്യോഗിക വൃത്തങ്ങള്‍ ശ്രമം തുടരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അധികാരം വിട്ടൊഴിയുന്ന സാഹചര്യത്തില്‍ മഡുറോയ്ക്ക് വേണ്ട സുരക്ഷ യു.എസ് ഒരുക്കി നല്‍കുമെന്നും വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇതാദ്യമായല്ല മഡുറോയെ താഴെയിറക്കാനുള്ള ശ്രമങ്ങള്‍ക്ക് യു.എസ് നേതൃത്വം കൊടുക്കുന്നത്. കഴിഞ്ഞ തവണ ഒരു ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് മഡുറോയ്‌ക്കെതിരെ സാമ്പത്തിക ഉപരോധം കൊണ്ടുവരാന്‍ യു.എസ് ശ്രമിച്ചിരുന്നു. കൂടാതെ 2019ല്‍ താല്‍ക്കാലിക പ്രസിഡന്റായി യു.എസ് ജുവാന്‍ ഗ്വാഡിയോയെ നിയമിച്ചിരുന്നു.

എന്നാല്‍ യു.എസിന്റെ ഈ ശ്രമം വിജയിക്കാന്‍ സാധ്യതയില്ലെന്നാണ് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷവും ഖത്തറിന്റെ നേതൃത്വത്തില്‍ സമാന ചര്‍ച്ചകള്‍ യു.എസ് മുമ്പോട്ട് വെച്ചിരുന്നു. എന്നാല്‍ അത് വിജയിച്ചിരുന്നില്ല.

ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലിരിക്കുമ്പോള്‍ വെനസ്വേലയുടെ എണ്ണ വ്യവസായത്തിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ബൈഡന്‍ ഭരണകൂടം ഇത് എടുത്ത് മാറ്റി.

Content Highlight: US offering Maduro ‘Amnesty’

Latest Stories

We use cookies to give you the best possible experience. Learn more